കണക്കുകൾ പറയുന്നു, അനുവിനാണ് ഒളിമ്പിക് യോഗ്യത വേണ്ടത്
കണക്കുകൾ പറയുന്നു, അനുവിനാണ് ഒളിമ്പിക് യോഗ്യത വേണ്ടത്
Monday, July 18, 2016 12:18 PM IST
<ആ>സ്പോർട്സ് ലേഖകൻ

കോട്ടയം: സമീപകാല പ്രകടനങ്ങൾ കണക്കിലെടുത്താൽ ഇന്ത്യയുടെ 4–400 ഒളിമ്പിക് റിലേ ടീമിൽ ഇടം നേടാൻ അശ്വിനി അക്കുഞ്ജിയേക്കാൾ യോഗ്യത മലയാളി താരം അനു രാഘവന്. എന്നിട്ടുമെന്തേ മുമ്പ് ഉത്തേജകമരുന്നുപയോഗത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തുകയും പിന്നീട് വിലക്കിൽനിന്നു മോചിതയാകുകയും ചെയ്ത അശ്വിനി അക്കുഞ്ജിയെ ടീമിൽ ഉൾപ്പെടുത്തിയത്? അത്ലറ്റിക് ടീം സെലക്ഷനിൽ സ്വാധീന ഘടകമാകുന്നത് ഇപ്പോഴും മറ്റെന്തൊക്കെയേ ആണെന്ന സൂചനയിലേക്കാണ് ഈ സംഭവവും വിരൽ ചൂണ്ടുന്നത്. തന്നെ ടീമിൽ ഉൾപ്പെടുത്താത്ത അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരേ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി മെഡലുകൾ സ്വന്തമാക്കിയ അനു രാഘവൻ നിയമനടപടിക്കൊരുങ്ങുകയാണ്. ഫെഡറേഷന്റെ നടപടിയെ ചോദ്യം ചെയ്ത് അനു ഇന്ന് കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യും.

<ആ>സംഭവം ഇങ്ങനെ

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ഏഷ്യൻ ഗെയിംസിലടക്കം നമുക്ക് മെഡലുകൾ ലഭിച്ച 4–400 മീറ്റർ റിലേ ടീമിൽ ആരൊക്കെയുണ്ട് എന്നത്. പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ നിർമല, ടിന്റു ലൂക്ക, അനിൽഡ തോമസ്, പൂവമ്മ എന്നിവർ ആദ്യ നാലു പേരായി ടീമിലിടം നേടുമെന്നുറപ്പായിരുന്നു.

എന്നാൽ, റിസർവിൽ മറ്റ് മൂന്നു പേരെക്കൂടി കൊണ്ടുപോകാമെന്നിരിക്കേ ആരൊക്കെ ഇടംനേടുമെന്നത് ഏവരിലും ആകാംക്ഷ ജനിപ്പിച്ചു. ജിസ്ന മാത്യു, അശ്വിനി അക്കുഞ്ജി, പ്രിയങ്ക പൻവാർ, അനുരാഘവൻ എന്നിവരായിരുന്നു റിസർവ് ടീമിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേർക്കു കൂടി യോഗ്യത ലഭിക്കുമെന്നാണ് എഫ്ഐ ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിൽനിന്നു മനസിലാകുന്നത്. ജിസ്ന, അശ്വിനി എന്നിവർ എന്തായാലും ടീമിലുണ്ടാകു–മന്നുറപ്പായി. അനുവോ പ്രിയങ്കയോ ഇവരിലൊരാൾ മാത്രമേ ടീമിലെത്തൂ എന്നും ലിസ്റ്റിൽനിന്നു വ്യക്‌തം. എന്നാൽ, അന്തിമ ടീം പ്രഖ്യാപിച്ചപ്പോൾ അനുവും പ്രിയങ്കയും പുറത്ത്. 400 മീറ്റർ വ്യക്‌തിഗത ഇനത്തിൽ യോഗ്യത നേടിയ നിർമല റിലേ ടീമിൽ ഉണ്ടാകണമെന്ന നിയമം നിലനിൽക്കുന്നതുകൊണ്ടാണ് ഇരുവരിൽ ഒരാൾക്കുമാത്രമേ ടീമിലെത്താനാകൂ എന്ന അവസ്‌ഥ സംജാതമായത്. എന്നാൽ, അശ്വിനി അക്കുഞ്ജിയേക്കാൾ മിന്നും പ്രകടനം സ്‌ഥിരമായി പുറത്തെടുത്ത താരമായിരുന്നു അനു രാഘവൻ. എന്നിട്ടും അനു പരിഗണിക്കപ്പെട്ടു. അനുവും കൂടി ടീമിലെത്തിയാൽ മലയാളികളുടെ എണ്ണം നാലാകുമായിരുന്നു.

മുമ്പ് രാജ്യത്തെ കായികരംഗത്തെ ആകെ പിടിച്ചുകുലുക്കിയ ഉത്തേജക മരുന്നുപയോഗത്തിൽ പിടിക്കപ്പെട്ട അശ്വിനി ഇപ്പോഴും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രിയപ്പെട്ടവളാണെന്നാണ് ഇതിൽനിന്നും മനസിലാകുന്നത്. പൂനയിൽ 2013ൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ അശ്വിനിക്കു വേണ്ടി പ്രത്യേകം ട്രയൽവരെ നടത്തിയെന്ന് ആരോപണമുയർന്ന സംഭവവും ഇക്കൂടെ ചേർത്തു വായിക്കാവുന്നതാണ്.


ബെയ്ജിംഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും വുഹാനിൽ നടന്ന ഏഷ്യൻ മീറ്റിലും അനു ടീമിലുണ്ടായിരുന്നു. 400 മീറ്ററിൽ ഏറ്റവും മികച്ച പ്രടനം കാഴ്ചവയ്ക്കുന്നവരെയാണ് റിലേ ടീമിലേക്കു പരിഗണിക്കുന്നത്. ഒളിമ്പിക് യോഗ്യതാ കാലയളവിൽ, അതായത് കഴിഞ്ഞ വർഷം മേയ് മുതൽ ഈ വർഷം ജൂലൈ 14 വരെയുള്ള പ്രധാനപ്പെട്ട ഏഴു മീറ്റുകളിൽ 400 മീറ്ററിൽ അനു മത്സരിച്ചു. ഭൂരിഭാഗം മീറ്റുകളിലും അനുവാണ് അശ്വിനിയേക്കാൾ മികച്ച സമയം കണ്ടെത്തിയത്.

അശ്വിനിയാകട്ടെ, ഇതിൽ ഒരു അനൗദ്യോഗിക ഓട്ടം ഉൾപ്പെടെ നാലെണ്ണത്തിൽ മാത്രമാണ് പങ്കെടുത്തത്. ഏപ്രിലിൽ ഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ അശ്വിനി 400 മീറ്റർ ഓടിയെത്തിയത് 55.2 സെക്കൻഡിലാണെങ്കിൽ അനു എത്തിയത് 54.3 സെക്കൻഡിലായിരുന്നു. തൊട്ടുപിന്നാലെ നടന്ന ഫെഡറേഷൻ കപ്പിൽ അശ്വിനി ഓടിയില്ല. അപ്പോഴും അനു 53.54 സെക്കൻഡിൽ മികച്ച പ്രകടനം തുടർന്നു. തുർക്കിയിൽ നടന്ന ഒരു മീറ്റിൽ മാത്രമാണ് അനുവിനേക്കാൾ മെച്ചപ്പെട്ട പ്രകടനം അശ്വിനി നടത്തിയത്. പോളണ്ടിൽ നടന്ന മീറ്റിൽ അനു 53.72 ചെയ്തപ്പോൾ അശ്വിനി 53.70 ആണ് ചെയ്തത്. ഒടുവിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിലും അനു 53.88 സെക്കൻഡിൽ ഓടി. എന്നാൽ, അശ്വിനിയാകട്ടെ ഇവിടെ പങ്കെടുത്തുമില്ല.

ഇരുവരും തമ്മിലുള്ള താര–മ്യം ഇങ്ങനെയെന്നിരിക്കേ എന്തുകൊണ്ട് അനുവിനെ ഒഴിവാക്കി അശ്വിനിയെ ടീമിൽ ഉൾപ്പെടുത്തി എന്നത് ദുരൂഹമായിരിക്കുകയാണ്.

<ആ>നിരാശയോടെ അനു

ഒളിമ്പിക് ടീമിൽ ഉണ്ടാകുമെന്ന് പകൽ പോലെ ഉറച്ചു വിശ്വസിച്ചിരുന്നുവെന്ന് അനു ദീപികയോടു പറഞ്ഞു. വീട്ടിലും നാട്ടിലുമൊക്കെ ഏവരും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ, മികച്ച പ്രകടനം നടത്തിയിട്ടും താൻ ടീമിലില്ല എന്നത് വളരെ നിരാശയുണ്ടാക്കി. ഇനിയൊരു അത്ലറ്റിനും ഇത്തരത്തിൽ ഒരു ഗതി വരരുതെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് അനു പറഞ്ഞു. ടീമിലെത്താൻ തനിക്ക് യോഗ്യതയുണ്ടെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നതായും അനു കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.