ഒളിമ്പിക് വില്ലേജിൽ താമസിക്കാൻ കൊള്ളില്ലെന്ന്
ഒളിമ്പിക് വില്ലേജിൽ താമസിക്കാൻ കൊള്ളില്ലെന്ന്
Monday, July 25, 2016 11:09 AM IST
റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിനെതിരേ പരാതിയുമായി ഓസ്ട്രേലിയൻ ടീം. വില്ലേജ് താമസയോഗ്യമല്ലെന്നും വില്ലേജ് ബഹിഷ്കരിക്കുമെന്നും ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി മേധാവി കിറ്റി ചില്ലർ പ്രതികരിച്ചു. വില്ലേജിൽ ലഭിക്കുന്നത് മലിനജലമാണ്. മുറികളിൽ വയറിംഗ് ശരിയായി നടത്തിയിട്ടില്ല. ഇതിനാൽ താരങ്ങൾക്ക് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. താരങ്ങളുടെ സുരക്ഷാകാര്യത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സൗകര്യം ഉണ്ടാകുന്നതുവരെ ഓസ്ട്രേലിയൻ താരങ്ങൾ ഹോട്ടലിൽ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ന്യൂസിലൻഡും ബ്രിട്ടനും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും കിറ്റി ചില്ലർ പറഞ്ഞു. അതേസമയം, വില്ലേജിന് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്ന് റിയോ മേയർ എഡ്വാർഡോ പയസ് അറിയിച്ചു. വേണമെങ്കിൽ ഓസ്ട്രേലിയൻ ടീം താമസിക്കുന്ന മുറിക്കു പുറത്ത് ഒരു കങ്കാരുവിനെ കൊണ്ടുവന്നു നിർത്താമെന്നും അങ്ങനെയെങ്കിൽ ഇതവർക്ക് സ്വന്തം വീടുപോലെ അനുഭവപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. 2000ൽ സിഡ്നിയിൽ ഒരുക്കിയ സൗകര്യത്തേക്കാൾ മികച്ചതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലൻഡ് താരങ്ങളും വില്ലേജിന്റെ ശോചനീയാവസ്‌ഥയ്ക്കെതിരേ രംഗത്തെത്തി. ഇരുവരും ഐഒസിക്കു പരാതിയും നൽകിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് വില്ലേജ് താരങ്ങൾക്കായി തുറന്നുകൊടുത്തത്. 1500 കോടി ഡോളർ മുതൽ മുടക്കിയാണ് 31 കെട്ടിടങ്ങളുള്ള ഒളിമ്പിക് വില്ലേജ് പണികഴിപ്പിച്ചത്. 3600 അപ്പാർട്ട്മെന്റുകളാണ് ആകെയുള്ളത്. 18000 അത്ലറ്റുകൾക്ക് ഒരേസമയം താമസിക്കാം. ടെന്നീസ് കോർട്ട്, ഫുട്ബോൾ മൈതാനങ്ങൾ, ഏഴു നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം വില്ലേജിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.