ജിസ്നയുടെ കുരുന്നു കനവുകൾ
ജിസ്നയുടെ കുരുന്നു കനവുകൾ
Monday, July 25, 2016 11:09 AM IST
<ആ>ബിജോയി ജോസഫ്

കോഴിക്കോട്: പരിമിതികൾ കരുത്താക്കി, ഇച്ഛാശക്‌തി ഇന്ധനമാക്കി ജിസ്ന കുതിക്കുന്നു, ഇന്ത്യൻ ഒളിമ്പിക് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി റിയോയിലേക്ക്. 4–400 മീറ്റർ റിലേ ടീമിന്റെ ഭാഗമായതോടെയാണ് ജിസ്ന മാത്യുവിന്റെ ആദ്യ ഒളിമ്പിക്സ് സ്വപ്നം പൂവണിയുന്നത്. 17 വയസും ആറു മാസവും പ്രായമുള്ളപ്പോഴാണ് ജിസ്നയുടെ ഒളിമ്പിക്സ് യാത്ര. പി.ടി. ഉഷയ്ക്കുശേഷം ഇന്ത്യയിൽനിന്ന് ഒളിമ്പിക്സിന് പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവും ജിസ്നയാണ്.

400 മീറ്ററിൽ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ജിസ്ന മികച്ച റിലേ റണ്ണർ എന്ന പേരും സ്വന്തമാക്കിയിരിക്കുന്നു. ഒളിമ്പിക്സിനു മുന്നോടിയായി പോളണ്ടിൽ നടക്കുന്ന ലോക ജൂണിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള സൗഭാഗ്യവും ജിസ്നയെത്തേടിയെത്തി.

കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ് ബക്കിരിമല യിലെ കൊഴുവേലിൽ മാത്യൂസ്–ജെസി ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളായ ജിസ്നയുടെ വിജയക്കുതിപ്പിന് പിന്നിൽ കഠിനാധ്വാനം ഒന്നുമാത്രമാണ്. സ്കൂൾ തലത്തിൽ വലിയനേട്ടങ്ങൾ സ്വന്തമാക്കാനാകാത്ത ജിസ്ന അറിയപ്പെടുന്ന കായിക താരമായതിനുപിന്നിൽ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ പ്രവേശനവും പി.ടി. ഉഷയുടെ ശിക്ഷണവുമാണ്.

ചേച്ചിയും കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിൽ സഹോദരിയെ നഷ്‌ടപ്പെട്ട് മാനസികമായി തളർന്നിരിക്കുന്ന സമയത്താണ് ജിസ്നയുടെ ഉഷ സ്കൂൾ പ്രവേശനം. സ്പ്രിന്റർ എന്ന നിലയിൽ ജിസ്നയുടെ പ്രതിഭ തിരിച്ചറിഞ്ഞ പി.ടി. ഉഷ എന്ന പരിശീലകയാണ് തന്റെ ഇന്നുള്ള വിജയങ്ങൾക്കെല്ലാം പിന്നിലെന്ന് ജിസ്ന അഭിമാനത്തോടെ ഓർമിക്കുന്നു. 2011ലായിരുന്നു കായിക രംഗത്തേക്കുള്ള ജിസ്നയുടെ പ്രധാന ചുവടുവയ്പ്. 100 മീറ്റർ ഓട്ടത്തിൽ തുടങ്ങി 200 മീറ്ററും കഴിഞ്ഞ് 400 മീറ്റർ താരമായി മാറിയിരിക്കുകയാണ് ജിസ്ന. 2014ൽ കായികരംഗത്ത് ശക്‌തമായ സാന്നിധ്യമായി മാറിയ ജിസ്ന 2015ഓടെ അറിയപ്പെടുന്ന യൂത്ത് താരമായി. 2015ൽ ദോഹയിൽ നടന്ന ഏഷ്യൻ യൂത്ത് മീറ്റിലെ വെള്ളിനേട്ടത്തോടെയാണു ജിസ്ന എന്ന കായികതാരത്തെ പുറംലോകം അറിയാൻ തുടങ്ങിയത്. ആദ്യമായി രാജ്യാന്തര മത്സരത്തിൽ പങ്കെടുത്ത ജിസ്ന 53.84 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയപ്പോൾ ഒരു ഇന്ത്യൻ വനിത ഈ വർഷം കുറിച്ച ഏറ്റവും മികച്ച മൂന്നാമത്തെ സമയം കൂടിയായിരുന്നു അത്.


തുടർന്ന് സെപ്റ്റംബറിൽ സമോവയിൽ നടന്ന കോമൺവെൽത്ത് യൂത്ത് മീറ്റിൽ 400 മീറ്ററിൽ വെള്ളി. 53.18 സെക്കൻഡോടെ ഓടിയത്തിയ ജിസ്ന ഇന്ത്യൻ യൂത്ത് റിക്കാർഡ് തന്റെ പേരിൽ കുറിച്ചു. ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലേയിൽ വെള്ളി.

റിലേയിലെ വെള്ളിനേട്ടം ജിസ്നയുടെ കായികരംഗത്തെ മറക്കാനാകാത്ത ഒന്നായി രുന്നു. മെഡൽ കിട്ടി എന്നതു മാത്രമല്ല, ടിന്റുവും പൂവമ്മയും പോലുള്ള സീനിയർ അത്ലറ്റുകൾക്കൊപ്പം ഓടാനായതും മികച്ച അനുഭവമായിരുന്നെന്ന് ജിസ്ന ഓർക്കുന്നു.

തുടർന്നിങ്ങോട്ട് കായികരംഗത്ത് ജിസ്നയുടെ കുതിപ്പിന്റെ നാളുകളായിരുന്നു. ഈ വർഷം കോഴിക്കോട്ടു നടന്ന സംസ്‌ഥാന സ്കൂൾ കായികമേളയിലെ താരമായിരുന്നു ജിസ്ന. പങ്കെടുത്ത മൂന്നു വ്യക്‌തിഗത ഇനങ്ങളിലും മീറ്റ് റിക്കാർഡോടെ സ്വർണം. 4–400 മീറ്റർ റിലേയിൽ കോഴിക്കോട് ടീമിന്റെ വിസ്മയ പ്രകടനത്തിന്റെ കുന്തമുന. 4–100 മീറ്റർ റിലേയിൽ വെള്ളി. 100 മീറ്ററിൽ 12.08 സെക്കൻഡ്, 200 മീറ്ററിൽ 24.76 സെക്കൻഡ്, 400 മീറ്ററിൽ 53.87 സെക്കൻഡ്. ഇതായിരുന്നു ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജിസ്നയുടെ മിന്നുന്ന പ്രകടനങ്ങൾ.

സീനിയർ ഫെഡറേഷൻ മീറ്റിൽ 53.57 സെക്കൻഡ് പ്രകടനത്തോടെയായിരുന്നു ഈ വർഷത്തെ ജിസ്നയുടെ തുടക്കം. ഇന്റർസ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റിൽ 53.14 സെക്കൻഡോടെ വെള്ളി നേടിയ ജിസ്ന 400 മീറ്ററിൽ സീനിയർ താരങ്ങളായ അനിൽഡ, പൂവമ്മ എന്നിവർക്ക് പിറകിൽ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ താരവുമായി മാറി. കഴിഞ്ഞ ജൂണിൽ വിയറ്റ്നാമിലെ ഹോച്ചിംഗ് സിറ്റിയിൽ നടന്ന ജൂണിയർ അത്ലറ്റിക് മീറ്റിൽ 53.27 സെക്കൻഡിൽ 400 മീറ്ററിൽ ജിസ്ന സ്വർണം നേടി. മീറ്റിൽ 4–400 മീറ്റർ റിലേയിൽ ഇന്ത്യയുടെ സ്വർണനേട്ടവും ജിസ്നയുടെ മികച്ച പ്രകടനത്തിലായിരുന്നു. ജിസ്നയുടെ പ്രകടനത്തിൽ പരിശീലക പി.ടി. ഉഷയ്ക്ക് പൂർണ സംതൃപ്തിയാണ്. കഠിനാധ്വാനത്തിന് മടിയില്ലാത്ത ജിസ്നയ്ക്ക് ഒളിമ്പിക്സ് പ്രവേശനം മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുമെന്ന് ഉഷ പറഞ്ഞു.

മികച്ച റിലേ റണ്ണറാണെന്നുള്ള കണ്ടെത്തലാണ് ഒളിമ്പിക്സിനുള്ള റിലേ ടീമിൽ ജിസ്നയുടെ സ്‌ഥാനം ഉറപ്പിച്ചത്. പരീശീലകയ്ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽതന്നെയാണ് ജിസ്നയും. വരും വർഷങ്ങളിൽ ജിസ്ന ഇന്ത്യക്ക് അഭിമാനമാകുമെന്നു നിസംശയം പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.