നർസിംഗ് യാദവിനെ പിന്തുണച്ച് യോഗേശ്വർ ദത്ത്
നർസിംഗ് യാദവിനെ പിന്തുണച്ച് യോഗേശ്വർ ദത്ത്
Tuesday, July 26, 2016 11:49 AM IST
ന്യൂഡൽഹി: ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം നർസിംഗ് യാദവിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത് രംഗത്തെത്തി. നർസിംഗ് ഒരിക്കലും അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കില്ലെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദത്ത് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ സമഗ്രമായി റിയോയിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഉത്തേജക പരിശോധനയിൽ നർസിംഗ് പരാജയപ്പെടുന്നത്. നർസിംഗിനു പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദർജിത് സിംഗുകൂടി പരിശോധനയിൽ പരാജയപ്പെട്ടത് ഇന്ത്യക്കു കനത്ത പ്രഹരമാണേൽപ്പിച്ചത്. അതിനിടെ തന്നെ ഉത്തേജകമരുന്നു പരിശോധനയിൽ കുടുക്കിയതിനു പിന്നിൽ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു പ്രമുഖനു ബന്ധമുണ്ടെന്ന് നർസിംഗ് ആരോപിച്ചു.


നിരോധിത മരുന്ന് ഭക്ഷണത്തിൽ കലർത്തി ആരോ തനിക്കു നൽകുകയായിരുന്നെന്നും, ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും നർസിംഗ് വാദിച്ചിരുന്നു. സായിയിൽ നർസിംഗിന്റെ പരിശീലന പങ്കാളിയായിരുന്ന സന്ദീപ് തുൾസി യാദവിന്റെയും രക്‌തത്തിൽ ഇതേ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മുമ്പ് ഇന്ത്യൻ ഗുസ്തി ഫെഡറേഷനും നർസിംഗിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താരത്തിനെതിരേയുള്ള അട്ടിമറിശ്രമമാണിതെന്നായിരുന്നു ഫെഡറേഷന്റെ ആരോപണം. കായിക മന്ത്രാലയ വും ഉന്നത ഗവൺമെന്റ് ഉദ്യോഗസ്‌ഥരും ഇന്നു ചേരുന്ന സമിതി ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.