ഗോപിയുടെ സ്വപ്നങ്ങൾക്കു സ്വർണ നിറം
ഗോപിയുടെ സ്വപ്നങ്ങൾക്കു സ്വർണ നിറം
Wednesday, July 27, 2016 11:51 AM IST
കൽപ്പറ്റ: വയനാടിന്റെ പച്ചപ്പിൽ നിന്നും റിയോയിലെ ഒളിമ്പിക് നഗരത്തിലേക്കു പറന്നിറങ്ങാൻ തയാറെടുക്കുന്ന ഗോപി എന്ന 27കാരന്റെ സ്വപ്നങ്ങൾക്കു സ്വർണനിറമാണ്. വയനാട് ജില്ലയിലെ ആദിവാസിവിഭാഗത്തിൽനിന്ന് ആദ്യമായി ഒളിമ്പിക്സിനായി ഒരുങ്ങുന്ന ഗോപിക്ക് കരുത്തായി കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഊർജം കൂടിയുണ്ട്. സ്കൂൾ തലങ്ങളിൽ തന്റെ സ്വപ്നങ്ങൾക്കു വേഗം പകർന്നു കൂടെനിന്ന നാടിനും കോച്ച് വിജയി ടീച്ചർക്കും ഒരു ഒളിമ്പിക് മെഡൽ എന്ന മറുപടിയാണു ഗോപിയുടെ ലക്ഷ്യവും. സുൽത്താൻ ബത്തേരി കാക്കവയൽ സ്കൂൾ മൈതാനത്തുനിന്നാണു തോന്നയ്ക്കൽ ഗോപി എന്ന ഇന്ത്യയുടെ മികച്ച മാരത്തൺ താരം ഓട്ടം തുടങ്ങിയത്.

വർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന മുംബൈ മാരത്തണിൽ പേസ് സെറ്റർ ആയി ഓടിയ ഗോപി, നിന്നത് റിയോ സ്വപ്നങ്ങളിലാണ്. അന്ന് ആർമി സ്പോർട്സ് അക്കാഡമിയിൽ പരിശീലനം നടത്തിവന്നിരുന്ന ഈ പട്ടാളക്കാരനു മുംബൈ മാരത്തണിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് ‘പേസ് സെറ്റർ’ (സഹായി) ആയി ഓടാനായിരുന്നു കോച്ച് നിർദേശം നൽകിയത്. 30 കിലോമീറ്ററായിരുന്നു പേസ് സെറ്റർ ഓടേണ്ട ദൂരം. എന്നാൽ, ഈ ദൂരം മികച്ച നിലയിൽ ഫിനിഷ് ചെയ്തതോടെ മാരത്തൺ പൂർത്തിയാക്കാൻ കോച്ച് അവസരം നൽകി. രണ്ട് മണിക്കൂർ 16 മിനിറ്റ് 15 സെക്കൻഡിൽ രണ്ടാമതായെത്തി. ഇതാണ് ഗോപിയെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അർഹമാക്കിയ പ്രകടനം.

സ്കൂൾതലത്തിൽ 200, 400 മീറ്ററുകളായിരുന്നു ഗോപിയുടെ ഇഷ്‌ട ഇനങ്ങൾ. പിന്നീട് ദീർഘദൂര ട്രാക്കിലേക്കു മാറി. 10,000 മീറ്ററിൽ കൂടുതൽ ശ്രദ്ധ നൽകിയ ഗോപി, പതിയെ ഇന്ത്യയുടെ മികച്ച മാരത്തൺ താരമായി മാറുകയായിരുന്നു. ബത്തേരി തോന്നയ്ക്കൽ മൂലങ്കാവ് സ്വദേശികളായ ബാബുവിന്റെയും തങ്കത്തിന്റെയും മകനായ ഗോപിയിലെ കായികപ്രതിഭയെ കണ്ടെത്തിയത് കാക്കവയലിലെ കായികാധ്യാപിക കെ.പി. വിജയി ടീച്ചറാണ്.

ദരിദ്ര കർഷകകുടുംബത്തിൽ ജനിച്ച ഗോപിക്ക് കൃത്യമായി സ്കൂളിലെത്താനോ കായികപരിശീലനം നടത്താനോ സാധിച്ചിരുന്നില്ല. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും സാഹചര്യങ്ങളില്ലാത്തതിനാൽ പരിശീലനം മുടങ്ങരുതെന്ന് തീർച്ചയാക്കിയ ടീച്ചർ, ഗോപിയെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ തന്റെ വീട്ടിൽനിർത്തി പഠിപ്പിക്കുകയായിരുന്നു. ഈ സമയങ്ങളിൽ 800, 1500, 5000, 10,000 മീറ്ററുകളിലൊക്കെ താരം ഒരുകൈ നോക്കിയിരുന്നു. 2004ൽ നടന്ന സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 1500 മീറ്ററിൽ നേടിയ വെങ്കലമാണ് ആദ്യ നേട്ടം.


തുടർന്ന് ഗോഹട്ടിയിലെ ട്രാക്കിൽ 10,000 മീറ്ററിൽ സ്വന്തമാക്കിയ സ്വർണമെഡൽ വരെ നീളുന്നു ആ നീണ്ട നിര.

സംസ്‌ഥാനതലത്തിൽ മികച്ച കായികതാരമായി പേരെടുത്തു കഴിഞ്ഞ ഗോപി, എംജി സർവകലാശാലയ്ക്കു കീഴിൽ നടന്ന അന്തർസർവകലാശാലാ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ബിരുദ പഠനം ഓട്ടക്കാരൻ എന്ന നിലയിൽ ഗോപിക്ക് വലിയ അനുഗ്രഹവുമായി. 2009ൽ പഠനകാലത്തുതന്നെ സ്പോർട്സ് ക്വോട്ടയിൽ പട്ടാളത്തിൽ ജോലിയും ലഭിച്ചു. അവിടെ ആർമി കോച്ച് സുരേന്ദ്ര സിംഗിന്റെ കീഴിലുള്ള പരിശീലനം തന്നിലെ ദീർഘദൂര ഓട്ടക്കാരന്റെ തിളക്കം കൂട്ടിയെന്നു ഗോപി പറയുന്നു. പൂന ആർമി സ്പോർട്സ് അക്കാഡമിയിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായി. ഫെബ്രുവരിയിൽ സാഫ് ഗെയിംസിൽ 10,000 മീറ്ററിൽ റിക്കാർഡോടെ സ്വർണം നേടി.

കഴിഞ്ഞ ഒരുമാസമായി ബംഗളൂരുവിലെ സായി പരിശീലന ക്യാമ്പിലാണ് ഗോപി. വയൽവരമ്പിൽ ഓടിത്തളർന്നുപോകുമായിരുന്ന തന്റെ അരുമ ശിഷ്യൻ ഒളിമ്പിക് ട്രാക്കിലിറങ്ങുമ്പോൾ വിജയി ടീച്ചറുടെ സ്വപ്നംകൂടിയാണു സഫലമാകുന്നത്. ഒളിമ്പിക്സിനായി ഓഗസ്റ്റ് ആറാം തീയതി ഡൽഹിയിൽനിന്നു ബ്രസീലിലേക്കു വിമാനം കയറുമ്പോൾ ഗോപിക്ക് വിജയി ടീച്ചറുടെ പ്രാർഥന തന്നെയാണു പ്രധാന ശക്‌തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.