ഇന്ത്യൻ ഹോക്കിയുടെ മുഖശ്രീ
ഇന്ത്യൻ ഹോക്കിയുടെ മുഖശ്രീ
Thursday, July 28, 2016 1:02 PM IST
<ആ>തോമസ് വർഗീസ്

ഹോക്കിയിലെ മുടിചൂടാമന്നന്മാരായിരുന്ന ഇന്ത്യ പോയകാല പ്രതാപം വീണ്ടെടുക്കാനായി റിയോ ഒളിമ്പിക്സിനായി യാത്രതിരിക്കുമ്പോൾ ഓരോ മലയാളികൾക്കും ഇരട്ടിമധുരം. ഹോക്കിയുടെ രാജാവാകാൻ ഭാരതത്തെ നയിക്കുന്നത് പി.ആർ. ശ്രീജേഷ് എന്ന മലയാളിയാണെന്നത് കേരളീയന്റെ സ്വകാര്യ അഹങ്കാരം. റിയോ ഒളിമ്പിക്സിൽ സുവർണനേട്ടം സ്വന്തമാക്കി ഒളിമ്പിക്സ് വില്ലേജിൽ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്താനായി ശ്രീജേഷും സംഘവും കഠിന പരിശ്രമത്തിലും.

ബംഗളുരുവിൽ തുടർച്ചയായ പരിശീലനം നടത്തിയ ശ്രീജേഷ് ക്യാപ്റ്റനായുള്ള ഇന്ത്യൻ ഹോക്കി സംഘം കഴിഞ്ഞ ശനിയാഴ്ച സ്പെയിനിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഒളിമ്പിക്സിൽ പോരാട്ടം കടുക്കുമെന്നതിനാൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചില സന്നാഹമത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം സ്പെയിനിലേക്കു പോയത്.

ഹോക്കിയോട് അത്ര താത്പര്യമില്ലാത്ത മലയാളികൾക്കിടയിൽ നിന്ന് ഒരാൾ ഇന്ത്യൻ ഹോക്കി ടീമിന്റെ തലപ്പത്തെത്തിയത് തന്നെ കഠിന പ്രയത്നത്തിനുത്തമോദാഹരണം. പോരാട്ടം കൈമുതലാക്കിയ കായികതാരമാണ് ശ്രീജേഷ്. മത്സര ഓട്ടത്തിലും ലോംഗ് ജംപിലും കുട്ടിക്കാലത്ത് പങ്കെടുത്തിട്ടുള്ള ശ്രീജേഷിനു ഹോക്കിയിലേയ്ക്കുള്ള ചുവടുമാറ്റം ഒടുവിൽ സമ്മാനിച്ചത് ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പട്ടവും.

എറണാകുളം കിഴക്കമ്പലത്ത് പി.വി. രവീന്ദ്രന്റെയും ഉഷയുടേയും മകനായ ശ്രീജേഷ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കിഴക്കമ്പലം സെന്റ് ആന്റണീസ് ലോവർ പ്രൈമറി സ്കൂളിൽ നിന്ന്. തുടർന്ന് കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളിലേയ്ക്ക് പഠനം മാറ്റി. കുട്ടിക്കാലത്ത് ഓട്ടത്തിലും ലോംഗ് ജംപിലും പരിശീലനം നടത്തി. തുടർന്നു വോളിബോളിലും അല്പം കൈവച്ചു.

പ്ലസ് ടു പഠനത്തിനായി തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളിലേയ്ക്ക് മാറിയതോടെയാണ് ശ്രീജേഷിന്റെ കായിക തലവര തിരുത്തിക്കുറിക്കപ്പെട്ടത്. ജയകുമാർ എന്ന കായികാധ്യാപകനാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് വഴിതിരിച്ചുവിട്ടത്. വലിയ സ്വപ്നങ്ങൾ കാണുക എന്ന തന്റെ കായികാധ്യാപകന്റെ ആ വാക്കുകൾ ശ്രീജേഷ് മനസിൽ സൂക്ഷിച്ചു. ജി.വി. രാജാ സ്പോർട്സ് സ്കൂൾ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായി കായികാധ്യാപകൻ നിയോഗിച്ചപ്പോൾ സന്തോഷപൂർവം സ്വീകരിച്ചു. ഹോക്കി സ്റ്റിക് കൈയിലേന്തി ഗോൾ വലയം സുരക്ഷിതമായി കാത്ത ശ്രീജേഷിന് കൂടുതൽ പ്രോത്സാഹനവുമായി രമേഷ് കോലപ്പ എന്ന കായികാധ്യാപകൻ കൂടി രംഗത്തെത്തിയതോടെ ശ്രീജേഷ് പിന്നിലേയ്ക്ക് നോക്കേണ്ടി വന്നിട്ടില്ല.

തുടർന്ന് ഹോക്കിയിൽ പ്രഫഷണൽ പരിശീലനം നടത്തി. ബിരുദപഠനത്തിനായി കൊല്ലം ശ്രീനാരായണ കോളജിലാണ് ചേർന്നത്. ഈ കാലയളവിൽ കേരളാ ടീമിനുവേണ്ടി ജഴ്സി അണിഞ്ഞ് ശ്രീജേഷിന്റെ പ്രകടന മികവിനു അംഗീകാരമായി 2004–ൽ ഇന്ത്യൻ ജൂണിയർ ടീമിൽ അംഗമായി. 2008–ൽ ജൂണിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾകീപ്പർ പദവി ഈ മലയാളിയെത്തേടിയെത്തി. തുടർന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ ഗോൾവലയം ശ്രീജേഷിന്റെ കൈകളിലേയ്ക്ക് ഹോക്കി ഇന്ത്യ ഏല്പിച്ചു. 2006–ൽ ദക്ഷിണേഷ്യൻ ഗെയിംസിലാണ് അഡ്രിനാൽ ഡിസൂസ, ഭരത് ഛേത്രി എന്നിവർക്കു പിൻഗാമിയായി ശ്രീ ഇന്ത്യൻ സീനിയർ ടീമിൽ എത്തുന്നത്.


ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്‌ഥാന്റെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടുത്തിട്ട ശ്രീജേഷ് തന്റെ ഗോൾകീപ്പർ പട്ടം അരക്കിട്ട് ഉറപ്പിച്ചു. 2013 ലെ ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പർ പദവിയും ശ്രീജേഷിനെതേടിയെത്തി. ഈ ടൂർണമെന്റിൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. 2014 കോമൺവെൽത്ത് വെള്ളി മെഡൽ നേട്ടത്തിന് അർഹരായ ഭാരത സംഘത്തിൽ ഈ മലയാളിയുണ്ടായിരുന്നു. ലണ്ടൻ സമ്മർ ഒളിമ്പിക്സ്, ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ്, ചാമ്പ്യൻസ് ട്രോഫി, ഹീറോ കപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ര്‌ട മത്സരങ്ങളിൽ ഇന്ത്യൻ ഗോൾവലയം കാത്തത് ഈ മലയാഴിയായിരുന്നു. 2016–ൽ ലണ്ടനിൽ നടന്ന ഹീറോ കപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചത് ശ്രീജേഷിന്റെ മികവിന്റെ കൂടി പിൻബലമായിരുന്നു. തുടർന്ന് 2016 ജൂലൈ 13 ന് ഇന്ത്യൻ ഹോക്കിയുടെ അമരക്കാരനായി സർദാർ സിംഗിൽ നിന്നും ശ്രീജേഷ് ചുമതല ഏറ്റെടുത്തു.

യുവത്വവും പരിചയ സമ്പന്നതയും ഒത്തിണങ്ങിയ ടീമാണ് റിയോയിലേക്ക് വിമാനം കയറുന്നതെന്നു ശ്രീജേഷ് പറഞ്ഞു. ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത എട്ടുപേരാണ് ഇക്കുറി ടീമിലുള്ളത്. അവരോടൊപ്പം പുതുനിര കൂടി മൈതാനത്തിറങ്ങുമ്പോൾ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന ഉത്തമവിശ്വാസമുണ്ട്. ഒത്തിണക്കമാണ് ടീമിന്റെ ടീമിന്റെ കൈമുതൽ. ഏതു വമ്പൻ ടീമിനെയും നേരിടാമെന്ന ആത്മവിശ്വാസം തുടർച്ചയായ മത്സരങ്ങളിലൂടെ സ്വന്തമാക്കാൻ സാധിച്ചതായും ശ്രീജേഷ് കൂട്ടിച്ചേർത്തു.

<ആ>ക്യാപ്റ്റൻസി എങ്ങനെ കാണുന്നു?

ടീമിനു വിജയം സമ്മാനിക്കുക എന്നതാണ് മുഖ്യലക്ഷ്യം. ഒപ്പം ഇതൊരു വെല്ലുവിളി കൂടിയാണ്. മികച്ച പ്രകടനത്തിനായി ടീം അംഗങ്ങളെ എല്ലാവരേയും ഒത്തൊരുമിച്ചു കൊണ്ടുപോവുക. ഒപ്പം ഗോൾ വലയത്തിനുള്ളിൽ മികച്ച പ്രകടനം നടത്തുക ഇതാണ് പ്രധാന ലക്ഷ്യം. സർദാർ സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന കളിക്കാരിൽ നിന്നും ജൂണിയർ കളിക്കാരിൽ നിന്നും അഭിപ്രായങ്ങൾ കേട്ടാണ് ടീമിന്റെ പരിശീലനം ഉൾപ്പെടെയുള്ളവ നടത്തുന്നത്. ഒത്തിണക്കവും പോരാട്ടവീര്യവും അതാണ് ടീം ഇന്ത്യയുടെ കൈമുതൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.