ഓസീസിന് 185, ലങ്കയ്ക്ക് ഏഴ്
ഓസീസിന് 185, ലങ്കയ്ക്ക് ഏഴ്
Friday, July 29, 2016 1:01 PM IST
പല്ലെക്കലെ: ശ്രീലങ്കയ്ക്കു ജയിക്കാൻ ഏഴു വിക്കറ്റും, ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 185 റൺസും. ലങ്ക–ഓസീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനത്തിലെ കളി മഴ മൂലം നേരത്തെ നിർത്തുമ്പോൾ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. നായകൻ സ്റ്റീവൻ സ്മിത്ത് (26) ആദം വോഗ്സ് (9) എന്നിവരാണ് ക്രീസിൽ. നാലാം ദിനം ആറ് വിക്കറ്റ് നഷ്‌ടത്തിൽ 282 റൺസിനു തുടങ്ങിയ ലങ്ക 353 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ലങ്ക ഓസ്ട്രേലിയയ്ക്കു മുന്നിൽ 268 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. തലേദിവസം 169 നേടി ബാറ്റിംഗ് തുടർന്ന കുശാൽ മെൻഡിസിന് സ്വന്തം സ്കോറിൽ ഏഴ് റൺസു കൂടിയേ ചേർക്കാനായുള്ളൂ. മെൻഡിസ് പുറത്തായശേഷം രങ്കംഗ ഹെറാത്തിന്റെ (35) പ്രകടനമാണ് ലങ്കയ്ക്കു പൊരുതാനുള്ള സ്കോർ നൽകിയത്. മിച്ചൽ സ്റ്റാർക്ക് മൂന്നും, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.


വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനു സ്കോർ ബോർഡിൽ രണ്ടു റൺസുള്ളപ്പോഴേ ഡേവിഡ് വാർണറെ (1) നഷ്‌ടമായി. 63 റൺസിലെത്തിയപ്പോൾ സന്ദർശകരുടെ മൂന്നു വിക്കറ്റുകൾ നിലംപൊത്തി. ജോ ബേൺസ് (29), ഉസ്മാൻ കവാജ (18) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.