ഷ്വൈനി വിരമിച്ചു
ഷ്വൈനി വിരമിച്ചു
Friday, July 29, 2016 1:01 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഷ്വൈനി എന്ന ബാസ്റ്റ്യൻ ഷ്വൈൻസ്റ്റൈഗർ(31) അന്തർദേശീയ ഫുട്ബോളിൽ നിന്നും വിടപറഞ്ഞു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.

നിലവിലെ ഫിഫ ലോക ഫുട്ബോൾ ചാമ്പ്യന്മാരായ ജർമനിയുടെ ദേശീയ ടീമിൽ കഴിഞ്ഞ 12 വർഷമായി മധ്യനിരയിൽ കളിക്കുന്ന ഷ്വൈനി 2014 ലാണ് ജർമൻ ഫുട്ബോൾ ടീമിന്റെ നായകസ്‌ഥാനം ഏറ്റെടുത്തത്. ക്യാപ്റ്റൻ ഫിലിപ് ലാം വിരമിച്ചതിന്റെ ഒഴിവിലാണ് ഷ്വൈനി നായകസ്‌ഥാനത്തെത്തിയത്.

ഏഴു വലിയ ടൂർണമെന്റുകളിൽ കഴിവുകാട്ടിയ താരമാണ് ഷ്വൈനി. 2004, 2008, 2012, 2016 എന്നീ വർഷങ്ങളിലെ യൂറോകപ്പിലും 2006(ജർമനി), 2010 (ദക്ഷിണാഫ്രിക്ക),2014 (ബ്രസീൽ) ലോകകപ്പിലും ജർമനിക്കുവേണ്ടി കുപ്പായമണിഞ്ഞു്. ഏറ്റവും ഒടുവിലായി ഇത്തവണത്തെ യൂറോ കപ്പിൽ ജർമനിയെ നയിച്ച് സെമിയിൽ ഫ്രാൻസിനോടു അടിയറവു പറയേണ്ടിവന്നു.

ജർമനിക്കുവേണ്ടി 120 രാജ്യാന്തര മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഷ്വൈനി 24 ഗോളുകൾ നേടി.2004 ജൂൺ ആറിനാണ് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ ജർമനിക്കുവേണ്ടി കുപ്പായമണിയുന്നത്. കൈസേഴ്സ്ലൗട്ടനിൽ ഹംഗറിക്കെതിരേയായിരുന്നു ഇത്. 2005 ജൂൺ എട്ടിന് റഷ്യക്കെതിരേ ജർമനി ഇറങ്ങിയപ്പോൾ ഷ്വൈനിയുണ്ടായിരുന്നു ടീമിൽ. അന്നു റഷ്യയോട് സമനിലയിലാണ് മത്സരം അവസാനിച്ചത്. ജർമനിയിലെ ഏറ്റവും മുന്തിയ ക്ലബ് ബയേൺ മ്യൂണിക്കിനായി 342 മത്സരങ്ങളിൽ നിന്നായി 42 ഗോളുകളും നേടിയിട്ടുണ്ട്. അവസാനമായി ഗോൾ നേടുന്നത് യൂറോ കപ്പിൽ ഗ്രൂപ്പ് മത്സരത്തിൽ നോർത്തേൺ അയർലൻഡിനെതിരേയാണ്.


ജർമനിയുടെ എക്കാലത്തേയും മികച്ച മധ്യനിര കളിക്കാരനും 90 ശതമാനം പാസ് കൃത്യതയുള്ളയാളെന്ന വിശേഷണത്തിനുടമയും നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമാണ് ഷ്വൈനി. മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടുവർഷത്തെ കരാർകൂടി ബാക്കിയുണ്ട് ഷ്വൈനിക്ക്. ഒരു കോടി 43 ലക്ഷം യൂറോയാണ് ഷൈനിയുടെ കരാർ തുക.

ഭാവിയിൽ കൂടുതൽ മത്സരങ്ങളിലേക്കു തന്നെ പരിഗണിക്കരുത് എന്നു ജർമനിയുടെ കോച്ച് ജേവാഹിം ലോയോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചാണ് വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ജർമൻ ഫുട്ബോൾ അസോസിയേഷനോടും (ഡിഎഫ്ബി) ഫാൻസിനോടും പരിശീലകരോടും ട്വിറ്ററിലൂടെ ഷ്വൈനി നന്ദിയറിയിച്ചിട്ടുണ്ട്. ഷ്വൈനി ആകെ കളിച്ചിരിക്കുന്ന 8985 മിനിറ്റിൽ ഒരു ലോകചാമ്പ്യൻ പട്ടം, 120 മത്സരങ്ങൾ, അഞ്ചു പെനാൽറ്റികൾ, 24 ഗോളുകൾ, 39 ഗോൾ അസിസ്റ്റുകൾ, 18 മഞ്ഞക്കാർഡുകൾ, ഒരു ചുവപ്പുകാർഡ് എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഈ മാസം 12 നായിരുന്നു ഷ്വൈനിയുടെ വിവാഹം. സെർബിയൻ ടെന്നീസ് താരം അന ഇവാനോവിച്ചുമായുള്ള വിവാഹം ഇറ്റലിയിലെ വെനീസിലാണ് നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.