വില്ലേജിൽ മലയാളം മുഴങ്ങി
വില്ലേജിൽ മലയാളം മുഴങ്ങി
Friday, July 29, 2016 1:01 PM IST
കോട്ടയം: ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ മലയാളികൾ റിയോയിലെത്തി. 4–400 മീറ്റർ റിലേ, 800 മീറ്റർ, ട്രിപ്പിൾ ജംപ് ഇനങ്ങളിൽ മത്സരിക്കുന്ന താരങ്ങളാണ് റിയോയിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവർ ദുബായ് വഴി റിയോയിലെത്തിയത്. ട്രിപ്പിൾ ജംപിൽ മത്സരിക്കുന്ന രഞ്ജിത് മഹേശ്വരി, 800 മീറ്റർ താരം ജിൻസൺ ജോൺസൺ, ഹോക്കി താരം പി.ആർ. ശ്രീജേഷ്, റിലേ ടീമംഗങ്ങളായ അനിൽഡ തോമസ്, കുഞ്ഞുമുഹമ്മദ്, 400 മീറ്ററിലും 4–400 മീറ്റർ റിലേയിലും മത്സരിക്കുന്ന മുഹമ്മദ് അനസ് എന്നിവരാണ് ഒളിമ്പിക് നഗരിയിലെത്തിയത്. ഇവർക്കൊപ്പം മലയാളി പരിശീലകൻ മുഹമ്മദ് കുഞ്ഞിയുമുണ്ട്. മികച്ച സൗകര്യങ്ങളുള്ള ഒളിമ്പിക് വില്ലേജിൽ താരങ്ങൾ താമസം തുടങ്ങി. സൗകര്യങ്ങൾ വളരെ മികച്ചതാണെന്ന് മുഹമ്മദ് കുഞ്ഞിയും ജിൻസൺ ജോൺസണും ദീപികയോടു പറഞ്ഞു. പരിശീലന സൗകര്യങ്ങളും വളരെ മികച്ചതാണ്. കാലാവസ്‌ഥയുമായി പൊരുത്തപ്പെടാനാണ് വളരെ നേരത്തെ റിയോയിലെത്തിയതെന്ന് മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേർത്തു.

ആദ്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അമ്പരപ്പിലാണ് ജിൻസൺ ജോൺസൺ. കാണുന്നതെല്ലാം പുതുമയുള്ള കാര്യങ്ങളാണെന്ന് ജിൻസൺ പറഞ്ഞു. ഒട്ടും സമയം കളയാതെ പരിശീലനം തുടങ്ങിയതായും ജിൻസൺ അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നു പറഞ്ഞ ജിൻസൺ മലയാളികളെല്ലാവരും ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. മലയാളി സംഘത്തിനൊപ്പം 400 മീറ്റർ താരങ്ങളായ എം.ആർ. പൂവമ്മ, അശ്വിനി അക്കുഞ്ജി, ദേബശ്രീ മജുംദാർ, ആരോക്യ രാജീവ്, ധരുൺ, സുമിത് കുമാർ, ലളിത് മാധുർ എന്നിവരുമുണ്ട്. 12–ാം തീയതിയാണ് അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്.


<ആ>കൂടുതൽ ഇന്ത്യൻ താരങ്ങൾ എത്തി

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കൂടുതൽ ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സ് വില്ലേജിൽ തങ്ങളുടെ മുറികൾ ഏറ്റെടുത്തുകഴിഞ്ഞു. ഹോക്കി ടീമംഗങ്ങൾ ഇന്നലെ വൈകിട്ടോടെ വില്ലേജിലെത്തി. സ്പെയിനിൽ പരിശീലന മത്സരം കളിച്ച ശേഷമാണ് മലയാളി താരം ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം റിയോയിലെത്തിയത്. വനിതാ ടീമും എത്തിയിട്ടുണ്ട്.

ഷൂട്ടിംഗ് താരങ്ങളായ ഗഗൻ നരംഗ്, ചെയിൻ സിംഗ് എന്നിവർ സ്വിറ്റ്സർലൻഡിൽനിന്നുമാണ് ബ്രസീലിലെത്തിയത്. ഷോട്ട് പുട്ട് താരം മൻപ്രീത് കൗർ, നടത്തക്കാരി സപ്ന കൗർ എന്നിവരും ഗെയിംസ് വില്ലേജിലെത്തിയവരിൽ പെടുന്നു.

ഓഗസ്റ്റ് രണ്ടിന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന് ഒളിമ്പിക് വില്ലേജിൽ ഔദ്യോഗിക സ്വീകരണം നൽകുന്നത്. ചടങ്ങിൽ ദേശീയ ഗാനമുൾപ്പെടെ അവതരിപ്പിക്കുമെന്ന് സംഘത്തലവൻ രാജേഷ് ഗുപ്ത പറഞ്ഞു. 31 കെട്ടിടങ്ങളടങ്ങിയതാണ് ഒളിമ്പിക് വില്ലേജ്. 15000 പേർക്ക് താമസിക്കാനുള്ള സൗകര്യം വില്ലേജിലുണ്ട്. ഭീമാകാരമായ ഭക്ഷണശാല, ജിംനേഷ്യം, പോളി ക്ലിനിക്, വിനോദശാലകൾ തുടങ്ങിയസൗകര്യങ്ങളും വില്ലേജിലൊരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.