റിയോയിൽ മെഡൽ നേടാൻ അഭയാർഥികൾ
റിയോയിൽ മെഡൽ നേടാൻ അഭയാർഥികൾ
Saturday, July 30, 2016 1:01 PM IST
റിയോ ഡി ഷാനെറോ: ചരിത്രത്തിലാദ്യമായി അഭയാർഥികൾ മത്സരിക്കുന്ന ഒളിമ്പിക്സ് എന്ന ബഹുമതി റിയോയ്ക്കു കൈവരുന്നു. ആറു പുരുഷതാരങ്ങളും നാലു വനിതാ താരങ്ങളും ഇതിനകം റിയോ ടിക്കറ്റെടുത്തു കഴിഞ്ഞു. ഇവർ ഒളിമ്പിക്സ് പതാകയുടെ കീഴിലാണ് മത്സരത്തിനിറങ്ങുക. 43 താരങ്ങൾ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. അഭയാർഥി താരങ്ങൾ റിയോയിൽ മത്സരിക്കുന്ന വിവരം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തന്നെയാണു പ്രഖ്യാപിച്ചത്. 15 ഒഫീഷ്യൽസും ഇവരോടൊപ്പം റിയോയിലേക്കു പോകും. മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആതിഥേയരായ ബ്രസീലിനു മുമ്പിലായി ഇവർ നടന്നുനീങ്ങും.

ബെൽജിയത്തിൽ താമസിക്കുന്ന സിറിയൻ നീന്തൽക്കാരൻ റാമി അനസിന്റെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. 800 മീറ്റർ ഓട്ടക്കാരൻ യീക്ക പർ ബീൽ, 400 മീറ്ററിൽ മത്സരിക്കുന്ന ജയിംസ് ന്യാംഗ്, 1500 മീറ്ററിൽ മത്സരിക്കുന്ന പൗളോ അമോട്ടൻ ലൊക്കോറോ എന്നീ ദക്ഷിണസുഡാൻ താരങ്ങളും എത്യോപ്യയിൽ നിന്നുമുള്ള മാരത്തൺ ഓട്ടക്കാരൻ യോമസ് കിൻഡെ, 90 കിലോഗ്രാം ജൂഡോയിൽ മത്സരിക്കുന്ന കോംഗോക്കാരൻ പൊപ്പോൾ മിസെംഗാ എന്നിവരുമാണ് അഭയാർഥി ടീമിലെ പുരുഷതാരങ്ങൾ.

ടീമിലെ നാലു വനിതാ താരങ്ങളിൽ 1500 മീറ്ററിൽ മത്സരിക്കുന്ന അഞ്ജലീന നാദാ ലൊഹാലിതും 800 മീറ്റർ ഓട്ടക്കാരിയായ റോസ് നാതിങ്ക് ലോകോന്യനും ദക്ഷിണസുഡാനിൽനിന്നുള്ളവരാണ്. 70 കിലോഗ്രാം ജൂഡോയിൽ മത്സരിക്കുന്ന യോളണ്ടെ ബുക്കാസ മാബിക കോംഗോയിൽ നിന്നും രാഷ്ട്രീയാഭയം തേടി ബ്രസീലിലെത്തിയതാണ്. 18കാരിയായ നീന്തൽ താരം യുസ്ര മാർഡിനി സിറിയയിൽ നിന്നുള്ള അഭയാർഥിയാണ്, ഇപ്പോൾ ജർമനിയിൽ താമസിക്കുന്നു.


ഒരു വീടോ ടീമോ പതാകയോ ദേശീയഗാനമോ ഇല്ലാത്തവരാണ് ഈ താരങ്ങളെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കായികതാരങ്ങക്കൊപ്പം ഒളിമ്പിക് വില്ലേജിൽ ഇവർക്ക് വീടൊരുക്കുമെന്നു ബാക് പറയുന്നു. കൂടാതെ ഒളിമ്പിക് ഗാനം ഇവർക്കായി ആലപിക്കപ്പെടുമെന്നും ഒളിമ്പിക് പതാക ഇവരെ സ്റ്റേഡിയത്തിലേക്കു നയിക്കുമെന്നും ബാക് ഉറപ്പു നൽകുന്നു.

ഈ ഒളിമ്പിക്സ് ലോകത്തിലെ എല്ലാ അഭയാർഥികളുടെയും പ്രതീക്ഷകളുടെ പ്രതീകമാകുമെന്നും, അഭയാർഥി പ്രതിസന്ധിയുടെ തീവ്രത ലോകത്തെ ബോധ്യപ്പെടുത്താൻ ഈ ഒളിമ്പിക്സിനു കഴിയുമെന്നും ബാക് പ്രത്യാശിച്ചു.

അഭയാർഥികൾ മനുഷ്യരാണെന്നും സമൂഹത്തിനു മുതൽക്കൂട്ടാകാൻ അവർക്കു കഴിയുമെന്ന് ആഗോളജനതയ്ക്കു നൽകുന്ന സന്ദേശമാണിതെന്നും ബാക്ക് പറയുന്നു.’

വളരെയധികം പ്രചോദനപരം ‘ എന്നാണ് ചരിത്രപരമായ ഈ ടീം രൂപീകരണത്തെ ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി വിശേഷിപ്പിച്ചത്. കായിക ജീവിതത്തിന് തടസം നേരിട്ട മികവുറ്റ താരങ്ങൾക്ക് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണിതെന്ന് അഭയാർഥി ഏജൻസിയുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറയുന്നു. ചങ്കുറപ്പും സ്‌ഥിരോത്സാഹവുംകൊണ്ട് കഷ്‌ടതകളെ അതിജീവിക്കുന്ന അഭയാർഥികൾക്കുള്ള ആദരമാണ് ഇവരുടെ ഒളിമ്പിക്സ് പങ്കാളിത്തമെന്നും ഗ്രാൻഡി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.