ശ്രീലങ്കയ്ക്കു ചരിത്രവിജയം
ശ്രീലങ്കയ്ക്കു ചരിത്രവിജയം
Saturday, July 30, 2016 1:01 PM IST
പാല്ലെക്കെല്ലെ: ഏയ്ഞ്ചലോ മാത്യുസിന്റെ നേതൃത്വത്തിലുള്ള ലങ്കൻസംഘം പാല്ലെക്കെല്ലയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ 106 റൺസിനു തോൽപ്പിച്ച് ചരിത്രംകുറിച്ചു. പതിനേഴുവർഷത്തിനുശേഷമാണ് ടെസ്റ്റിൽ ഓസ്ട്രേലിയയെ കീഴടക്കാൻ ശ്രീലങ്കയ്ക്കു കഴിയുന്നത്. ടെസ്റ്റ്മത്സരത്തിൽ ശ്രീലങ്ക അവസാനമായി ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നത് 1999 സെപ്റ്റംബർ 11ന് കാൻഡിയിലെ അസ്ഗിരിയ സ്റ്റേഡിയത്തിൽ വച്ചാണ്. അന്നു ജയംസ്വന്തമാക്കിയ ടീമിൽ മുത്തയ്യ മുരളീധരൻ, മഹേല ജയവർധന, സനത് ജയസൂര്യ, തിലകരത്നെ ദിൽഷൻ തുടങ്ങിയ ഇതിഹാസതാരങ്ങളുണ്ടായിരുന്നു. അന്ന് ലങ്ക മൂന്നു മത്സരങ്ങളുടെ പരമ്പര നേടുകയും ചെയ്തു. ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരേ നേടുന്ന ആദ്യ ടെസ്റ്റ് വിജയവും ആദ്യ പരമ്പര ജയവും അതായിരുന്നു.

കാൻഡിയിലെ ജയം ആവർത്തിക്കാൻ ലങ്കൻ ക്രിക്കറ്റ് പ്രേമികൾക്കു കൃത്യമായി പറഞ്ഞാൽ 6118 ദിവങ്ങൾ കാത്തിരിക്കേണ്ടിവന്നു. പാല്ലെക്കെല്ലെയിലെ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ലങ്ക 1–0ന് മുന്നിലെത്തി.

സ്കോർ ചുരുക്കത്തിൽ: ശ്രീലങ്ക 117, 353 ഓസ്ട്രേലിയ 203, 161

ഒന്നാം ഇന്നിംഗ്സിൽ 117 റൺസിനു പുറത്തായശേഷം രണ്ടാം ഇന്നിംഗ്സിൽ കുശാൽ മെൻഡിസിന്റെ കന്നി സെഞ്ചുറിയിലൂടെയാണ് ലങ്ക ടെസ്റ്റിലേക്കു തിരിച്ചെത്തിയത്. ഇതോടൊപ്പം പന്തുകൊണ്ട് ഇന്ദ്രജാലം തീർത്ത രങ്കണ ഹെറാത്തും പുതുമുഖ സ്പിന്നർ ലക്ഷൻ സന്ദാകനയും ലങ്കയ്ക്കു ചരിത്രം ജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഓസ്ട്രേലിയ നേരിടുന്ന തുടർച്ചയായ ഏഴാം തോൽവിയാണ്.


ജയിക്കാൻ 268 റൺസ് വേണ്ടിയിരുന്ന ഓസീസിന്റെ പോരാട്ടം 161 റൺസിൽ അവസാനിച്ചു. അവസാന ദിവസം മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 83 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസ് ലങ്കൻ സ്പിൻ ബൗളർമാർക്കു മുന്നിൽ തകരുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 86 റൺസ് ലീഡ് ഉണ്ടായിരുന്നു. എന്നാൽ കുശാൽ മെൻഡിസ് രണ്ടാം ഇന്നിംഗ്സിൽ പുറത്തെടുത്ത മികവിൽ ലങ്ക 353 റൺസ് എടുത്തു. ഓസീസ് നായകൻ സ്റ്റീവൻ സ്മിത് (55) റൺസുമായി പൊരുതിയെങ്കിലും മറ്റ് ബാറ്റ്സ്മാന്മാരിൽനിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ഒമ്പതാം വിക്കറ്റിൽ കഴിവതും ലങ്കൻ ജയം വൈകിക്കുക എന്ന ലക്ഷ്യത്തോടെ പീറ്റർ നെവിലും സ്റ്റീവ് ഒകീഫിയും 29.4 ഓവറോളം ക്രീസിൽ നിന്ന് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു. ഈ സമയം അന്തരീക്ഷം മൂടിക്കെട്ടുന്നുമുണ്ടായിരുന്നു. ഈ കൂട്ടുകെട്ട് എടുത്തതാകട്ടെ വെറും നാലു റൺസും. ഇരുവരും 178 ബോളാണ് തട്ടിനിന്നത്. ഇവർ നേരിട്ട തുടർച്ചയായ 154 പന്തിൽ റൺസേ ഉണ്ടായില്ല. നൂറിലേറെ പന്ത് നേരിട്ട് ഏറ്റവും ചെറിയ റൺ റേറ്റും (0.13) ഈ കൂട്ടുകെട്ടിൽ പിറന്നു. 115 പന്ത് നേരിട്ട് ഒമ്പത് റൺസെടുത്ത നെവിലിനെ ധനൻഞ്ജയ ഡി സിൽവ ദിനേഷ് ചാന്ദിമലിന്റെ കൈകളിലെത്തിച്ചു. രണ്ട് ഓവറിനുശേഷം 98 പന്ത് പ്രതിരോധിച്ച ഒ കീഫിയെ (4) ഹെറാത്ത് ക്ലീൻബൗൾഡാക്കി. ഹെറാത്ത് അഞ്ചു വിക്കറ്റും സന്ദാകൻ മൂന്നു വിക്കറ്റും വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.