നീന്തിത്തുടിച്ച് ഇന്ത്യൻ ഹോക്കി ടീം
നീന്തിത്തുടിച്ച് ഇന്ത്യൻ ഹോക്കി ടീം
Saturday, July 30, 2016 1:01 PM IST
റിയോ ഡി ഷാനെറോ: മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് നയിക്കുന്ന ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് വില്ലേജിലെത്തി. പതിനെട്ട് കളിക്കാരും മുഖ്യ പരിശീലകൻ റോലന്റ് ഓൾട്ട്മാൻസും ഉദ്യോഗസ്‌ഥരുമരടങ്ങുന്ന സംഘം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രസീലിന്റെ തലസ്‌ഥാന നഗരത്തിലെത്തി. ബെയ്ജിംഗ് ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യക്കു സ്വർണമെഡൽ സമ്മാനിച്ച അഭിനവ് ബിന്ദ്രയും ഇന്നലെയെത്തി. ഒളിമ്പിക് വില്ലേജിലെത്തിയ ടീമിനെ ഇന്ത്യൻ ഒളിമ്പിക് സംഘത്തലവൻ രാകേഷ് ഗുപ്ത സ്വീകരിച്ചു. സ്പെയിനിൽനിന്നുമാണ് ഇന്ത്യൻ ഹോക്കി ടീം റിയോയിലെത്തിയത്. ഇന്ത്യൻ പരിശീലകൻ ഓൾട്മാൻസ് മുറിയിലെത്തി വിശ്രമിക്കാൻ തിടുക്കം കൂട്ടി. മുറിയിലെത്തി ഹോക്കി ടീം ഉടൻതന്നെ ഒളിമ്പിക് വില്ലേജിലുള്ള ഇന്ത്യയുടെ മറ്റ് കായിക താരങ്ങളെ സന്ദർശിക്കാനായി തിരിച്ചു. ഇന്ത്യൻ ടീം സ്പെയിനിൽനിന്നാണ് റിയോയിലെത്തിതെന്നും അവർക്കു മുറികൾ ലഭ്യമായതായും ഗുപ്ത പറഞ്ഞു.

ഇന്നലെ രാവിലെ തന്നെ ഹോക്കി ടീം പരിശീലകൻ ഓൾട്മാൻസിന്റെ മേൽനോട്ടത്തിൽ ടീം നീന്തൽ കുളത്തിൽ പരിശീലനം നടത്തി. ഇന്ത്യൻ ടീം ഉടൻ തന്നെ തങ്ങളുടെ പരിശീലനത്തിനായി ഗ്രൗണ്ടിലെത്തുകയും ചെയ്തു.


ഒളിമ്പിക്സിനു മുമ്പായി നടന്ന സന്നാഹ മത്സരങ്ങളിൽ ഇന്ത്യക്കു ജയിക്കാനായില്ല. സ്പെയിനെതിരെ നടന്ന രണ്ടു മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ലോക റാങ്കിംഗിൽ ഏഴാമതുള്ള ഇന്ത്യയെ പതിനൊന്നാമതുള്ള സ്പെയിൻ ആദ്യ മത്സരത്തിൽ 4–1നും രണ്ടാം മത്സരത്തിൽ 3–2നുമാണ് തോറ്റത്. എന്നാൽ ഒളിമ്പിക്സിൽ പോരാടാനാണ് ശ്രീജേഷും കൂട്ടരുമിറങ്ങുന്നത്.

ഹോക്കി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ആ ടൂർണമെന്റിൽനിന്നു ലഭിച്ച ഊർജം റിയോയിലെ ഹോക്കി ഗ്രൗണ്ടിൽ പുറത്തെടുക്കാനായാൽ 36 വർഷത്തിനു (1980 മോസ്കോ)ശേഷം ഒളിമ്പിക്സിൽ ഒരു മെഡൽ നേടാനാകും. 80ൽ സ്വർണം നേടിയ ഇന്ത്യക്കു പിന്നീടുള്ള ഒളിമ്പിക്സുകളിൽ സെമി ഫൈനലിൽ പോലും കടക്കാനായില്ല. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ യോഗ്യതയും നേടാനായില്ല. പഴയതെല്ലാം മറന്ന് ലോക ഹോക്കിയിൽ ഇന്ത്യ തങ്ങളുടെ സ്‌ഥാനം കൂടുതൽ ശക്‌തമായി ഉറപ്പിക്കാനായാണ് ഇന്ത്യയുടെ ശ്രമം. കഠിനമായ പോരാട്ടം നേരിടേണ്ടിവരുമെങ്കിലും സെമി ഫൈനലാണ് ഇന്ത്യ ലക്ഷ്യമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.