റിയോയിൽ വിസ്മയം ആകാൻ ദിപ
റിയോയിൽ വിസ്മയം ആകാൻ ദിപ
Saturday, July 30, 2016 1:01 PM IST
<ആ>സന്ദീപ് സലിം

ഇന്ത്യൻ ജിംനാസ്റ്റിക്സിലെ പുതുവസന്തമായി ദിപ കർമാകർ. സർക്കസ് താരത്തേക്കാൾ മികച്ച മെയ്വഴക്കവുമായി ദിപ റിയോയിലെത്തുമ്പോൾ അവളിൽനിന്ന് രാജ്യം അദ്ഭുതങ്ങളും പ്രതീക്ഷിക്കുന്നു. കാരണം മറ്റൊന്നുമല്ല, ആദ്യമായാണ് ഒളിമ്പിക്സ് ജിംനാസ്റ്റിക്സിന് ഒരു ഇന്ത്യൻ വനിതാ താരത്തിനു യോഗ്യത ലഭിക്കുന്നത്. 52 വർഷത്തെ ഒളിമ്പിക്സ് ചരിത്രത്തിൽ ദിപ സ്വന്തമായൊരിടം കണ്ടെത്തുമ്പോൾ അതിൽ മെഡൽത്തിളക്കം കൂടിയായാൽ എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കം.

ആറാം വയസ് മുതൽ കോച്ച് വിശ്വേശർ നന്ദിക്ക് കീഴിൽ ത്രിപുരയിൽ സ്വന്തമായി പരിശീലനം നടത്തിയാണ് ദീപ റിയോയിലേക്കു മെഡൽപ്രതീക്ഷയുമായെത്തുന്നത്. ദിപയെക്കുറിച്ച് ആദ്യ പരിശീലകൻ വിശ്വേശർ നന്ദി പറഞ്ഞതിങ്ങനെ: ‘‘വളരെ മെലിഞ്ഞ, പരന്ന പാദങ്ങളുള്ള പെൺകുട്ടിയായിരുന്നു അവൾ. ഒരു ജിംനാസ്റ്റിന് ഒട്ടും ചേരാത്തതാണു പരന്ന പാദങ്ങൾ. പക്ഷേ, ഞാൻ അത് ഒരിക്കലും അവളോടു പറഞ്ഞില്ല. അവൾ വളരെ കഠിനാധ്വാനിയായ പെൺകുട്ടിയായിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് അവളുടെ പാദത്തിൽ ഒരു വളവുണ്ടാക്കിയെടുത്തത്. എങ്കിൽ മാത്രമേ ബാറിൽ പാദത്തിനു ഗ്രിപ്പ് കിട്ടുമായിരുന്നുള്ളൂ. അന്നേ, ഒന്നുറപ്പായിരുന്നു. അവൾ ലോകമറിയുന്ന ഒരു അത്ലറ്റ് ആകുമെന്ന്.’’’’

അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷൻ പുറത്തിറക്കിയ ഒളിമ്പിക്സ്് യോഗ്യതാ താരങ്ങളുടെ പട്ടികയിൽ 79–ാമതാണ് ദിപ കർമാകർ. റിയോയിൽ നടന്ന യോഗ്യതാ മത്സരത്തിലെ മിന്നും പ്രകടനമാണ് ത്രിപുരക്കാരിയായ ഈ 22കാരിക്ക് ഒളിമ്പിക് ടിക്കറ്റ് നേടിക്കൊടുത്തത്. യോഗ്യതാ മത്സരത്തിൽ താരത്തിന് 52.698 പോയിന്റ് ലഭിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 11 പുരുഷ താരങ്ങൾ ജിംനാസ്റ്റിക്സിൽ ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ രണ്ടും 56 മെൽബണിൽ മൂന്നും 64ലെ ടോക്കി യോയിൽ ആറും താരങ്ങൾ.

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ ഏറ്റവും കഠിനമായ ഇനമാണ് പ്രഡുനോവ. റിയോയിൽ ഒളിമ്പിക് യോഗ്യതയ്ക്കായി നടന്ന മത്സരത്തിൽ ദിപയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടാനായതും പ്രഡുനോവയിലാണ്. 15.06 പോയിന്റ് നേടിയ ദിപയാണ് ഈ ഒന്നാം സ്‌ഥാനത്തെത്തിയത്. ബീമിലും ഫ്ളോർ എക്സർസൈസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതോടെയാണ് ദിപയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്കു ജീവൻ വച്ചത്.

എന്നാൽ, അൺ ഈവൻ ബാർസിൽ ദിപ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. 11.7 പോയിന്റ് മാത്രം. 14 പേർ മത്സരിച്ചതിൽ ഏറ്റവും ഒടുവിലെത്താനേ ദിപയ്ക്കായുള്ളൂ. ബീമി ൽ 13.66ഉം ഫ്ളോർ എക്സസൈസിൽ 12.57 മാണ് ദിപയുടെ സ്കോറുകൾ. പ്രഡുനോവയിലെ പ്രകടനം കണ്ടവർക്കെല്ലാം ഒന്നുറപ്പായിരുന്നു, ദിപ റിയോയിൽ ഇന്ത്യൻ ജഴ്സി അണിയുമെന്ന്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യൻ വനിതാ താരത്തിനു ജിംനാസ്റ്റിക്സിൽ ലഭിക്കുന്ന ആദ്യമെഡലും ആദ്യ മെഡൽ കൂടിയായിരുന്നു ഇത്.


ഇന്ത്യയുടെ അന്താരാഷ്ട്ര കോച്ചായ ദീപക് കാംഗ്ര, ദിപയുടെ നേട്ടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഇന്ന്, ദിപയുടെ ദിവസമായിരുന്നു. അവരുടേത് മികച്ച പ്രകടനമായിരുന്നു. ആദ്യ ഇനത്തിലെ പ്രകടനം കണ്ടപ്പോ ൾ തന്നെ എനിക്ക് ഉറപ്പായിരുന്നു. അവൾ ഒളിമ്പിക്സിൽ പങ്കെടുക്കുമെന്ന്. ഇപ്പോൾ അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷനും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ദിപയുടെ അവിസ്മരണീയ നേട്ടം ഇന്ത്യൻ ജിംനാസ്റ്റിക്സിനു മുഴുവൻ അഭിമാന മാണ്.’’

കഴിഞ്ഞ നവംബറിൽ നടന്ന ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്‌ഥാനത്തെത്തിയതോടെയാണ് ദിപ കർമാകറെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. അന്ന് ദിപയുടെ അഞ്ചാം സ്‌ഥാനം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു. അന്ന് ദിപ ഒരുകാര്യം ലോകത്തോടു വിളിച്ചു പറഞ്ഞു; വരാനിരിക്കുന്നത് തന്റെകൂടി കാലമാണെന്ന്. ആദ്യമായി ജിംനാസ്റ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ താരമെന്ന റിക്കാർഡ് ദിപ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.

ദിപയുടെ അച്ഛൻ ദുലാൽ കർമാക്കർ ഭാരോദ്വഹന പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് മകളെ മികച്ച അത്ലറ്റാക്കിയതെന്നു പറഞ്ഞാൽ തെറ്റില്ല. തന്റെ മകളെ ലോകമറിയുന്ന ഒരു കായികതാരമായി കാണണമെന്ന് അദ്ദേ ഹം സ്വപ്നം കണ്ടിരുന്നു. തന്റെ വഴിയേ ഭാരോദ്വഹനത്തിനു പങ്കെടുപ്പിക്കാനായിരുന്നു ആദ്യം ചിന്തിച്ചതെങ്കിലും പിന്നീട് ജിംനാസ്റ്റിക്സിലേക്കു മാറ്റുകയായിരുന്നു. അച്ഛൻ ദുലാൽ കർമാക്കറുടെ വലിയ പിന്തുണയാണ് ദിപ വളർത്തിയെതെന്നു ചുരുക്കം.


ദിപ കർമാകർ ഒളിമ്പിക്സിനു യോഗ്യത നേടിയതിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ച വാക്കുകൾ മാത്രം മതി ദിപയിൽനിന്ന് രാജ്യം എത്രമാത്രം പ്രതീക്ഷിക്കുന്നുവെന്നു മനസിലാക്കാൻ. ‘‘ഒളിമ്പിക്സ് കായികമികവിന്റെ അവസാന വാക്കാണ്. അവിടെ മത്സരിക്കാൻ അവസരം നേടുകയെന്നത് വലിയ സ്വപ്നമാണ്. അത് ദിപ സാധിച്ചിരിക്കുന്നു. ഇന്ത്യയിലെ യുവ കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് ദിപയുടെ നേട്ടം–’’ സച്ചിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.