ഗോപിചന്ദ് സിന്ധുവിന്റെ ഫോൺ തിരികെ നൽകി
ഗോപിചന്ദ് സിന്ധുവിന്റെ ഫോൺ തിരികെ നൽകി
Saturday, August 20, 2016 12:29 PM IST
റിയോ: പുല്ലേല ഗോപിചന്ദ് എന്ന ഇതിഹാസ സമനായ പരിശീലകന്റെ കളരിയിൽ വർഷങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് പി. വി സിന്ധു റിയോയിൽ നേടിയ വെള്ളി. ജീവിതത്തിൽ എന്തെങ്കിലുമൊക്കെയാകണമെങ്കിൽ ചെറിയ സന്തോഷങ്ങളൊക്കെ ത്യജിക്കണമെന്ന ഗോപിചന്ദിന്റെ തത്വത്തിന് മെഡൽ നേട്ടം സൈനയിൽ നിന്നു സിന്ധുവിലെത്തിയപ്പോഴും മാറ്റമുണ്ടായിട്ടില്ല.

സിന്ധു വെള്ളി നേടിയതിനു ശേഷം ആകെയുണ്ടായ മാറ്റം കർക്കശക്കാരനായ അധ്യാപകനിൽ നിന്നും മാറി മൂത്ത ജ്യേഷ്ഠനെപ്പോലെയായി എന്നതാണ്. ലക്ഷ്യം പൂർത്തീകരിച്ചതോടെ കഴിഞ്ഞ മൂന്നു മാസമായി പിടിച്ചുവച്ച ഫോൺ തിരിച്ചു നൽകുകയും ചെയ്തു. ഇതോടെ സിന്ധു വീണ്ടും 21കാരിയായി. തന്റെ സുഹൃത്തുക്കളുമായി അവൾക്കിനി വാട്സ് ആപ്പിലൂടെ സന്തോഷം പങ്കുവയ്ക്കാം. ഇഷ്‌ടമുള്ള ഐസ്ക്രീം നുണയാം.

സിന്ധു മൂന്നു മാസമായി അവളുടെ ഫോൺ ഉപയോഗിച്ചിട്ട്. ഞാൻ അവളുടെ ഫോൺ തിരികെ നൽകിയതാണ് ആദ്യത്തെകാര്യം. കഴിഞ്ഞ 12–13 ദിവസമായി അവൾക്കേറ്റവും ഇഷ്‌ടമുള്ള മധുരത്തൈര് കഴിക്കുന്നതിൽ നിന്നും ഞാനവളെ വിലക്കിയതാണ് രണ്ടാമത്തെകാര്യം. അതോടൊപ്പം അവൾ ഐസ്ക്രീം കഴിക്കുന്നതും വിലക്കി. ഇനി അവൾക്ക് ഇഷ്‌ടമുള്ളതൊക്കെ കഴിക്കാം –ഗോപി പറഞ്ഞു. എന്നാൽ, സിന്ധുവിന്റെ ആത്മാർഥതയെ പുകഴ്ത്താനും ഗോപി മറന്നില്ല.’’

കഴിഞ്ഞവാരം സിന്ധുവിനെ സംബന്ധിച്ച് മഹത്തരമായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി സിന്ധു പരാതികളേതുമില്ലാതെ കഠിനമായ പരിശീലനത്തിലായിരുന്നു. അവളുടെ ത്യാഗത്തിന്റെ ഫലം അവൾ

ക്ക് ലഭിക്കുകയും ചെയ്തു. അവളത് അർഹിച്ചിരുന്നു എന്നു വേണം പറയാൻ. ഈ അവസരത്തിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ” വയ്യ”. ഗോപിചന്ദ് പറയുന്നു. സിന്ധു വളരെ ചെറുപ്പമാണെന്നും ഈ ഒളിമ്പിക്സിൽ അവൾ ഏറെ മെച്ചപ്പെട്ടെന്നും തോന്നുന്നു. അവൾ നമ്മുടെ അഭിമാനമാണ് ഗോപിചന്ദ് ഇതു പറയുമ്പോൾ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുന്നു.


തോറ്റതിനെക്കുറിച്ചോർത്ത് ദുഃഖിക്കാതെ മെഡൽ നേടിയതിനെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് വേണ്ടതെന്നും ഗോപി പ്രിയശിഷ്യയോടു പറയുന്നു.

‘ നമ്മുടെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങിക്കേൾക്കാൻ ഞാൻ ആഗ്രഹിച്ചു, നമ്മുടെ ദേശീയ പതാക മറ്റുരാജ്യങ്ങളേക്കാൾ ഉയരത്തിൽ പാറാനും ഞാൻ ആഗ്രഹിച്ചു. എന്നാൽ, അതിനു മാത്രം സിന്ധുവിനെക്കൊണ്ടു സാ’ധിച്ചില്ല’.ഇതു പറയുമ്പോൾ ഗോപിചന്ദിന്റെ വാക്കുകളിൽ നിരാശയില്ല.

ഈ ഒളിമ്പിക്സിലേക്കു വരുമ്പോൾ ലണ്ടൻ ഒളിമ്പിക്സ് വെങ്കല ജേതാവ് സൈനയ്ക്കു പിന്നിൽ മാത്രമായിരുന്നു സിന്ധുവിന്റെ സ്‌ഥാനം. പത്താം റാങ്കുകാരിയായ സിന്ധു തന്നേക്കാൾ റാങ്കിംഗിൽ മുമ്പിലുള്ള മൂന്നു താരങ്ങളെയാണു ഫൈനലിലേക്കുള്ള യാത്രയിൽ പരാജയപ്പെടുത്തിയത്. ഫൈനലിൽ സ്പെയിനിന്റെ കരോളിന മരീനെ ഞെട്ടിച്ച് ആദ്യ ഗെയിം സ്വന്തമാക്കാനുമായി. എന്നാൽ, രണ്ടു വട്ടം ലോകചാമ്പ്യനും വലിയ ടൂർണമെന്റുകളുടെ ഫൈനൽ വിജയിച്ച് പരിചയവുമുള്ള ലോക ഒന്നാം നമ്പർ താരം മത്സരം സ്വന്തമാക്കിയത് സ്വാഭാവികം മാത്രമാണെന്നും ഗോപിചന്ദ് പറയുന്നു.

സിന്ധുവിന്റെ പ്രകടനത്തിൽ വന്ന മാറ്റത്തിന്റെ പ്രധാനകാരണം പുതിയ പരിശീലന രീതിയാണ്. ചൈനീസ് താരങ്ങളുടെ മാതൃകയിലുള്ള കളിരീതിയും പരിശീലനമുറകളുമാണ് ഗോപിചന്ദ് തന്റെ അക്കാദമിയിൽ പിന്തുടരുന്നത്. ഒരേ പോയിന്റിൽ അതിവേഗത്തിൽ സ്മാഷടിക്കുന്ന ചൈനീസ് രീതിയോടു ഇന്ത്യൻ താരങ്ങൾ പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടതായും ഗോപി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.