കുടിവെള്ളം നൽകാതെ ജെയ്ഷയെ മാരത്തൺ ഓടിച്ചു
കുടിവെള്ളം നൽകാതെ ജെയ്ഷയെ മാരത്തൺ ഓടിച്ചു
Monday, August 22, 2016 1:36 PM IST
ബംഗളൂരു: കായിക ഇന്ത്യ ലജ്‌ജിക്കുക. രാജ്യത്തിനായി റിയോയിൽ വിയർപ്പൊഴുക്കിയതിനുള്ള ശമ്പളമായി രാജ്യത്തെ മികച്ച അത്ലറ്റും മലയാളിയുമായ ഒ. പി. ജയ്ഷയ്ക്കു ലഭിച്ചത്് അവഗണനയും ക്രൂരതയും. ഒളിമ്പിക്സിലെ ഏറ്റവും കഠിന ഇനമായ മാരത്തൺ പൂർത്തിയാക്കുന്നതു പോലും വലിയ കാര്യമാണെന്നിരിക്കെ, 42.195 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ മത്സരിച്ച മലയാളി താരം ഒ. പി. ജെയ്ഷയോടും കവിതാ റാവത്തിനോടും ചെയ്തത് എന്തെന്നു കേൾക്കൂ.

മറ്റു രാജ്യങ്ങൾ തങ്ങളുടെ താരങ്ങൾക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോൾ ദേശീയ റിക്കാർഡിനുടമയായ ജെയ്ഷയ്ക്ക് ഒരു തുള്ളി വെള്ളം നൽകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ആരും ഉണ്ടായിരുന്നില്ല. മത്സരശേഷം മൂന്നു മണിക്കൂർ നേരമാണു നമ്മുടെ പ്രിയതാരം അബോധാവസ്‌ഥയിൽ കിടന്നത്. ഒടുവിൽ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവർ തന്റെ ശരീരത്തിൽ കുത്തിവച്ച ഏഴു ബോട്ടിൽ ഗ്ലൂക്കോസാണു തന്നെ എഴുന്നേൽപ്പിച്ചു നടത്തിയതെന്നും ജെയ്ഷ പറയുമ്പോൾ നാം ലജ്‌ജിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യൻ അധികൃതരുടെ പെരുമാറ്റത്തെ ക്രൂരമെന്നോ നിഷ്ഠുരമെന്നോ വിശേഷിപ്പിച്ചാൽ ഒട്ടും അധികമാവില്ല. ഇന്ത്യൻ സംഘത്തിൽ നിന്നുള്ള ഒരൊറ്റ ഡോക്ടറെപ്പോലും അവിടെ കണ്ടി–ല്ലന്നും പുരുഷ മാരത്തണിൽ മത്സരിച്ച മലയാളി അത്ലറ്റ് ടി.ഗോപിയും പരിശീലകരായ രാധാകൃഷ്ണൻ നായരും നിക്കോളായും മാത്രമായിരുന്നു സംഘാടകർ തന്നെ എടുത്തുകൊണ്ടു പോകുന്നതുവരെ സമീപത്തുണ്ടായിരുന്നതെന്നും ജെയ്ഷ പറഞ്ഞു.


ഓരോ 2.5 കിലോമീറ്ററിലും അവരവരുടെ താരങ്ങൾക്കു വെള്ളം നൽകാനവസരമുണ്ടെന്നിരിക്കെ, മറ്റുരാജ്യങ്ങളുടെ സംഘാംഗങ്ങൾ താരങ്ങൾക്കു ഗ്ലൂക്കോസും തേനുമൊക്കെ നൽകാൻ മത്സരിക്കുന്ന സമയത്ത് ഇന്ത്യയുടെ സ്റ്റേഷനിൽ ഇന്ത്യൻ പതാക മാത്രമാണുണ്ടായിരുന്നതെന്നും ജെയ്ഷ പറയുന്നു.““ആവശ്യത്തിനു വെള്ളം പോലും കുടിക്കാതെ എങ്ങനെ ഞാൻ മത്സരം പൂർത്തിയാക്കിയെന്ന് ചിന്തിക്കാൻ പോലുമാവുന്നില്ല. ഞാൻ മരിച്ചുപോയേക്കുമെന്നു പോലും തോന്നി.

സംഘാടകരുടെ വക വെള്ളവും സ്പോഞ്ചും കിട്ടിയതാവട്ടെ എട്ടു കിലോമീറ്റർ ഇടവേളകളിൽ മാത്രവും. 30 കിലോ മീറ്ററിനുശേഷം കനത്തവെയിലിൽ ഓട്ടം അതീവ ദുഷ്കരമായെന്നു ജെയ്ഷ പറയുന്നു.

രണ്ടു മണിക്കൂർ 47 മിനിറ്റ് 19 സെക്കൻഡിലാണ് 89 ാ മതായി ജെയ്ഷ മത്സരം പൂർത്തിയാക്കിയത്. മത്സരശേഷം ജെയ്ഷ ട്രാക്കിൽ വീഴുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.