ചന്ദൻനായിക്കിന് ഇതു സ്വപ്നസാഫല്യം
ചന്ദൻനായിക്കിന് ഇതു സ്വപ്നസാഫല്യം
Wednesday, August 24, 2016 11:34 AM IST
ഭുവനേശ്വർ: ചന്ദൻ നായിക്കിന് ഇപ്പോഴും അതു വിശ്വസിക്കാനാവുന്നില്ല. ഇല്ലായ്മകളുടെ നടുവിൽ വളർന്ന തനിക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ഇടത്തിലേക്ക് എത്തിച്ചേർന്നതിന്റെ ആനന്ദത്തിലാണ് ചന്ദൻ. ഭുവനേശ്വറിലെ സബർ സാഹി എന്ന ചേരിയിൽ കഴിയുന്ന ചന്ദൻ ലോകോത്തര ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ അക്കാഡമിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

രണ്ടു മാസത്തെ പരിശീലനമാണ് ബയേണിൽ ചന്ദനു ലഭിക്കുന്നത്. മികവു പുലർത്തിയാൽ ചന്ദനു തുടർപരിശീലനത്തിലായി അവിടെ തുടരാം. ഒരിക്കൽ ഇന്ത്യൻ ടീമിൽ കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ലയണൽ മെസിയെ ആരാധിക്കുന്ന ചന്ദൻ പറഞ്ഞു. ഭുവനേശ്വർ സ്വദേശിയായ ജയദേവ് മഹാപത്രയാണ് ചന്ദന്റെ പരിശീലകൻ.


ചന്ദന്റെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ ആ കുടുംബത്തെ ഉപേക്ഷിച്ചു പോയി. പിന്നീട് അന്യവീടുകളിൽ ജോലിയെടുത്താണ് ചന്ദന്റെ അമ്മ അവനെ വളർത്തിയത്. ചന്ദനിൽ മികച്ച കഴിവുകൾ ഉണ്ടെന്ന് ജയദേവ് പറയുന്നു. ഇന്നാണ് ചന്ദൻ ജർമനിയിലേക്കു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.