എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ പരാജയമാകുന്നു?
എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ പരാജയമാകുന്നു?
Wednesday, August 24, 2016 11:35 AM IST
<ആ>അജിത് ജി. നായർ

സ്പോർട്സ് ആദ്യ ചോയ്സ് ആകുന്നില്ല

ഇന്ത്യൻ കായികതാരങ്ങളിൽ ഏറിയ പങ്കും ചെറുപ്പം മുതലേ സ്പോർട്സിൽ താൽപര്യം പ്രകടിപ്പിച്ചവരല്ല. ഓരോരോ സാഹചര്യത്തിൽ ഈ മേഖലയിൽ എത്തിപ്പെട്ടതാണ്. അതിനാൽത്തന്നെ ശരീരം കൊണ്ട് സ്പോർട്സിനോടു യോജിക്കുമ്പോഴും കായികഇനങ്ങളുമായി ഇവർക്ക് ആത്മബന്ധമുണ്ടാകുന്നില്ല. കൂടുതൽ ശാരീരികാധ്വാനം വേണ്ടിവരുമെന്നതും പ്രതിഫലം കുറവാണെന്നതും തങ്ങളുടെ കുട്ടികളെ ചെറുപ്പത്തിൽതന്നെ സ്പോർട്സിലേക്കു വിടുന്നതിൽ നിന്നും ഇന്ത്യൻ മാതാപിതാക്കളെ തടയുന്നു. ഈ ഒരവസ്‌ഥയ്ക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്.

സമീപകാലത്ത് പുറത്തു വന്ന പാർലമെന്ററി പാനലിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യ ഒരു കായികതാരത്തിനു വേണ്ടി ഒരു ദിവസം ചെലവാക്കുന്നത് വെറും മൂന്നു പൈസയാണ്. ഇതുവച്ചു വേണം ഒളിമ്പിക് മെഡലുമായി മടങ്ങിവരാൻ. ഇതേ സമയം അമേരിക്ക തങ്ങളുടെ ഓരോ താരത്തിനുമായി ഒരു ദിവസം ചെലവാക്കുന്നത് 22 രൂപയ്ക്കു തുല്യമായ തുകയാണെന്നും ഓർക്കേണ്ടതുണ്ട്. ബ്രിട്ടൻ 50 പൈസയും ജമൈക്ക 19 പൈസയുമാണ് ഓരോ താരത്തിനായി ഒരു ദിവസം മുടക്കുന്നത്.

<ആ>ക്രിക്കറ്റിന്റെ ആധിക്യം

ക്രിക്കറ്റ് ഇന്ത്യൻ കായികരംഗത്തെ കാർന്നുതിന്നുന്നു എന്ന ആരോപണം കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കായികരംഗത്തോട് പുലബന്ധം പോലുമില്ലാത്ത ബിസിനസുകാരും രാഷ്ര്‌ടീയക്കാരും ഭരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കളി എന്നതിലുപരി ബിസിനസ് എന്ന നിലയിലേക്കു വളർന്നു കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു ടൂർണമെന്റ് വിജയിക്കുമ്പോൾ കോടികളാണ് സർക്കാരിൽ നിന്നും ബിസിസിഐയിൽ നിന്നും ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്നത്. ഇതിനുത്തമ ഉദാഹരണമാണ് 2011ൽ നടന്ന പ്രഥമ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയിച്ചു വന്ന ഇന്ത്യൻ ഹോക്കി ടീമിനോടുള്ള സമീപനം. ഓരോതാരത്തിനും 25000 രൂപ വീതമാണ് ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്. മനസു തകർന്നു പോയ താരങ്ങൾ ഇതു സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ കായിക മന്ത്രാലയവും ചില സംസ്‌ഥാന ഗവൺമെന്റുകളും ചേർന്ന് ഇവർക്ക് മാന്യമായ ക്യാഷ് പ്രൈസ് സമ്മാനിക്കുകയായിരുന്നു. എല്ലാ കുട്ടികളും സച്ചിനോ രാഹുൽ ദ്രാവിഡോ ആകാൻ ശ്രമിക്കുന്നു ആരും ധ്യാൻചന്ദോ രൂപ് സിംഗോ ആകാൻ ആഗ്രഹിക്കുന്നില്ല. ഇത് ഹോക്കിയുടെ അവസ്‌ഥ മറ്റു കായിക ഇനങ്ങളും ക്രിക്കറ്റിനോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.

<ആ>നൈപുണ്യത്തിന്റെയും സാങ്കേതികതയുടെയും പരിശീലനഉപകരണങ്ങളുടെയും അഭാവം

കായിക നിപുണതയിലും സാങ്കേതികതയിലും പരിശീലനോപകരണങ്ങളുടെ ലഭ്യതയിലും വൈദ്യസഹായത്തിലുമെല്ലാം ഇന്ത്യ പുറകിലാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. കൂടാതെ സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള പരിശീലനക്കളരികളുടെ ഗുണമേന്മ സംശയകരമാണ്. പരിശീലനസൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ട് ഫണ്ടിന്റെ അപര്യാപ്തതയിൽ നാശത്തിന്റെ വക്കിലായിട്ട് ഒരു വർഷത്തിലേറെയായി. ഇതു തന്നെയാണ് രാജ്യത്തിലെ ഒട്ടുമിക്ക പരിശീലനകളരികളുടെയും അവസ്‌ഥ.

1920ലെ ആന്റ്്വെർപ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക് സംഘത്തെ അയയ്ക്കുന്നത്. 31–ാം ഒളിമ്പിക്സ് കഴിഞ്ഞപ്പോഴും ഇന്ത്യയുടെ ഷോക്കേസിലുള്ളത് വെറും 24 മെഡലുകൾ. അതിൽ ഒമ്പതു സ്വർണത്തിൽ എട്ടെണ്ണം ഹോക്കിയിൽ നേടിയത്. ഇന്ത്യയുടെ ഏക വ്യക്‌തിഗത സ്വർണം 2008ൽ ബെയ്ജിംഗിൽ അഭിനവ് ബിന്ദ്രയുടെ തോക്കിൻ കുഴലിലൂടെ വന്നതും.

<ആ>ഒളിമ്പിക്സിൽ ഇന്ത്യൻ സാധ്യതകൾ

ഹോക്കി

ഇന്ത്യയുടെ അഭിമാനമായ ദേശീയ വിനോദം. എട്ട് ഒളിമ്പിക് സ്വർണം, അതിൽ ആറെണ്ണം തുടർച്ചയായ ഒളിമ്പിക്സുകളിൽ. 36 വർഷത്തിനു ശേഷം ഒളിമ്പിക്സ് ക്വാർട്ടറിൽ കടന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീം ഉയിർത്തെഴുനേൽപ്പിന്റെ പാതയിലാണ്. 36 വർഷത്തിനു ശേഷം ഒളിമ്പിക് യോഗ്യത നേടിയ വനിതാ ടീമും പ്രതീക്ഷയുണർത്തുന്നു.


ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നതും പുരുഷ ടീമിന്റെ നേട്ടമാണ്. ലോക റാങ്കിംഗിൽ ഏറെ വർഷങ്ങൾക്കു ശേഷം ആദ്യ അഞ്ചിൽ ഇടം പിടിച്ച ഇന്ത്യൻ ഹോക്കി ടീം വരാനിരിക്കുന്ന വസന്തത്തിന്റെ സൂചനയാണ് നൽകുന്നത്.

<ആ>ഗുസ്തി

1952ൽ കെ.ഡി യാദവ് നേടിയ വെങ്കലം സുശീൽ കുമാറിലൂടെ ആവർത്തിക്കപ്പെടാൻ 56 വർഷം വേണ്ടിവന്നു. 2008ൽ ബെയ്ജിംഗിൽ സുശീൽ നേടിയ വെങ്കലം 2012ൽ സുശീൽ തന്നെ വെള്ളിയാക്കി. കൂടെ യോഗേശ്വർ ദത്തിന്റെ വക ഒരു വെങ്കലവും കൂടി. ഇപ്പോൾ സാക്ഷി മാലിക്കിലൂടെ മറ്റൊരു വെങ്കലം. ഇതോടെ വ്യക്‌തിഗത വിഭാഗത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയ മത്സരഇനമായി മാറുകയും ചെയ്തു. പുരുഷ താരങ്ങൾ ഇത്തവണ പരാജയപ്പെട്ടെങ്കിലും അവരെ എഴുതി തള്ളേണ്ട കാര്യമില്ല. ക്വാർട്ടറിൽ പരിക്കേറ്റു പുറത്തായ വിനേഷ് ഫോഗട്ടിന്റെ പ്രകടനം കൂടി കണക്കിലെടുത്താൽ വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് ശോഭനമായ ഭാവിയാണുള്ളതെന്നു വ്യക്‌തമാകുന്നു.

<ആ>ബാഡ്മിന്റൺ

സൈന നെഹ്വാൾ ലണ്ടനിൽ നേടിയ സ്വർണം പി. വി സിന്ധു റിയോയിൽ വെള്ളിയാക്കി. സിന്ധുവും ശ്രീകാന്തും റിയോയിൽ പുറത്തെടുത്ത പ്രകടനം രാജ്യത്താകമാനമുള്ള ബാഡ്മിന്റൺ താരങ്ങളിൽ നവോന്മേഷം നിറയ്ക്കും. പ്രീമിയർ ബാഡ്മിന്റണിന്റെ വരവ് രാജ്യത്തെ ബാഡ്മിന്റൺ താരങ്ങൾക്ക് മുതൽക്കൂട്ടാകും. റിയോയിൽ വെള്ളി നേടിയ സിന്ധുവിനു കിട്ടിയ വരവേൽപ്പ് കൂടുതൽ താരങ്ങൾക്ക് ഊർജമാവും.

<ആ>ജിംനാസ്റ്റിക്സ്

ഇന്ത്യയ്ക്ക് ഇന്നുവരെ സ്വപ്നം കാണാൻ കഴിയാതിരുന്ന ജിംനാസ്റ്റിക് നേട്ടങ്ങൾ സ്വന്തമാക്കിയാണ് ദിപ കർമാക്കർ ഒളിമ്പിക്സിനെത്തിയത്. നാലാം സ്‌ഥാനം സ്വന്തമാക്കി ചരിത്രം സൃഷ്‌ടിച്ച് ദിപ മടങ്ങുമ്പോൾ ഒരു പുതുയുഗത്തിനാണ് തുടക്കമാവുന്നത്. ജിംനാസ്റ്റിക്സിൽ കൂടുതൽ താരങ്ങൾക്ക് ദിപയുടെ നേട്ടങ്ങൾ പ്രചോദനമാവും.

<ആ>ഷൂട്ടിംഗ്

ഇത്തവണ മെഡലൊന്നും കിട്ടിയില്ലെങ്കിലും കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയ്ക്കു മെഡൽ നേടിത്തന്ന ഷൂട്ടിംഗിനെ വിസ്മരിക്കാനാവില്ല. അടുത്ത ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ നിന്നും ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്.

<ആ>ടോക്കിയോയിലേക്കു പോകുമ്പോൾ

എന്താണ് ഒളിമ്പിക്സിൽ ഇനി ചെയ്യാനുള്ളതെന്നു ടോക്കിയോയിലാണ് ഇന്ത്യക്കാർ കാണിക്കേണ്ടത്. പിഴയ്ക്കാത്ത ചുവടുമായായിരിക്കണം ഇന്ത്യ ടോക്കിയോയിൽ ഇറങ്ങേണ്ടത്. സംഘബലം സ്വർണമാവില്ലെന്ന യാഥാർഥ്യ ബോധം ഉൾക്കൊണ്ടായിരിക്കണം ഒളിമ്പിക്സിനായുള്ള തയാറെടുപ്പുകൾ നടത്തേണ്ടത്. യോഗ്യതാ മാർക്ക് കഷ്‌ടിച്ചു കടന്നു കൂടുന്ന താരങ്ങളെ ഉൾപ്പെടുത്തി ഒളിമ്പിക് സംഘം രൂപീകരിക്കുന്നതിലല്ല ലോകത്തിലെ പ്രമുഖ താരങ്ങളോടു കിടപിടിക്കുന്ന പ്രകടനം നടത്തി കഴിവു തെളിയിച്ചവരെ അയയ്ക്കുന്നതിലായിരിക്കണം ഇനി ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ലോകകപ്പിലും ലോകചാമ്പ്യൻഷിപ്പുകളിലും സ്വർണനേട്ടങ്ങളും കിരീടനേട്ടങ്ങളും കുറിക്കുന്ന ഇന്ത്യൻ ഷൂട്ടിംഗ്, അമ്പെയ്ത്ത് താരങ്ങൾ ഒളിമ്പിക് വേദിയിൽ എന്തു സംഭവിക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. അതു പോലെതന്നെ ജിംനാസ്റ്റിക്സ് പോലെയുള്ള മത്സരയിനങ്ങൾ വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. അത്ലറ്റിക്സിലെ പ്രകടനം നിരാശജനകമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അവസാന നിമിഷം യോഗ്യത ഒപ്പിച്ചു പറക്കുന്ന രീതി മാറണം. മധ്യദൂര, ദൂർഘദൂര ഇനങ്ങളാണ് ഇന്ത്യയുടെ ശക്‌തി. അതിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പരിശീലനം ഇപ്പൊഴേ തുടങ്ങണം. റിയോയിലെ കയ്പേറുന്ന ഓർമകൾ മറന്ന് ടോക്കിയോയിൽ നേടാൻ പോകുന്ന മെഡലുകളെപ്പറ്റിയാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. അതിനുള്ള പരിശീലനം ഇപ്പോൾ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. സമഗ്രപദ്ധതി തയാറാക്കി ഇപ്പോഴേ നാം ടോക്കിയോ ഒളിമ്പിക്സിനേപ്പറ്റി ചിന്തിച്ചു തുടങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.