ജെയ്ഷ പിൻവലിയുന്നു
ജെയ്ഷ പിൻവലിയുന്നു
Wednesday, August 24, 2016 11:35 AM IST
ബംഗളൂരു: ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മലയാളി അത്ലറ്റ് ഒളിമ്പ്യൻ ഒ.പി.ജെയ്ഷ ആരോപണങ്ങളിൽനിന്ന് പിന്നോട്ട്. ഒളിമ്പിക്സ് മാരത്തണിൽ പങ്കെടുത്ത തനിക്കും കവിത റാവത്തിനും ഇന്ത്യൻ ഒഫീഷ്യലുകൾ വെള്ളം പോലും നൽകിയില്ലെന്നായിരുന്നു ജെയ്ഷയുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പറഞ്ഞതെല്ലാം ജെയ്ഷ തിരുത്തിയത്.

ജെയ്ഷയുടെ പുതിയ ആരോപണം പരിശീലകൻ നിക്കോളെ സ്നെസാറേവിന് എതിരേയാണ്. ഫെഡറേഷൻ വെള്ളം തന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് വേണ്ടി എത്ര കോടി മുടക്കാനും ഫെഡറേഷൻ തയാറാണെന്നുമാണ് ജെയ്ഷയുടെ ഇന്നത്തെ നിലപാട്. കോച്ചാണ് എല്ലാത്തിനും കാരണം. ഓട്ടത്തിനിടെ വെള്ളം നൽകണോ എന്ന് പരിശീലകനോട് ഫെഡറേഷൻ ചോദിച്ചിരുന്നു. വെള്ളം നൽകേണ്ടെന്നാണ് പരിശീലകൻ പറഞ്ഞത്. ഒരുപാട് സഹിച്ചെന്നും കോച്ച് നിക്കോളെയുടെ കീഴിൽ ഇനി പരിശീലിക്കില്ലെന്നും വിവാദങ്ങളുടെ പേരിൽ ട്രാക്കിനോട് വിടപറയില്ലെന്നും ജെയ്ഷ പറഞ്ഞു.

മാരത്തണിനിടെ ജെയ്ഷയ്ക്ക് വെള്ളം നൽകിയില്ലെന്നതിന്റെ പേരിൽ രൂക്ഷ വിമർശനമാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെതിരേയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെതിരെയും ഉയർന്നത്. ജെയ്ഷയുടെ ആരോപണങ്ങൾ ഫെഡറേഷൻ നേരത്തെ തന്നെ തള്ളിയിരുന്നു. വെള്ളം ആവശ്യമില്ലെന്ന് ജെയ്ഷ തന്നെയാണ് പറഞ്ഞതെന്നായിരുന്നു അസോസിയേഷന്റെ വിശദീകരണം. എന്നാൽ, കടുത്ത സമ്മർദത്തിന്റെ ഫലമായാണ് ജെയ്ഷ ആരോപണങ്ങളിൽനിന്നു പിന്മാറിയതെന്ന് റിപ്പോർട്ടുകളുണ്ട്.


<ആ>ജെയ്ഷയുടെ ലക്ഷ്യം അർജുന

ലുധിയാന: റിയോ ഒളിമ്പിക്സിൽ മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ. പി. ജെയ്ഷയുടെ അടുത്ത ലക്ഷ്യം അർജുന അവാർഡ്. തുടർച്ചയായി നാലു തവണ അർജുന അവാർഡിനു നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും ഒരിക്കൽ പോലും അവാർഡിന് ജെയ്ഷ പരിഗണിക്കപ്പെട്ടില്ല. ഏഷ്യൻ ഗെയിംസിൽ രണ്ടു തവണ വെങ്കലവും ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണവും ജെയ്ഷ നേടിയിട്ടുണ്ട്. കൂടാതെ, ദേശീയ റിക്കാർഡും ജെയ്ഷ സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. ലുധിയാന സ്വദേശിയായ അത്ലറ്റ് ഗുർമീത് സിംഗിനെയാണു ജെയ്ഷ വിവാഹം കഴിച്ചിരിക്കുന്നത്. 2010ലായിരുന്നു വിവാഹം. റിയോയിൽ മാരത്തണിൽ പങ്കെടുത്ത ജെയ്ഷ മത്സരത്തിനിടയ്ക്ക് കുടിവെള്ളം നല്കാൻ തയാറാവാതിരുന്ന അധികൃതർക്കെതിരേ രംഗത്തുവന്നിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത ഒരു താരത്തെ ദൈവത്തിന്റെ ദയക്കു വിട്ടു കൊടുക്കുകയാണ് ഇന്ത്യൻ അധികൃതർ ചെയ്തതെന്നു ജയ്ഷയുടെ ഭർത്താവ് ഗുർമീത് സിംഗ് പറഞ്ഞു.

അത്ലറ്റിക്സിൽ നിന്നു വിരമിക്കുമെന്നു ജെയ്ഷ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, ഗുർമീത് അക്കാര്യം നിഷേധിച്ചു. അർജുന അവാർഡ് നേടിയെടുക്കുകയാണു ജെയ്ഷയുടെ അടുത്ത ലക്ഷ്യം. അതിനായുള്ള പരിശീലനം ജെയ്ഷയ്ക്കു നൽകുമെന്നും ഗുർമീത് പറഞ്ഞു. മാരത്തണിനു പകരം 1500 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ജെയ്ഷയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.