ദിൽസ്കൂപ്പ് ഇനിയില്ല
ദിൽസ്കൂപ്പ് ഇനിയില്ല
Thursday, August 25, 2016 11:58 AM IST
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ മറ്റൊരു മിന്നും താരം കൂടി വിടവാങ്ങുന്നു. ലങ്കൻ ക്രിക്കറ്റിലെ പല മഹാരഥന്മാരും ഇതിനോടകം കളം വിട്ട സാഹചര്യത്തിൽ ഓപ്പണിംഗ് ബാറ്റ്സ്മാൻ തിലകരത്നെ ദിൽഷനും കളിജീവിതം അവസാനിപ്പിക്കുകയാണ്. ഏകദിന, ട്വന്റി–20 മത്സരങ്ങളിൽനിന്നാണ് ദിൽഷൻ വിരമിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തോടെ ഏകദിനത്തിൽ നിന്നും ദിൽഷൻ വിരമിക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് (എസ്എൽസി) അറിയിച്ചു. പരമ്പരയിൽ ഇനി മൂന്നു മത്സരം കൂടിശേഷിക്കേ പരമ്പര 1–1 എന്ന നിലയിലാണ്. ഞായറാഴ്ചത്തെ മത്സരത്തോടെ വിരമിക്കുമെന്ന് ദിൽഷനും അറിയിച്ചിട്ടുണ്ട്. രണ്ടു ട്വന്റി–20യും ഓസ്ട്രേലിയയുടെ ലങ്കൻ പര്യടനത്തിലുണ്ട്. സെപ്റ്റംബർ 6, 9 തീയതികളിലാണ് ട്വന്റി–20 മത്സരങ്ങൾ. ട്വന്റി–20യിൽ ദിൽഷൻ ഉണ്ടാകും.

പതിനേഴ് വർഷം നീണ്ടുനിന്ന ക്രിക്കറ്റ് ജീവിതത്തിനാണ് ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമമാകുക. 39കാരനായ ദിൽഷൻ മാതൃരാജ്യത്തിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ മാനിച്ച് 28ന് നടക്കുന്ന മത്സരം ദിൽഷാനാണ് സമർപ്പിക്കുന്നതെന്നും ലങ്കൻ ബോർഡ് അറിയിച്ചു. 2013 ഒക്ടോബറിൽ ദിൽഷൻ ടെസ്റ്റിൽനിന്നു വിരമിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഏകദിനം ലങ്കയുടെ ഏറ്റവും മാരകശേഷിയുള്ള ഓപ്പണറുടെ 330–ാം ഏകദിനമത്സരമാണ്. 10,248 റൺസാണ് ഇതുവരെയുള്ള നേട്ടം. 106 വിക്കറ്റുകളും സ്വന്തമാക്കിട്ടുണ്ട്. 78 ട്വന്റി–20 മത്സരങ്ങളിലും അദ്ദേഹമിറങ്ങി. 1999ൽ സിംബാബ്വെയ്ക്കെതിരേയാണ് ദിൽഷന്റെ അരങ്ങേറ്റം. ഏകദിനത്തിൽ 10,000–ത്തിലേറെ റൺസ് കടക്കുന്ന പതിനൊന്നാമനും ശ്രീലങ്കയുടെ നാലാമനുമായ ബാറ്റ്സ്മാനാണ് ദിൽഷൻ. ട്വന്റി–20യിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനും ഈ താരമാണ്. മഹേല ജയവർധനയാണ് മറ്റൊരു സെഞ്ചുറി നേട്ടക്കാരൻ. ദിൽഷൻ എന്ന വലംകൈയൻ ബാറ്റ്സ്മാൻ വിരമിക്കുമ്പോൾ ഏകദിന, ട്വന്റി 20യിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായ സ്ട്രോക്കുകൾ പ്രത്യേകിച്ച് ദിൽസ്കൂപ്പ് രാജകീയ പ്രൗഢിയോടെ നിലനിൽക്കും.

2014, 2015 വർഷമായിരുന്നു ദിൽഷന്റെ കരിയറിലെ മികച്ച കാലഘട്ടം. 2014ൽ 25 കളിയിൽ 41.25 ശരാശരിയിൽ 990 റൺസാണ് അടിച്ചെടുത്തത്. 2015ലെത്തിയപ്പോൾ 25 മത്സരത്തിൽനിന്ന് 52.47 ശരാശരിയിൽ 1207 റൺസ് നേടുകയും ചെയ്തു. ആ കാലത്താണ് ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്കോറായ പുറത്താകാതെ 161 റൺസ് ദിൽഷൻ നേടുന്നതും. ദിൽഷനും കൂടി വിരമിക്കുന്ന അവസ്‌ഥയിൽ ശ്രീലങ്കൻ സെലക്ടർമാർക്കു കൂടുതൽ സമ്മർദമാകുകയാണ്. 2019 ലോകകപ്പിനു നായകൻ ഏയ്ഞ്ചലോ മാത്യൂസിനും സെലക്ടർമാക്കും മികച്ചൊരു ടീമിനെ ലഭിച്ചേ തീരൂ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ലങ്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ദിൽഷനായിരുന്നു. ഓഫ് സ്പിന്നറായ ദിൽഷനെ ആവശ്യസമയത്ത് ബൗളറായും ഉപയോഗിക്കാം. 44.84 ശരാശരിയിൽ 106 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ദിൽഷൻ.


1999 അരങ്ങേറ്റം കുറിച്ച ദിൽഷൻ ടീമിലെ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാനായിരുന്നു. അത് ഏകദേശം പത്ത് വർഷത്തോളം തുടരുകയും ചെയ്തു. ഇതിനുശേഷം 2009 മുതലാണ് ലങ്കയുടെ സ്‌ഥിരം ഓപ്പണർ പദവിയിലേക്ക് ദിൽഷൻ എത്തുന്നത്. ഇതോടെ അദ്ദേഹം നാലു തവണ ഒരു കലണ്ടർ ഇയറിൽ ആയിരവും അതിലേറെ റൺസും സ്കോർ ചെയ്തു. 2009 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ഒരു കലണ്ടർ വർഷം 800ൽ താഴെ സ്കോർ ചെയ്തിട്ടുമില്ല. കഴിഞ്ഞ ആറു വർഷമായി ട്വന്റി–20 ക്രിക്കറ്റിലെയും പ്രമുഖ താരമാണ് ദിൽഷൻ. 2011ൽ ഓസ്ട്രേലിയയ്ക്കെതിരേ പല്ലേക്കലെയിൽ നടന്ന ട്വന്റി–20യിൽ സെഞ്ചുറി നേടുകയും ചെയ്തു. അന്താരാഷ്്ട്ര മത്സരത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയ ചുരുക്കം ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ദിൽഷൻ.

കവർ ഡ്രൈവിനും പുൾ ഷോട്ടിനും ദിൽഷൻ തന്റേതായ ശൈലി കൊണ്ടുവന്നു. ലാപ് സ്കൂപ്പിന്റെ കണ്ടുപിടിത്തക്കാരനും ദിൽഷനാണ്. ഇത് കൂടുതലും മീഡിയം പേസർമാർക്കെതിരേ സ്ലോഗ് സ്വീപ്പിനാണ് പ്രയോഗിക്കാറ്. ഇതിലും വലിയ കണ്ടുപിടിത്തമാണ് ദിൽസ്കൂപ്പ്. ലെംഗ്ത് ബോളുകൾ വിക്കറ്റ്കീപ്പറുടെ തലയ്ക്കു മുകളിലൂടെ പറത്തുന്നതാണ് ഇതിന്റെ പ്രത്യേകത.

മെയ് 2010 മുതൽ ജനുവരി 2012 വരെ ദിൽഷൻ ലങ്കയെ മൂന്നു ഫോർമാറ്റിലും നയിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ദക്ഷിണാഫ്രിക്കയെ ടെസ്റ്റിൽ ആദ്യമായി ലങ്ക പരാജയപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.