സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ്: കേരള റോയൽസ് റെഡി
സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ്: കേരള റോയൽസ് റെഡി
Thursday, August 25, 2016 11:58 AM IST
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാതൃകയിൽ സെപ്റ്റംബർ 12 മുതൽ നടക്കുന്ന സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിനുള്ള(സിബിഎൽ) കേരള റോയൽസ് ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിലെ സ്വകാര്യഹോട്ടലിലായിരുന്നു പ്രഖ്യാപന ചടങ്ങ്. ക്യാപ്റ്റൻ ജയറാം, വൈസ് ക്യാപ്റ്റൻ നരേൻ, ടീം അംഗങ്ങളായ സൈജു കുറുപ്പ്, ശേഖർ മേനോൻ, രാജീവ് പിള്ള, റോണി ഡേവിഡ്, പാർവതി നമ്പ്യാർ, രഞ്ജിനി ഹരിദാസ്, ടീം ഉടമ രഞ്ജിത് കരുണാകരൻ എന്നിവരാണ് ചടങ്ങിനെത്തിയത്. ശ്രീനാഥ് ഭാസി, ജേക്കബ് ഗ്രിഗറി എന്നിവർ ടീമിലുണ്ടെങ്കിലും ചടങ്ങിനെത്തിയില്ല.

തന്റെ കുട്ടിക്കാലത്തെ പ്രധാന ഇഷ്‌ടങ്ങളായ ആന, ചെണ്ട എന്നിവയോടൊപ്പം താലോലിച്ച മറ്റൊരു ഇഷ്‌ടമായിരുന്നു ബാഡ്മിന്റണെന്ന് ജയറാം പറഞ്ഞു. ഇന്നും ഷൂട്ടിംഗ് സെറ്റുകളിൽ പോകുമ്പോൾ ബാഡ്മിന്റൺ കിറ്റ് കരുതാറുണ്ട്.

തനിക്ക് സിനിമാമേഖലയിലേതിനേക്കാൾ കൂടുതൽ സുഹൃത്തുക്കൾ ബാഡ്മിന്റൺ കോർട്ടുകളിലായിരിക്കുമെന്നും ജയറാം പറഞ്ഞു. കേരള റോയൽസ് ടീമിന് ജയറാമിന്റെ നേതൃത്വം ഗുണം ചെയ്യുമെന്ന് കേരള അണ്ടർ 19 താരമായിരുന്ന പാർവതി നമ്പ്യാർ പറഞ്ഞു. കൂടെ പഠിച്ച പെൺകുട്ടിയുടെ ഇഷ്‌ടം പിടിച്ചുപറ്റാനാണ് താൻ ആദ്യമായി ബാറ്റ് കൈയിലെടുത്തതതെന്ന് വൈസ്ക്യാപ്റ്റൻ നരേൻ പറഞ്ഞു.


മംമ്താ മോഹൻദാസിനെയും ടീമിൽ ഉൾപ്പെടുത്തുമെന്ന് ടീം അധികൃതർ അറിയിച്ചു. പരിശീലകനെ ഉടൻ നിയമിക്കും.

കൊച്ചി റീജണൽ സ്പോർട്സ് സെന്ററിലെ ഇൻഡോർ സ്റ്റേഡിയമായിരിക്കും ഹോം കോർട്ട്. കേരള റോയൽസിനു പുറമേ ചെന്നൈ റോക്കേഴ്സ്, കർണാടക ആൽപ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. ലീഗിന്റെ പ്രചാരണത്തിനായി ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി പി.വി. സിന്ധുവിനെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രഞ്ജിത് കരുണാകരൻ പറഞ്ഞു.

പുരുഷ, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.

കൊച്ചിക്കു പുറമെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും മത്സരം നടക്കുക. ക്വലാലംപുരിലാണു ഫൈനൽ. കേരളാ റോയൽസ് 18 വയസിനു താഴെയുള്ള കുട്ടികൾക്ക് പരിശീലനം നൽകുമെന്നും സെറിബ്രൽ പൾസി ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുമെന്നും ടീം ഓപ്പറേഷൻസ് ഹെഡ് വിനീത്കുമാർ പറഞ്ഞു. ടീമിന്റെ പ്രോമോ സോംഗ്, ജേഴ്സി തുടങ്ങിയവ പിന്നീട് പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.