ജെയ്ഷയുടെ ആരോപണങ്ങൾ തള്ളി പരിശീലകൻ
ജെയ്ഷയുടെ ആരോപണങ്ങൾ തള്ളി പരിശീലകൻ
Thursday, August 25, 2016 12:06 PM IST
ജെയ്ഷയ്ക്ക് എച്ച്വൺ എൻവൺ എന്നു റിപ്പോർട്ട്

ന്യൂഡൽഹി: മാരത്തണിൽ ഓടിത്തളർന്ന തനിക്ക് വെള്ളം പോലും കിട്ടാതിരുന്നതിനു പിന്നിൽ പരിശീലകനാണെന്ന ജെയ്ഷയുടെ ആരോപണത്തിനെതിരേ പരിശീലകൻ നിക്കോളായ് സ്നസരേവ് രംഗത്തെത്തി. മത്സരത്തിനിടെ എനർജി ഡ്രിങ്ക് വേണ്ടെന്നു ജെയ്ഷ തന്നെയാണു പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വാദം. മത്സരത്തിനിടെ കുടിക്കാൻ വെള്ളമോ മറ്റെന്തെങ്കിലും ഭക്ഷണമോ വേണോ എന്നു ജെയ്ഷയോടു താൻ ചോദിച്ചെങ്കിലും ജെയ്ഷ ഒന്നും വേണ്ടെന്നാണു പറഞ്ഞതെന്നും നിക്കോളായ് പറഞ്ഞു. ഇപ്പോൾ അതെല്ലാം മറച്ചുവച്ച് ആരോപണവുമായി രംഗത്തെത്തിയതിന്റെ കാരണം വ്യക്‌തമല്ലെന്നും നിക്കോളായ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും വിവാദത്തിൽനിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ കുറ്റക്കാരല്ലെന്നും നിക്കോളായ്ക്കു കീഴിൽ പരിശീലനം അവസാനിപ്പിക്കുന്നതായും മാരത്തണിൽ ഇനി മത്സരിക്കില്ലെന്നും ജെയ്ഷ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.

മാരത്തൺ മത്സരത്തിൽ വെള്ളം വേണമോയെന്നു നിക്കോളായോട് ഫെഡറേഷൻ ചോദിച്ചത്. അദ്ദേഹമാണു വെള്ളം വേണ്ടെന്നു പറഞ്ഞതും. അദ്ദേഹത്തിന്റെ പരിശീലനരീതികളോട് ഒട്ടും യോജിച്ചു പോകാനാവുന്നില്ലെന്നും പരമാവധി സഹിച്ചെന്നും ജെയ്ഷ പറഞ്ഞിരുന്നു. മാരത്തണിൽ ഇനി മത്സരിക്കില്ലെങ്കിലും വിവാദങ്ങളുടെ പേരിൽ ട്രാക്കിൽനിന്ന് വിരമിക്കാനില്ലെന്നും 1500 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജെയ്ഷ പറഞ്ഞു.


ജെയ്ഷയുടെ ആരോപണത്തിനെതിരേ ഫെഡറേഷൻ രംഗത്തുവന്നിരുന്നു. അത്ലറ്റിക് ഫെഡറേഷൻ പച്ചക്കള്ളമാണ് പറയുന്നതെന്നുകഴിഞ്ഞ ദിവസംവരെ വ്യക്‌തമാക്കിയിരുന്ന ജെയ്ഷ ഇന്നലെ പെട്ടെന്നു നിലപാട് മാറ്റുകയായിരുന്നു.

ജെയ്ഷയും നിക്കോളായിയും തമ്മിൽ നേരത്തേതന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മാരത്തൺ ഓടാൻ പറ്റില്ലെന്നറിയിച്ച് ജെയ്ഷ അത്ലറ്റിക് ഫെഡറേഷനും സായിക്കും കത്തെഴുതിയെങ്കിലും നിക്കോളായ് സമ്മതിച്ചിരുന്നില്ല. 1,500 മീറ്ററിൽ മത്സരിച്ച് യോഗ്യത നേടാനുള്ള ശ്രമത്തെ പരിശീലകൻ നിരുത്സാഹപ്പെടുത്തിയെന്നും അന്നു ജെയ്ഷ പറഞ്ഞിരുന്നു. പരിശീലകന്റെ തീരുമാനം മറികടന്ന് അത്ലറ്റിക് ഫെഡറേഷെൻറ പ്രത്യേക അനുമതിയോടെയാണ് കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ 1,500 മീറ്ററിൽ ജെയ്ഷ പങ്കെടുത്തത്.

ജെയ്ഷയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.അതിനിടെ, ജെയ്ഷയ്ക്ക് എച്ചവൺഎൻവൺ പനിയാണെ ന്നു റിപ്പോർട്ടുണ്ട്. സുധ സിംഗിനും ഈ പനിബാധിച്ചതായി തെളിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.