ഒളിമ്പിക്സിലും അഛേ ദിൻ
ഒളിമ്പിക്സിലും അഛേ ദിൻ
Friday, August 26, 2016 11:54 AM IST
ന്യൂഡൽഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകൾക്കുള്ള തയാറെടുപ്പുകൾക്കായി പ്രത്യേക സമിതി രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020, 2024, 2028 ഒളിമ്പിക്സുകളിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുകയാണു സമിതിയുടെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേക കർമപദ്ധതി രൂപീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. റിയോയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഇടപെടൽ.

1996 അറ്റ്ലാന്റ ഒളിമ്പിക്സിനു ശേഷം പുരുഷന്മാർ മെഡൽപട്ടികയിൽ വരാതെ പോയ ഒളിമ്പിക്സെന്ന പ്രത്യേകതയും റിയോ ഒളിമ്പിക്സിനുണ്ട്. റിയോയിൽ മൂന്നു വനിത താരങ്ങളാണ് ഇന്ത്യയുടെ മാനം കാത്തത്. ബാഡ്മിന്റണിൽ വെള്ളിമെഡൽ നേടിയ പി. വി. സിന്ധുവും ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്കും ജിംനാസ്റ്റിക്സ് താരം ദിപ കർമാക്കറും. ഇതിൽ ദിപയ്ക്ക് 0.15 പോയിന്റിന്റെ വ്യത്യാസത്തിലാണു മെഡൽ നഷ്‌ടപ്പെട്ടത്. ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടകരമായ ഇനമെന്ന വിശേഷണമുള്ള പ്രൊഡുനോവ ദിപ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമാണ് സമിതിയെ നിയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.