അവർ പോരാട്ട വീര്യത്തിന്റെ പ്രതീകമായി
അവർ പോരാട്ട വീര്യത്തിന്റെ പ്രതീകമായി
Saturday, August 27, 2016 11:57 AM IST
<ആ>സന്ദീപ് സലിം

ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അണിനിരന്ന രാജ്യങ്ങളുടെ ഏറ്റവും പിന്നിൽ 10 പേർ മാത്രമടങ്ങുന്ന ഒരു ടീമുണ്ടായിരുന്നു. അവരുടെ നെയിം ബോർഡിലോ ജേഴ്സികളിലേ രാജ്യത്തിന്റെ പേരുണ്ടായിരുന്നില്ല. ജനിച്ച നാടിന്റെ കൊടിയടയാളവുമുണ്ടായിരുന്നില്ല. പകരം, ഒളിമ്പിക് പതാകയായിരുന്നു അവർക്കുണ്ടായിരുന്നത്. അവർ അഭയാർഥികളാണ്. തുർക്കിടുത്ത് മെഡിറ്ററേനിയൻ കടൽത്തീരത്ത് മൺതരികളിൽ മുഖം ചേർത്ത് മരിച്ചു പോയ അയ്ലൻ കുർദിയുടെ ഓർമകളായിരിക്കും അവരുടെ മനസിൽ നിറഞ്ഞു നിന്നിട്ടുണ്ടാവുക.

വർത്തമാനകാലത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണു സിറിയയിലും യെമനിലും സുഡാനിലും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും തീവ്രവാദ ഭീഷണിയും. ഇവയെത്തുടർന്നുണ്ടായ അഭയാർഥി പ്രവാഹം ലോകരാജ്യങ്ങൾക്ക് ഇപ്പോഴും വലിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. അഭയാർഥികളാക്കപ്പെടുന്നവരോട് ചേർന്നുനിൽക്കാനുള്ള, ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനമായിരുന്നു അഭയാർഥികളായ കായികതാരങ്ങളുടെ ടീം എന്ന ആശയത്തിന്റെ പിന്നിൽ. കഴിഞ്ഞ മാർച്ചിൽ ഐഒസി പ്രസിഡന്റ് തോമസ് ബാക്കാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അഭയാർഥികളായ 43 കായിക താരങ്ങളെ ഒളിമ്പിക്സ് കമ്മിറ്റി കണ്ടെത്തി. ഐക്യരാഷ്രട്ര സഭയുടെ രേഖകളിൽ അഭയാർഥികളെന്നു രേഖപ്പെടുത്തിയവരെയാണ് കമ്മിറ്റി പരിഗണിച്ചത്. അതിൽ 10 പേർ ഒളിമ്പിക്സ് യോഗ്യതാമാർക്കു കടന്നു. അവരെ പിന്നീട് ഒരു ടീമാക്കി മാറ്റുകയായിരുന്നു. ആറ് പുരുഷന്മാരും നാല് വനിതകളും അടങ്ങിയതായിരുന്നു ആ താരനിര. ഇവരിൽ അഞ്ചു പേർ ദക്ഷിണസുഡാനിൽ നിന്നു കെനിയയിലേക്കു കുടിയേറിയവരാണ്. റിയോയിൽ ഇവരിൽ ആർക്കും സ്വർണം നേടാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ ഹൃദയം കവർന്നാണു മടക്കം.

<ആ>യുസ്ര മർദീനി (നീന്തൽ)

റിയോയിൽ നീന്താനിറങ്ങിയവരിൽ മുൻനിര താരമായിരുന്നു യുസ്ര മർദീനി. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിലും 100 മീറ്റർ ഫ്രീസ്റ്റൈലിലും മത്സരിച്ചെങ്കിലും മർദീനിയുടെ പ്രകടനം ഹീറ്റ്സിൽത്തന്നെ അവസാനിച്ചു. നീന്തൽക്കുളത്തിൽ സർവശക്‌തിയുമെടുത്തു തുഴയുമ്പോൾ യുസ്ര മർദീനി എന്ന 18കാരിയുടെ മനസിൽ അലയടിക്കുക ഈജിയൻ കടലിൽ നീന്തിയ ഓർമകളായിരിക്കും എന്നതിൽ തർക്കമില്ല. ആഭ്യന്തരയുദ്ധം മൂർച്ഛിച്ച സിറിയയിൽനിന്ന് ജർമനിയിൽ അഭയാർഥിയായി എത്തിയ താരമാണ് മർദീനി. സഹോദരി സാറയെയും കൂട്ടി ചെറിയൊരു ബോട്ടിലായിരുന്നു യുസ്ര മർദീനി രക്ഷപ്പെട്ടത്. പക്ഷേ, യാത്രാമധ്യേ ബോട്ട് മറിഞ്ഞു. നീന്തൽക്കുളത്തിൽനിന്ന് ആവാഹിച്ച മത്സരവീര്യമാണ് അവളെ ജീവിതത്തിലേക്കു നീന്തിക്കയറാൻ പ്രേരിപ്പിച്ചത്. സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നില്ല അവൾ ചെയ്തത് ഇരുപതോളം പേരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു.

<ആ>റാമി അനിസ് (നീന്തൽ)

ബെൽജിയത്തിൽ അഭയം തേടിയ റാമി അനിസ് സിറിയക്കാരനാണ്. 100 മീറ്റർ ഫ്രീസ്റ്റൈലിൽ കരിയറിലെ മികച്ച സമയം കുറിക്കാൻ അദ്ദേഹത്തിനായി. പക്ഷേ, ഹീറ്റ്സിനപ്പുറം കടക്കാൻ അതു മതിയാവുമായിരുന്നില്ല. 54.25 സെക്കൻഡിനാണ് അദ്ദേഹം നീന്തിയെത്തിയത്. 59 പേർ മത്സരിച്ച ഹീറ്റ്സിൽ അദ്ദേഹത്തിനു 56–ാം സ്‌ഥാനമാണ് ലഭിച്ചത്. 56.23 സെക്കൻഡിലാണ് 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ അദ്ദേഹം നീന്തിയെത്തിയത്. 43 പേരിൽ 40–ാം സ്‌ഥാനമായിരുന്നു ഈയിനത്തിൽ അദ്ദേഹം നേടിയത്. സിറിയയിൽ നിന്ന് തുർക്കി വഴിയാണ് അദ്ദേഹം ബെൽജിയത്തിലെത്തിയത്. ഒളിമ്പിക്സിൽ പങ്കെടുക്കാനായത് വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. ഞാനിപ്പോഴും ആ സ്വപ്നത്തിൽ തന്നെയാണെന്നാണ് മത്സരശേഷം റാമി പ്രതികരിച്ചത്.

<ആ>യീച് പുർ ബിയെൽ (800 മീറ്റർ)

ദക്ഷിണ സുഡാൻകാരനാണ് യീച് പുർ ബിയെൽ. കെനിയയിലെ ഒരു അഭയാർഥി ക്യാമ്പിലാണ് കഴിഞ്ഞ 10 വർഷമായി അദ്ദേഹം കഴിയുന്നത്. 800 മീറ്ററിലാണ് അദ്ദേഹം മത്സരിച്ചത്. 1.54.67 സെക്കൻഡിലാണ് അദ്ദേഹം ഹീറ്റ്സ പൂർത്തിയാക്കിയത്. സെമിഫൈനലിലേക്കു യോഗ്യത നേടാൻ ഈ പ്രകടനം മതിയാവുമായിരുന്നില്ല.

<ആ>ജയിംസ് ചിയെൻജിയെക് (400 മീറ്റർ)

ദക്ഷിണ സുഡാനിൽ നിന്നു കെനിയയിലേക്കു കുടിയേറിയ ജയിംസ് ചിയെൻജിയെക് മത്സരിച്ചത് 400 മീറ്ററിൽ. 400 മീറ്ററിൽ അദ്ദേഹം ഓടിയെത്തിയത് എട്ടാമതായാണ്. സെമിയിലെത്താൻ അതു പോരായിരുന്നു. 52.89 സെക്കൻഡായിരുന്നു അദ്ദേഹം 400 മീറ്റർ ഒടിയെത്താൻ എടുത്തത്.


<ആ>പൗലോ അമോതുൻ ലൊകോറോ (1500 മീറ്റർ)

കന്നുകാലികളെ വളർത്തി ജീവിച്ചിരുന്ന സുഡാൻ പൗരനായിരുന്നു പൗലോ അമോതുൻ ലൊകോറോ. 1500 മീറ്ററിലായിരുന്നു അദ്ദേഹം മത്സരിക്കാനിറങ്ങിയത്. 39–ാം സ്‌ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. സുഡാനിൽ അദ്ദേഹത്തിനു നിരവധി കന്നുകാലികൾ സ്വന്തമായുണ്ടായിരുന്നു. കൂടെ, സ്പോർട്സിൽ താത്പര്യവും. കരുത്തുറ്റ ശരീരത്തിനുടമയായിരുന്ന ലൊകോറെ ദീർഘദൂര ഓട്ടത്തിൽ പങ്കെടുക്കാറുമുണ്ടായിരുന്നു. എന്നാൽ, ആഭ്യന്തര യുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. പിന്നീട്, കെനിയയിലേക്കു പലായനം ചെയ്യുകയല്ലാതെ അദ്ദേഹത്തിനു മറ്റൊരു വഴിയുമില്ലായിരുന്നു. അങ്ങോട്ടുള്ള യാത്രാമധ്യേ അദ്ദേഹത്തിനു കഴിക്കാൻ പഴങ്ങൾ മാത്രമാണുണ്ടായിരുന്നത്.

ഒരു ഷൂസുപോലും അദ്ദേഹത്തിനു സ്വന്തമായിട്ടുണ്ടായിരുന്നില്ല. ഒളിമ്പിക്സിൽ പങ്കെടുക്കാനായത് മറ്റു പലരെയും പോലെ തനിക്കും ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും തനിക്കും ചിലത് ചെയ്യാനാവുമെന്നു സ്വയം വിശ്വസിക്കാൻ ഇതു സഹായിക്കുന്നതായും അദ്ദേഹം മത്സരശേഷം പറഞ്ഞു.

<ആ>ആഞ്ചലീന നദാ ലൊഹാലിത് (1500 മീറ്റർ)

ആറാം വയസിൽ മാതാപിതാക്കളെ പിരിയേണ്ടിവന്ന താരമാണ് ആഞ്ചലീന നദ് ലൊഹാലിത്. സുഡാനിലെ ആഭ്യന്തരയുദ്ധമായിരുന്നു കാരണമെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പിന്നീട്, ജീവിതം തന്നെ അവൾക്കൊരു പോരാട്ടമായിരുന്നു. അത് ട്രാക്കിലേക്കും എത്തിക്കാൻ അവൾക്കായി.

14 വർഷങ്ങൾക്കു ശേഷമാണ് അവൾക്ക് കെനിയയിലേക്കു കുടിയേറിപ്പോയ മാതാപിതാക്കളെ കണ്ടെത്താനായത്. 1500 മീറ്ററിലാണ് ആഞ്ചലീന ലൊഹാലിത് റിയോയിൽ മത്സരിക്കാനിറങ്ങിയത്. 14–ാം സ്‌ഥാനത്തെത്താനേ അവൾക്കായുള്ളൂ. 4:47:38 സെക്കൻഡിനാണ് അവൾ ഓടിയത്തിയത്. പക്ഷേ, ജീവിതത്തിന്റെ പോരാട്ട ഭൂമിയിൽ അവൾ വിജയി തന്നെയാണ്.

<ആ>റോസ് നാതികെ ലോകോന്യെൻ (800 മീറ്റർ)

ദക്ഷിണ സുഡാനിൽ നിന്നു റിയോയിലെത്തിയവരിൽ ശ്രദ്ധേയ താരമാണ് റോസ് നാതികെ ലോകോന്യെൻ. ആഭ്യന്തര യുദ്ധത്തിനിടെ പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടയിടത്തുനിന്ന് പുനർജനിച്ചാണു റിയോയിലെത്തിയത്. റോസിനു പത്ത് വയസുള്ളപ്പോഴാണ് സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നത്. അന്നു പരിക്കേറ്റ റോസിനെയും കൊണ്ട് അവളുടെ മാതാപിതാക്കൾ കെനിയയിലേക്കു പലായനം ചെയ്യേണ്ടിവന്നു. കെനിയയിലെ ആശുപത്രിയിൽ ദീർഘകാലത്തെ ചികിത്സകൾക്കു ശേഷമാണ് റോസ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. 800 മീറ്ററിൽ മത്സരിച്ചെങ്കിലും ഹീറ്റ്സിനപ്പുറം കടക്കാൻ അവൾക്കായില്ല. 2015 ലാണ് റോസ് ആദ്യമായി നിലവാരമുള്ള ഒരു ബൂട്സ് അണിഞ്ഞ് ഓടുന്നത്. ആ ഓട്ടം റിയോയിലെ ട്രാക്കുവരെ എത്തിച്ചത് അവൾക്കു മാത്രം അവകാശപ്പെട്ട നേട്ടമാണ്.

<ആ>യൂനിസ് കിൻഡെ (42 കി.മീറ്റർ മാരത്തൺ)

എത്യോപ്യയിൽ നിന്ന് ലക്സംബൂർഗിൽ അഭയംതേടിയ ദീർഘ ദൂര ഓട്ടക്കാരനാണ് യൂനിസ് കിൻഡെ. രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹത്തിനു സ്വന്തം രാജ്യത്തു നിന്നു പലായനം ചെയ്യേണ്ടിവന്നത്. 2013ലാണ് അദ്ദേഹം എത്യോപ്യ വിട്ടത്. രണ്ടു മണിക്കൂർ 17 മിനിറ്റിലാണ് അദ്ദേഹത്തിന് മാരത്തൺ പൂർത്തിയാക്കാനായത്. ഒളിമ്പിക്സിൽ പങ്കെടുക്കാനായെന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണെന്നാണ് അദ്ദേഹം മത്സരശേഷം മാധ്യമപ്രവർത്തകരോടും പറഞ്ഞത്.

<ആ>യൊലാണ്ടേ ബുകാസാ മബിക (ജൂഡോ 70 കിലോ)

കോംഗോയിൽനിന്ന് ബ്രസീലിൽ അഭയംതേടിയെത്തിയ ജൂഡോ താരമാണ് യൊലാണ്ടേ ബുകാസാ മബിക. കോംഗോയിൽത്തനെ കഴിയാനാണ് മബിക ആഗ്രഹിച്ചതെങ്കിലും ആഭ്യന്തരം ജീവിക്കാനാവാത്ത വിധം രൂക്ഷമായപ്പോൾ പ്രാണരക്ഷാർഥമാണ് അവളും കുടുംബവും ബ്രസീലിലേക്ക് കുടിയേറിയത്. ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് തന്റെ പ്രതിഭ തെളിയിച്ചാണ് അവൾ റിയോയിൽ മാറ്റുരയ്ക്കാനെത്തിയത്. 70 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ തന്നെ മബിക പുറത്തായി.

<ആ>പൊപോൽ മിസെംഗ (90 കിലോ ജൂഡോ)

മബികയെപ്പോലെ തന്നെ കോംഗോയിൽ നിന്നു ബ്രസീലിലേക്കു കുടിയേറിയ താരമാണ് പൊപോൽ മിസെംഗയും. പുരുഷവിഭാഗം ജൂഡോയിലാണ് മിസെഗയും മത്സരിക്കുന്നത്. ആഭ്യന്തരയുദ്ധത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട താരമാണ് മിസെംഗ. തന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ അവതാർ സിംഗിനെ തറപറ്റിച്ചാണ് മിസംഗ തുടങ്ങിയതെങ്കിലും അടുത്ത മത്സരത്തിൽ തോറ്റു പുറത്താകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.