ഇന്ത്യ ഒരു റണ്ണിനു വീണു
ഇന്ത്യ ഒരു റണ്ണിനു വീണു
Saturday, August 27, 2016 11:58 AM IST
ലൗഡർഡേൽ: അവസാന പന്തിൽ വരെ ആവേശം തീർത്ത മത്സരത്തിൽ അവസാനം ഡ്വെയ്ൻ ബ്രാവോയുടെ ചാമ്പ്യൻ പന്ത് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് എടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ വിജയലക്ഷ്യമായി നൽകിയ 246 റൺസ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 244 റൺസിൽ തീർന്നു. വിൻഡീസിനു ഒരു റണ്ണിന്റെ ആവേശകരമായ ജയം. അവസാന ഓവറിൽ ജയിക്കാൻ എട്ടു റൺസ് വേണ്ടണ്ടിയിരുന്ന ഇന്ത്യക്ക് കൂറ്റൻ അടികളൊന്നും ഉതിർക്കാനായില്ല. ധോണിയെയും രാഹുലിനെയും ബ്രാവോ നിശബ്ദരാക്കിയപ്പോൾ ആ ഓവറിൽ ആറു റൺസ് മാത്രമേ വന്നുള്ളൂ. ബ്രാവോ എറിഞ്ഞ അവസാന പന്തിന്റെ വേഗം മനസിലാക്കൻ കഴിയാതിരുന്ന ധോണിയുടെ (43) ബാറ്റിൽനിന്നും പന്ത് സാമുവൽസിന്റെ കൈകളിലെത്തി. ലോകേഷ് രാഹുൽ പുറത്താകാതെ 110 റൺസ് നേടി. അന്താരാഷ് ട്ര ട്വന്റി 20യിലെ വേഗമേറി രണ്ടണ്ടാമത്തെ സെഞ്ചുറിയായിരുന്നു.

അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിനു വേരോട്ടം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ട്വന്റി 20 പരമ്പരയുടെ ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 1–0ന് മുന്നിലെത്തി. തുടക്കത്തിൽ വിൻഡീസ് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ എവിൻ ലൂയിസ് (100), ജോൺസൺ ചാൾസ് (79) എന്നിവർ കളം നിറഞ്ഞു കളിച്ചതോടെ ലോക ചാമ്പ്യന്മാർ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റിന് 245 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 244 റൺസെടുത്തു.

ശിഖർ ധവാൻ ഇന്ത്യൻ ടീമിലില്ലായിരുന്നു. പരിക്കിനെത്തുർന്ന് ക്രിസ് ഗെയ്ൽ കളിക്കുന്നില്ലെന്ന് അറിഞ്ഞതോടെ തകർപ്പൻ ബാറ്റിംഗ് കാണാമെന്ന് പ്രതീക്ഷിച്ചെത്തിയ കാണികൾ നിരാശരായി. എന്നാൽ ചാൾസും ഒപ്പം ലൂയിസും നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് കാണികൾക്ക് ആവേശകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.

ടോസ് നേടി ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി വിൻഡീസിനെ ബാറ്റിംഗിനു ക്ഷണിക്കുകയായിരുന്നു. മൂന്നാം പന്ത് ചാൾസ് നിലംതൊടാതെ ബൗണ്ടറിക്കു മുകളിലൂടെ പറത്തിക്കൊണ്ട് നയം വ്യക്‌തമാക്കി. ചാൾസിനൊപ്പം ലെവിസും മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ റൺസ് വിൻഡീസ് സ്കോർബോർഡിലേക്ക് റൺസ് വേഗം ഒഴുകിയെത്തി. എട്ടാം ഓവർ പൂർത്തിയായപ്പോൾ വിൻഡീസ് സ്കോർ നൂറു കടന്നു. രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും പന്തുകളിൽ ചാൾസ് തുടർച്ചയായ രണ്ടു സിക്സർ പറത്തി. ഇതോടെ ധോണിയുടെ കണക്കുകൂട്ടൽ പിഴച്ചു. ലൂയിസും മോശമാക്കിയില്ല. ചാൾസിനു മികച്ച പിന്തുണയും ഒപ്പം റൺസും സഹ ഓപ്പണറും നൽകി. പത്താം ഓവറിലാണ് ഇന്ത്യ കാത്തിരുന്ന ഒരു വിക്കറ്റ് ലഭിക്കുന്നത്. ചാൾസിനെ മുഹമ്മദ് ഷാമി ക്ലീൻ ബൗൾഡാക്കി. 33 പന്തിൽ വിൻഡീസ് ഓപ്പണർ 79 റൺസാണ് അടിച്ചെടുത്തത്. ആറു ഫോറും ഏഴ് സിക്സുമാണ് ആ ബാറ്റിൽനിന്നും പറന്നത്. ഒരു പന്തിനുശേഷം ഷാമിയെ ബൗണ്ടറിയിലേക്കു പായിച്ച് ലെവിസ് അർധ സെഞ്ചുറിയിലെത്തി.


പതിനൊന്നാം ഓവറിൽ പന്തെറിയാനെത്തിയ സ്റ്റുവർട്ട് ബിന്നി ലൂയിസിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. ആ ഓവറിൽ പിറന്നത് 32 റൺസ്. ഇതിൽ 30 സിക്സറിലൂടെയായിരുന്നു. ഒരെണ്ണം വൈഡും ഒരെണ്ണം സിംഗിളും. ചാൾസിനു ശേഷമെത്തിയ ആന്ദ്രെ റസലും സ്‌ഥാനക്കയറ്റം ആസ്വദിച്ചു. എന്നാൽ അധിക നേരം ക്രീസിൽ നിൽക്കാൻ റസലിനായില്ല. ജഡേജ റസലിനെ (22) എൽബിഡബ്ല്യുവാക്കി. ഇതിനു മുമ്പ് ലെവിസ് ആദ്യ ട്വന്റി 20 സെഞ്ചുറിയിലെത്തി. റസൽ പുറത്തായി ഒരു പന്തിനുശേഷം ലെവിസിനെ ജഡേജ അശ്വിന്റെ കൈകളിലെത്തിച്ചു. 49 പന്തിൽ 100 റൺസെടുത്ത ഓപ്പണർ ഒമ്പത് സിക്സറും അഞ്ചു ബൗണ്ടറികളുമാണ് പായിച്ചത്. അപ്പോഴേക്കും വിൻഡീസ് സ്കോർ ഇരുന്നൂറു കടന്നു.

അവസാന ഓവറുകളിൽ കയ്റോൺ പോളാർഡ് (22), കാർലോസ് ബ്രാത്വെയ്റ്റും (14) ഇന്ത്യ ബൗളർമാരെ ആക്രമിച്ചു. എന്നാൽ അവസാന ഓവറിൽ ജസ്പ്രീത് ബുംറ പോളാർഡിനെയും ലെൻഡൽ സിമൺസിനെയും ബ്രാത് വെയ്റ്റിനെ റണ്ണൗട്ടാക്കി വെസ്റ്റ് ഇൻഡീസിന്റെ സ്കോർ 245ൽ അവസാനിപ്പിച്ചു.

മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിംഗ് രോഹിത് ശർമയും അജിങ്ക്യ രഹാനയും മികച്ച തുടക്കമിട്ടു. മൂന്ന് ഓവറായപ്പോൾ ഇന്ത്യൻ സ്കോർ 31ലെത്തി. രോഹിതാണ് കൂടുതൽ ആക്രമണം നടത്തിയത്. രഹാനെയെ (7) ഡ്വയ്ൻ ബ്രാവോയുടെ കൈകളിലെത്തിച്ച് റസൽ ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. അടുത്തതായെത്തിയത് ഇൻ ഫോം ബാറ്റ്സ്മാൻ വിരാട് കോഹ്ലി. എന്നാൽ ഇന്ത്യൻ ഉപനായകന് ക്രീസിൽ അധിക നേരം നിൽക്കാനായില്ല. ബ്രാവോയുടെ പന്തിൽ ആന്ദ്രെ ഫ്ളെച്ചർക്ക് ക്യാച്ച് നൽകി കോഹ്ലി (16) മടങ്ങി. ഇന്ത്യ തകരുകയാണ് എന്നു തോന്നിച്ചിടത്തുനിന്നും രോഹിതിനൊപ്പം രാഹുലും ചേർന്ന കൂട്ടുകെട്ട് പൊരുതി. ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 89 റൺസ് അടിച്ചെടുത്തു. രാഹുലായിരുന്ന വിൻഡീസ് ബൗളർമാരെ കൂടുതൽ പ്രഹരിച്ചത്. പോളാർഡിനെ മിഡ് വിക്കറ്റിനു മുകളിലൂടെ പറത്താനുള്ള രോഹിതിന്റെ ശ്രമം ചാൾസിന്റെ കൈകളിൽ അവസാനിച്ചു. 28 പന്തിൽ 62 റൺസ് നേടിയ രോഹിത് നാലു ഫോറും അത്രതന്നെ സിക്സറും നേടി. രോഹിതിനു പിന്നാലെയെത്തിയ ധോണി രാഹുലിനൊപ്പം ചേർന്നു നടത്തിയ അത്യുജ്‌ജല പോരാട്ടം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

പരമ്പരയിലെ അവസാനത്തെയും രണ്ടാമ ത്തെയും മത്സരം ഇന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.