ബധിര കായികമേള: എറണാകുളം ഓവറോൾ ചാമ്പ്യന്മാർ
Sunday, August 28, 2016 11:24 AM IST
കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന 22–ാമത് സംസ്‌ഥാന ബധിര കായികമേളയിൽ 182 പോയിന്റുമായി എറണാകുളം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 180.5 പോയിന്റ് നേട്ടവുമായി കോട്ടയം രണ്ടാം സ്‌ഥാനവും 121.5 പോയന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്‌ഥാനവും നേടി. സംസ്‌ഥാന ബധിര സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കായികമേള നടത്തിയത്. മേളയുടെ സമാപന സമ്മേളനം സംസ്‌ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.

അത്ലറ്റിക്സ് വിഭാഗത്തിൽ 170 പോയന്റുമായി എറണാകുളം ഒന്നാം സ്‌ഥാനവും 152.5 പോയന്റുമായി കോട്ടയം രണ്ടാം സ്‌ഥാനവും നേടി. 110.5 പോയന്റ് നേടിയ കോഴിക്കോട് മൂന്നാമതെത്തി. വോളിബോൾ പുരുഷവിഭാഗം (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടിയവർ): എറണാകുളം, മലപ്പുറം, കൊല്ലം. ജൂണിയർ വിഭാഗം: കോട്ടയം, കൊല്ലം, എറണാകുളം. വനിതാ വിഭാഗം: കോട്ടയം, പാലക്കാട്, കോഴിക്കോട്. ഫുട്ബോൾ പുരുഷ വിഭാഗം: പാലക്കാട്, മലപ്പുറം, തൃശൂർ. ജൂണിയർ വിഭാഗം: മലപ്പുറം, കോഴിക്കോട്. ടേബിൾ ടെന്നീസ്: മലപ്പുറം, പാലക്കാട്, കോട്ടയം.


ബധിര കായിക താരങ്ങൾക്കു സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭ്യമാക്കുന്നതടക്കമുള്ള കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നു ടി.പി. ദാസൻ പറഞ്ഞു. സർക്കാർ സഹായത്തോടെ പ്രത്യേക കായികമേള നടത്താനാവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.കെ.കുഞ്ഞാലി അധ്യക്ഷതവഹിച്ചു. ടി.എം. അബ്ദുറഹിമാൻ, ടി.ജെ. തങ്കച്ചൻ, എൻ. വിജയകുമാർ, വാൾട്ടർ ഫെർണാണ്ടസ്, ഷാനവാസ്, ലോറൻസ്, വി.എം. മോഹനൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.