ബോൾട്ടിന്റെ വിജയരഹസ്യം ബീഫെന്ന് ബിജെപി എംപി
ബോൾട്ടിന്റെ വിജയരഹസ്യം ബീഫെന്ന് ബിജെപി എംപി
Monday, August 29, 2016 11:15 AM IST
ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണം വാരിക്കൂട്ടിയ വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ വിജയ രഹസ്യം ബീഫ് ആണെന്നു ബിജെപി ലോക്സഭ എംപി ഉദിത് രാജ്. പ്രസ്താവ വിവാദമായതോടെ താൻ ഉദ്ദേശിച്ചത് സാഹചര്യങ്ങളെ പഴിചാരാതെ കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന കായിക താരത്തിന്റെ അർപ്പണ മനോഭാവത്തെയാണെന്നു പറഞ്ഞു ഉദിത് രാജ് വാക്കു മാറ്റി. ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്റെ വിജയ രഹസ്യം ബീഫ് കഴിക്കുന്നതാണെന്നാണ് ഉദിത് രാജ് ആദ്യം ട്വിറ്ററിൽ കുറിച്ചത്. പാവപ്പെട്ടവയാളായ ജമൈക്കൻ സ്പ്രിൻറർ ഉസൈൻ ബോൾട്ടിനോട് ബീഫ് കഴിക്കാൻ നിർദേശിച്ചത് കോച്ചായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഒൻപത് സ്വർണമെഡലുകൾ നേടാനായത്. എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്.

സംഭവം വിവാദമായതോടെ പിന്നീട് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഉദിത് രാജ് നിലപാട് തിരുത്തി. ഇന്ത്യക്ക് മെഡലുകൾ ലഭിക്കാത്തതിനു കാരണം സൗകര്യങ്ങളില്ലാത്തതാണെന്ന് വിമർശമുണ്ട്. എന്നാൽ സൗകര്യങ്ങളല്ല, അർപ്പണമാണ് പ്രധാനം എന്ന് പറയാനാണു താൻ ശ്രമിച്ചത്. പാവപ്പെട്ടനായിട്ടും ബോൾട്ട് കാണിച്ച അർപ്പണ മനോഭാവത്തെക്കുറിച്ചാണ് താൻ പറഞ്ഞത്.


കോച്ചിന്റെ നിർദേശം അനുസരിച്ച് ബോൾട്ട് ബീഫ് കഴിച്ചു. അങ്ങനെ പ്രോട്ടീൻ സമ്പുഷ്‌ടമായ ഭക്ഷണം കഴിച്ച ബോൾട്ടിന് ധാരാളം സ്വർണമെഡലുകൾ നേടനായി.ഉദിത് രാജ് പറഞ്ഞു.വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും ഈ പ്രചരണം പാർട്ടിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഉദിത് രാജ് വ്യക്‌തമാക്കി.

ഭക്ഷണം ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണെന്നും എംപി വിശദീകരിച്ചു. കായിക താരങ്ങൾക്കു വേണ്ടി ജമൈക്കയേയും കെനിയയെയും പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ കൂടുതൽ തുക ചെലവഴിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.