ആരാവും ഷ്വൈൻസ്റ്റൈഗറുടെ പിൻഗാമി? വ്യാഴാഴ്ച തീരുമാനം; നോയറിനു സാധ്യത
Monday, August 29, 2016 11:15 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ നായകസ്‌ഥാനം ഒഴിഞ്ഞ ബാസ്റ്റ്യൻ ഷ്വൈൻസ്റ്റൈഗറുടെ പിൻഗാമിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ജർമൻ ടീം കോച്ച് ജോവാക്കിം ലോവ് ഡ്യൂസൽഡോർഫിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച മൊൻഷൻഗ്ലാഡ്ബാഹിൽ ജർമനിയും ഫിൻലൻഡും തമ്മിലുള്ള സൗഹൃദ മത്സരമായിരി്ക്കും ഷ്വൈനിയുടെ അവസാനത്തെ രാജ്യാന്തര മത്സരം. ഇതോടെ 121 രാജ്യാന്തരമത്സരങ്ങളിൽ ജർമനിക്കുവേണ്ടി കുപ്പായമണിയുന്ന താരമെന്ന ബഹുമതിയും ഷ്വൈനിക്കു സ്വന്തമാവും. ജർമനിയുടെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡറായ ഷ്വൈനിയുടെ നേതൃത്വത്തിലാണ് ഇപ്രാവശ്യത്തെ യൂവേഫ കപ്പിൽ മത്സരത്തിനിറങ്ങിയത്. സെമിഫൈനലിൽ ജർമനി ഏകപക്ഷീയമായ രണ്ടു ഗോളിന് ഫ്രാൻസിനോട് തോറ്റത് നിലവിലെ ലോകചാമ്പ്യന്മാരായ ജർമനിക്ക് കനത്ത തിരിച്ചടിയായിരുന്നു. ജർമനിയുടെ ദേശീയ ടീമിൽ കഴിഞ്ഞ 12 വർഷമായി മധ്യനിരയിൽ കളി്ക്കുന്ന ഷ്വൈനി 2014 ലാണ് ജർമൻ ഫുട്ബോൾ ടീമിന്റെ നായകസ്‌ഥാനം ഏറ്റെടുത്തത്.


തന്ത്രങ്ങളുടെ രാജാവായ ലോവിന്റെ ടീമിനെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടും വെളിവായിരിക്കുകയാണ്. പുതുമുഖങ്ങൾക്കും പുതുരക്‌തത്തിനും വഴിയൊരുക്കുന്ന ലോവ് പുതിയ ടീമിൽ, റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗങ്ങളായ ജൂലിയാൻ ബ്രാൻഡ്, മാക്സ്മയർ, നിക്ലാസ് സ്യൂലെ എന്നിവരെ പുതിയ ദേശീയ ടീമിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവിലെ ടീം കൗൺസിൽ അംഗങ്ങളായ മാനുവൽ നോയർ, മാറ്റ് ഹുമ്മൽസ്, തോമസ് മ്യൂളർ, സാമി ഖെദീര എന്നിവർക്കു പുറമെ ഷ്വൈനി്ക്കു പകരക്കാരനായി റയാൽ മാഡ്രിഡ് താരം ടോണി ക്രൂസിനെയും കൗൺസിൽ അംഗമായി ചേർത്തിട്ടുണ്ട്. പിൻഗാമി ആരാണെന്നുള്ള കാര്യം രഹസ്യമാണെങ്കിലും ഗോൾ കീപ്പർ മാനുവൽ നോയറിനാണ് കൂടുതൽ സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.