സിറ്റിക്കു ജയം
Monday, August 29, 2016 11:15 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്വല ജയം. സ്വന്തം മൈതാനത്തിറങ്ങിയ സിറ്റി റഹിം സ്റ്റെർലിംഗിന്റെ ഇരട്ട ഗോൾ ബലത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 3–1നു കീഴടക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ ഇരുപതു മിനിറ്റിനുള്ളിൽത്തന്നെ വെസ്റ്റ്ഹാം 2–0നു പിന്നിലായി. ഏഴാം മിനിറ്റിൽ സ്റ്റെർലിംഗും 18–ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോയുമായിരുന്നു ഗോൾ നേടിയത്. 58–ാം മിനിറ്റിൽ മിച്ചാലി അന്റോണിയോ വെസ്റ്റ്ഹാമിനായി ഒരു ഗോൾ മടക്കി. എന്നാൽ, മത്സരത്തിന്റെ അവസാന മിനിറ്റിൽ സ്റ്റെർലിംഗ് വീണ്ടും വലകുലുക്കിയതോടെ സിറ്റിയുടെ ജയം 3–1 ആയി. മൂന്നു മത്സരങ്ങളിൽനിന്ന് ഒമ്പത് പോയിന്റുമായി സിറ്റിയാണ് ലീഗിൽ നിലവിൽ മുന്നിൽ. തുടർച്ചയായ മൂന്നു ജയങ്ങളോടെ സീസണിൽ ഗാർഡിയോളയ്ക്ക് ഉജ്വല തുടക്കംകുറിക്കാൻ സാധിച്ചു എന്നതാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ത്.


ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്കും മൂന്നു മത്സരങ്ങളിൽനിന്ന് ഒമ്പത് പോയിന്റ് വീതമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ആവേശകരമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാഞ്ചസ്റ്റർ ടീമുകളും ചെൽസിയും മുന്നേറുമ്പോൾ മറ്റ് വൻ പേരുകാരായ ലിവർപൂളും ആഴ്സണലും തുടക്കത്തിൽ പതറുന്ന കാഴ്ചയാണ്.

ഇരുടീമിനും മൂന്നു കളികളിൽനിന്ന് നാലു പോയിന്റ് മാത്രമാണുള്ളത്. അതുപോലെ നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റർ സിറ്റിക്കും മൂന്നു കളികളിൽനിന്ന് നാലു പോയിന്റ് മാത്രമാണുള്ളത്.

ആഴ്സണൽ എട്ടാമതും ലീസ്റ്റർ ഒമ്പതാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.