നദാൽ, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ
നദാൽ, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ
Tuesday, August 30, 2016 11:10 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ആദ്യറൗണ്ടിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചും മുൻ ഒന്നാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാലും ജയത്തോടെ തുടങ്ങി. ഉസ്ബെക്കിസ്‌ഥാൻ താരം ഡെനിസ് ഇസ്റ്റോമിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. സ്കോർ: 6–1, 6–4, 6–2. 2010ലും 2013ലും നദാൽ ഇവിടെ ചാമ്പ്യനായിരുന്നു.

അതേസമയം, പരിക്ക് അലട്ടിയ ജോക്കോവിച്ച് പോളണ്ടിന്റെ ജെർസി ജാനോവിസിനെ ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോർ 6–3, 5–7, 6–2, 6–1. വിംബിൾഡൺ റണ്ണറപ് കനേഡിയൻ താരം മിലോസ് റാവോണിക് ജർമനിയുടെ സ്റ്റൈലിഷ് താരം ഡെസ്റ്റിൻ ബ്രൗണിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. 7–5, 6–4, 6–4. ക്രൊയേഷ്യയുടെ മരീൻ ചിലിച്ച് ബ്രസീലിന്റെ റൊജേരിയോ ഡ്യുട്ര സിൽവയെ പരാജയപ്പെടുത്തി. ഗായൽ മോൺഫിൽസ് ലക്സംബർഗിന്റെ ഗിൽസ് മ്യൂളറെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.


വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ ജർമനിയുടെ ആഞ്ജലിക് കെർബർ അനായാസ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. സ്ലൊവേനിയയുടെ പാളോണ ഹെർസാഗിനെതിരേ 6–0, 1–0 എന്ന സ്കോറിനു മുന്നിൽനിൽക്കുമ്പോൾ പോളിഷ് താരം പിന്മാറുകയായിരുന്നു. ആദ്യദിനത്തിലെ പ്രധാന അട്ടിമറി ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്കെയുടേതാണ്. ലോകറാങ്കിംഗിൽ 84–ാം സ്‌ഥാനത്തുള്ള കൈൽ എഡ്മുണ്ടാണ് ഗാസ്കെയെ പരാജയപ്പെടുത്തിയത്. സ്കോർ: 6–2, 6–2, 6–3. വനിതാ വിഭാഗത്തിൽ ലോക്കൽ ഹീറോ ബഥനി മറ്റെക് സാൻഡ്സിനെ അട്ടിമറിച്ച് ബ്രിട്ടന്റെ നമ്പർ വൺ താരം ജൊഹാന കോന്റ മികവു കാട്ടി. 13–ാം സീഡായ കോന്റ അമേരിക്കയുടെ ഏണെസ്റ്റോ എക്സോബെഡോയെ രണ്ടാം റൗണ്ടിൽ നേരിടും. കഴിഞ്ഞ യുഎസ് ഓപ്പൺ സമയത്ത് കോന്റ 97–ാം റാങ്കുകാരിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.