പോഗ്ബയെ തകർക്കാനാവില്ല മക്കളേ !
പോഗ്ബയെ തകർക്കാനാവില്ല മക്കളേ !
Tuesday, August 30, 2016 11:10 AM IST
ക്ലബ് ഫുട്ബോളിന്റെ പുതിയ സീസൺ ആരംഭിച്ചുകഴിഞ്ഞു. താര കൈമാറ്റങ്ങളുടെ അരങ്ങുതകർക്കൽ ഇന്നവസാനിക്കുകയാണ്. മുൻവർഷങ്ങളിലേതുപോലെ ഞെട്ടിക്കുന്ന കൈമാറ്റങ്ങൾ കൂടുതൽ ഉണ്ടായിട്ടില്ല എന്നതാണ് പുതിയ സീസണിന്റെ പ്രത്യേകത. എന്നാൽ, ലോകറിക്കാർഡ് കൈമാറ്റംകൊണ്ട് ഈ സീസണും ശ്രദ്ധയാകർഷിച്ചു. അവസാന ദിവസം ചില അപ്രതീക്ഷിത കൊടുക്കൽ വാങ്ങലുകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

യൂറോപ്യൻ ലീഗുകളിൽ മാത്രമല്ല ചൈനീസ് സൂപ്പർ ലീഗും താരങ്ങൾക്കായി വൻ തുകമുടക്കി. യൂറോപ്പിൽ ഇറ്റാലിയൻ സീരി എയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് വൻ താരകൈമറ്റങ്ങൾ കണ്ടത്. ഇത്തവണ സ്പാനിഷ് ക്ലബ്ബുകൾ വൻ തുകയുമായി താരങ്ങളുടെ പിന്നാലെയില്ലായിരുന്നു. പോൾ പോഗ്ബയെ യുവന്റസിൽനിന്നും ലോകറിക്കാർഡ് തുകയ്ക്കു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതാണ് ഏവരെയും ഞെട്ടിച്ചത്.

ഗോൺസാലോ ഹിഗ്വെയിന്റെ കൈമാറ്റത്തോടെ ഇറ്റാലിയൻ സീരി എയിലെ ഏറ്റവും വലിയ താര കൈമാറ്റവും കണ്ടു. ബ്രസീലിയൻ താരം ഹൾക്കിനെ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നു ഷാംഗ്ഹായ് എസ്ഐപിജി സ്വന്തമാക്കി. ജോൺ സ്റ്റോൺസിനെ എവർട്ടണിൽനിന്നു മാഞ്ചസ്റ്റർ സിറ്റി വാങ്ങിക്കൊണ്ട് പ്രീമിയർ ലീഗിലെ വൻ താരകൈമാറ്റം നടത്തി. ലെറോയ് സാനെ ഷാൽക്കെയിൽനിന്നു മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.

<ആ>ഇംഗ്ലീഷ് പ്രീമിയർ ലീഗ്

2016–17 ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് യൂറോപ്പിലെ ഗ്ലാമർ ലീഗുകളിൽ ഒന്നും യുവേഫയുടെ റാങ്കിംഗ് പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിലുമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ വിപണിയിലേക്ക് ഇത്തവണ 18.5 കോടി യൂറോയാണ്. അതായത് ഏകദേശം 1384 കോടി രൂപ!

ഇതിൽ ഏറ്റവും കൂടുതൽ പോൾ പോഗ്ബയ്ക്കുവേണ്ടിയായിരുന്നു. ഇറ്റാലിയൻ സീരി എ ക്ലബ് യുവന്റസിൽനിന്നു ഫ്രഞ്ച് താരം പോൾ പോഗ്ബയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോക റിക്കാർഡ് തുകയാണ് ചെലവഴിച്ചത്. ഈ കൈമാറ്റത്തോടെ ഗാരത് ബെയ്ലിനെ ടോട്ടനത്തിൽനിന്നു റയൽ മാഡ്രിഡിലെത്തിക്കാൻ ചെലവഴിച്ച തുകയുടെ ലോക റിക്കാർഡ് തിരുത്തി. യുവന്റസിനുവേണ്ടിയും ഫ്രാൻസിനുവേണ്ടിയും പുറത്തെടുത്ത മികവാണ് 23 കാരനായ

പോഗ്ബയിൽ യുണൈറ്റഡ് ആകൃഷ്‌ടരായത്. സെൻട്രൽ മിഡ്ഫീൽഡറായ പോഗ്ബ അറ്റാക്കിംഗിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കാൻ വേണ്ട കഴിവുള്ള താരവുമാണ്. 2011–12 സീസണിൽ പോഗ്ബ യുണൈറ്റഡിലുണ്ടായിരുന്നു. ആ പോഗ്ബയെ യുണൈറ്റഡിനു വീണ്ടും തങ്ങളുടെ ഓൾഡ് ട്രാഫോർഡിലെത്തിക്കാൻ 10.5 കോടി യൂറോ ചെലവഴിക്കേണ്ടിവന്നു. അതായത് ഏകദേശം 786 കോടി രൂപ.

എറിക് ബെയ്ലി, ഹെൻറിക് മിഖിത്രായൻ എന്നിവരെ വിലയ്ക്കുവാങ്ങിയപ്പോൾ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ പാരി സാൻ ഷെർമയിനിൽനിന്നു സൗജന്യമായി ലഭിച്ചു. യുണൈറ്റഡിന്റെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ സിറ്റി 17 കോടി യൂറോയാണ് മുടക്കിയത്. എട്ട് പേരെയാണ് സിറ്റി തങ്ങളുടെ പാളയത്തിലെത്തിച്ചത്.

എവർട്ടണിൽനിന്നു സെൻട്രൽ ബാക് ജോൺ സ്റ്റോൺസിനെ സ്വന്തമാക്കുന്നതിന് 5.56 കോടി യൂറോയാണ് മുടക്കിയത്. ഷാൽക്കെയിൽനിന്നു ലെറോയ് സാനെ അഞ്ചു കോടി യൂറോയ്ക്കും ബ്രസീ–ിന്റെ വിസ്മയതാരം ഗബ്രിയേൽ ജീസസിനെ പാൽമിറസിൽനിന്ന് 2.7 കോടി പൗണ്ടിനും എത്തിഹാദ് സ്റ്റേഡിയത്തിലെത്തിച്ചു. ഇൽക്കെ ഗുണ്ടോഗനെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നു സിറ്റി വാങ്ങി. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയിൽനിന്നു

നോലിറ്റോയെ സിറ്റി സ്വന്തമാക്കി. ആഴ്സണൽ ഇത്തവണ താരങ്ങൾക്കായി 11.6 കോടി യൂറോയാണ് ഇതുവരെ ചെലവാക്കിയത്. ഗ്രാനിറ്റ് ഷാക്കയ്ക്കാണ് പീരങ്കിപ്പട കൂടുതൽ പണം മുടക്കിയത്. ചെൽസി, ലിവർപൂൾ, ലീസ്റ്റർ സിറ്റി, സതാംപ്ടൺ ക്ലബ്ബുകളും താരങ്ങൾക്കായി മത്സരരംഗത്തുണ്ടായിരുന്നു. ലീസ്റ്റർ സിറ്റിയിൽനിന്നു ചെൽസി എൻഗോലോ കാന്റെയെ റാഞ്ചി. സയ്ദോ മാനെയെ സതാംപ്ടണിൽനിന്നു ലിവർപൂൾ സ്വന്തമാക്കി.

ക്ലബ്ബിന്റെ റിക്കാർഡ് തുകയ്ക്കു സോഫിനെ ബൗഫലിനെ സതാംപ്ടൺ തങ്ങളുടേതാക്കി. വൻ താരങ്ങളില്ലാതെ കഴിഞ്ഞ സീസണിൽ നേട്ടം കൊയ്ത് ഒന്നും രണ്ടും സ്‌ഥാനങ്ങളിലെത്തിയ ലീസ്റ്റർ സിറ്റിയും ടോട്ടനവും നിലവിലെ താരങ്ങളെ നിലനിർത്തി. ലീസ്റ്ററിനു മധ്യനിരയിലെ പ്രമുഖൻ എൻഗോലോ കാന്റെ ചെൽസിക്കു വിൽക്കേണ്ടിവന്നു. ലീസ്റ്റർ ഈ സീസണിൽ 4.35 കോടി യൂറോ മുടക്കിയപ്പോൾ ടോട്ടനം 3.65 കോടി യൂറോയും. ക്രിസ്റ്റൽ പാലസ്, വാറ്റ്ഫോർഡ്, സതാംപ്ടൺ, എവർട്ടൺ ക്ലബ്ബുകൾ ഇതിൽ കൂടുതൽ തുക ചെലവാക്കി.


<ആ>സ്പാനിഷ് ലീഗ്

സാധാരണയായി താരങ്ങൾക്കായി വൻ തുക മുടക്കുന്ന സ്പാനിഷ് ക്ലബ്ബുകൾ ഇത്തവണ വൻ തുക മുടക്കാൻ തയാറായില്ല. പോഗ്ബയ്ക്കായി റയൽ മാഡ്രിഡ് രംഗത്തുണ്ടായിരുന്നു. എന്നാൽ റയൽ പോഗ്ബയ്ക്കായി കൂടുതൽ ബലം പിടിച്ചില്ല. ബാഴ്സലോണ ആകെ 9.28 കോടി യൂറോ ചെലവാക്കിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് 8.1 കോടി യൂറോയുമായി പിന്നിലുണ്ടായിരുന്നു. റയൽ മാഡ്രിഡ് ഇത്തവണ കളിക്കാരെയെത്തിക്കാനായി മൂന്നു കോടി യൂറോ മാത്രമേ മുടക്കിയുള്ളൂ. വലൻസിയയിൽനിന്നു ആന്ദ്രെ ഗോമസിനെ ബാഴ്സലോണയിലെത്തിക്കാൻ ചെലവാക്കിയ 3.5 കോടി യൂറോയാണ് ലാ ലിഗയിലെ വലിയ താര കൈമാറ്റം. സെവിയ്യയിൽനിന്നു കെവിൻ ഗെമിറോയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡ് മുടക്കിയ 3.2 കോടി യൂറോ രണ്ടാമതുമെത്തി. യുവന്റസിൽനിന്ന് ആൽവരോ മൊറാട്ടയെ റയൽ മാഡ്രിഡ് മൂന്നു കോടി യൂറോയ്ക്കെത്തിച്ചതാണ് മൂന്നാമത്തെ വലിയ കൈമാറ്റം. സാമുവൽ ഉംറ്റിറ്റ് (ബാഴ്സലോണ–2.5 കോടി യൂറോ), നികോ ഗെയ്റ്റൻ (അത്ലറ്റികോ മാഡ്രിഡ് –2.5 കോടി യൂറോ) എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

<ആ>ഇറ്റാലിയൻ സീരി എ

പോഗ്ബയുടെ ട്രാൻസ്ഫർ ഉണ്ടാകുംമുമ്പ് വരെ ഗോൺസാലോ ഹിഗ്വെയ്ന്റെ പേരിലായിരുന്നു ലോക റിക്കാർഡ് താര കൈമാറ്റത്തുക. ഇറ്റാലിയൻ സീരി എ പതിവിനു വിപരീതമായി താര കൈമാറ്റത്തിൽ വൻ തുക ചെലവഴിച്ചു. യുവന്റസ് ആകെ 14.5 കോടി യൂറോയാണ് ഇത്തവണ മുടക്കിയത്. ഒമ്പത് കോടി യൂറോയ്ക്ക് യുവന്റസ് സീരി എയിലെ പ്രധാന എതിരാളികളിലൊന്നായ നാപ്പോളിയിൽനിന്ന് അർജന്റൈൻ സ്ട്രൈക്കർ ഹിഗ്വെയ്നെ റാഞ്ചി. ഇതോടെ ഇരുക്ലബ്ബുകൾ തമ്മിലുള്ള പുതിയൊരു വൈരത്തിനാണ് കളമൊരുങ്ങിയത്. ഹാവോ മരിയോ (ഇന്റർ–നാലു കോടി യൂറോ), മിറാലെൻ ഹാനിച്ച് (യുവന്റസ്–3.2 കോടി യൂറോ), മാർക്കോ ജാക്ക (യുവന്റസ്–2.3 കോടി യൂറോ), ആന്റോണിയോ കാൻഡ്രെവ (ഇന്റർ മിലാൻ – 2.2 കോടി യൂറോ)

<ആ>ജർമൻ ബുണ്ടസ് ലിഗ

താരസമ്പന്നമായ ബയേൺ മ്യൂണിക് ഏഴു കോടി യൂറോയാണ് ചെലവാക്കിയത്. എന്നാൽ ബൊറൂസിയ ഡോർട്ട്മുണ്ട് 10.98 കോടി യൂറോ മുടക്കി. റെനാറ്റോ സാഞ്ചസ് (3.5 കോടി യൂറോ), മാറ്റ്സ് ഹമ്മൽസ് (3.5 കോടി യൂറോ) എന്നിവരെ സ്വന്തമാക്കിയ ബയേൺ ഈ സീസണിൽ താരങ്ങളെ സ്വന്തമാക്കുന്നത് ഏകദേശം അവസാനിപ്പിച്ചു. സാഞ്ചസിനായി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ പലതും രംഗത്തുണ്ടായിരുന്നു. എന്നാൽ അവസാനം ബയേൺ യുവതാരത്തെ ബെൻഫിക്കയിൽനിന്നും പൊക്കി. താരസമ്പന്നമായ ബയേണിൽ അധികപ്പറ്റായി മാറിയ മരിയോ ഗോമസിനെ ബൊറൂസിയ ഡോർട്മുണ്ടിന് 2.2 കോടി യൂറോയ്ക്കു ബവേറിയൻസ് വിറ്റു. വൂൾഫ്സ്ബർഗിൽനിന്ന് ആന്ദ്രെ ഷൂർലെയെ നേടാൻ ബൊറൂസിയ ഡോർട്മുണ്ട് മൂന്നു കോടി യൂറോ ചെവലാക്കി. ബ്രീൽ എംബോളോയെ ഷാൽക്കെ 2.75 കോടി യൂറോയ്ക്കു സ്വന്തമാക്കി.

<ആ>ഫ്രഞ്ച് ലീഗ് വൺ

വലിയ താരകൈമാറ്റങ്ങൾ ഫ്രാൻസിലുമുണ്ടായില്ല. ഗ്രെസ്ഗോർസ് ക്രൈചോവിയകിനായി പാരി സാൻ ഷെർമയിൻ മുടക്കിയ 3.36 കോടി യൂറോയായിരുന്നു ലീഗ് വണ്ണിൽ വലിയ കൈമാറ്റം. ജെസെ (2.5 കോടി യൂറോ) പിഎസ്ജിയിലെത്തി. മോണക്കോയായിരുന്നു താരങ്ങൾക്കായി പണം മുടക്കിയ രണ്ടാമത്തെ ഫ്രഞ്ച് ക്ലബ്. 4.2 കോടി യൂറോയാണ് ആകെ ചെലവാക്കിയത്. യൂറോപ്പിലെ മറ്റ് ലീഗുകളായി നെതർലൻഡ്സിലെ എറെഡിവൈസിലും പോർച്ചുഗൽ സൂപ്പർ ലിഗയിലും വലിയ താരകൈമാറ്റങ്ങൾ ഒന്നുമില്ലായിരുന്നു. റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ്ബർഗിലുണ്ടായിരുന്ന ഹൾക്കിനെ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നു ഷാംഗ്ഹായ് എസ്ഐപിജി സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.