1192 ആവേശദിനങ്ങൾ ! ബ്രസീലിലെ കായിക കാർണിവൽ സമാപിച്ചു
1192 ആവേശദിനങ്ങൾ ! ബ്രസീലിലെ കായിക കാർണിവൽ സമാപിച്ചു
Monday, September 19, 2016 11:36 AM IST
റിയോ ഡി ഷാനെറോ: ബ്രസീൽ എന്ന രാജ്യം കഴിഞ്ഞ 1192 ദിവസം കായിക ലോകത്തായിരുന്നു. പാരാലിമ്പിക്സിന്റെ പതാക താഴ്ത്തിയതോടെ ലാറ്റിൻ അമേരിക്കൻ രാജ്യം ആതിഥേയത്വം വഹിച്ച കായിക കാർണിവലിനു പരിസമാപ്തിയായി. 2013ൽ കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ച ബ്രസീലിൽ പിന്നീട് ലോകം മുഴുവൻ ശ്രദ്ധിച്ച വിവിധ കായിക മത്സരങ്ങൾ കടന്നുപോയി. 1192 ദിവസമാണ് മത്സരങ്ങൾക്കായി ബ്രസീൽ സാക്ഷ്യം വഹിച്ചത്. കോൺഫെഡറേഷൻ കപ്പിനു ശേഷം 2014 ഫിഫ ലോകകപ്പ് ഫുട്ബോൾ, അതിനുശേഷം ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിനു ബ്രസീലിയൻ നഗരം റിയോ ഡി ഷാനെറോ വേദിയായി. ഒളിമ്പിക്സിനു തുടർച്ചയായി പാരാലിമ്പിക്സും.

കഴിഞ്ഞ ദിവസം റിയോയിലെ മാറക്കാന സ്റ്റേഡിയത്തിൽ പാരാലിമ്പിക്സിനു സമാപനം കുറിച്ചപ്പോൾ 45,000 പേരാണ് സമാപന ചടങ്ങുകൾ നേരിട്ടു കണ്ട്. ഒരു സാമ്പത്തിക ശക്‌തിയായി ബ്രസീൽ വളരുന്നതു കണ്ടാണ് ഈ കായിക മത്സരങ്ങളെല്ലാം ലാറ്റിനമേരിക്കൻ രാജ്യത്തെത്തിയത്. കായികമത്സരങ്ങൾ നടക്കുമ്പോഴും വലിയ ജനസാമാന്യം രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്കും സർക്കാരിന്റെ അഴിമതിക്കുമെതിരേ പ്രതിഷേധവുമായെത്തി. അവസാനം പ്രസിഡന്റ് ദിൽമ റൂസഫിനെ പ്രസിഡന്റ് സ്‌ഥാനത്തുനിന്ന് ഇംപീച്ച് ചെയ്തു. ഇംപീച്ച്മെന്റ് ഒളിമ്പിക്സ് കഴിഞ്ഞ ശേഷമായിരുന്നു.

<ആ>സർവം അഴിമതി

ലോകകപ്പിനായി മൂവായിരം കോടി ഡോളറാണ് ബ്രസീൽ ചെലവാക്കിയത്. സ്റ്റേഡിയങ്ങളുടെ നിർമാണത്തിലടക്കം സർവത്ര അഴിമതിയുണ്ടായിരുന്നു. പ്രമുഖ ടീമുകൾ ഒന്നും ഇല്ലാത്ത നാലു ബ്രസീലിയൻ നഗരങ്ങളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിച്ചു.

ഒളിമ്പിക്സ് നടത്തിപ്പിനുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ബ്രസീൽ മികച്ചുനിന്നു. മെട്രോ ലൈനുകൾ ദീർഘിപ്പിച്ചു, ബസ് ലൈനുകളും ലൈറ്റ്–റെയിലുകളും നിർമിച്ചു. പണം കൂടുതൽ ഒഴുകിയത് ബാഹയിലായിരുന്നു. റിയോയിലെ തെരുവുകളിലോ സ്ലമ്മിലോ വികസനമെത്തിയില്ല. ഒളിമ്പിക് പാർക്കും അത്ലറ്റ്സ് വില്ലേജും വാണിജ്യ–സാമ്പത്തിക കേന്ദ്രങ്ങളിൽ നിർമിച്ചു.


ഒളിമ്പിക്സ് ഗെയിംസ് സാമ്പത്തികമായി വിജയമാക്കാൻ സംഘാടകർക്കായില്ല. പല മത്സരങ്ങളും കാണികളാൽ ഒഴിഞ്ഞ വേദിയിലാണ് നടത്തപ്പെട്ടത്. പാരാലിമ്പിക്സ് പ്രതീക്ഷയ്ക്കപ്പുറം വിജയം നേടി. രാജ്യത്തിന്റെ അടിത്തട്ടിൽനിന്നും ഗെയിംസിനു പിന്തുണ ലഭിച്ചു. ടിക്കറ്റുകൾ ധാരാളം വിറ്റുപോയി. പല തരത്തിൽ നോക്കിയാൽ പാരാലിമ്പിക്സ് ഗെയിംസ് ഒളിമ്പിക്സ് ഗെയിംസിനെക്കാൾ മുകളിലായിരുന്നു.

<ആ>പാരാലിമ്പിക്സിനു കൊടിയിറക്കം

റിയോ ഡി ഷാനെറോ: റിയോ പാരാലിമ്പിക്സിന് വർണാഭമായ കൊടിയിറക്കം. സൈക്ലിംഗ് മത്സരത്തിനിടെ മരിച്ച ഇറാന്റെ ബഹ്മാൻ ഗോൽബാനെസാദിന് ആദരമർപ്പിച്ചാണ് ഗെയിംസ് സമാപന ചടങ്ങ് അവസാനിച്ചത്. ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് ഇന്ത്യൻ സംഘം റിയോയിൽ നിന്ന് മടങ്ങുന്നത്.

രണ്ടു സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായാണ് ഇന്ത്യ മടങ്ങുന്നത്. മെഡൽ പട്ടികയിൽ 34–ാം സ്‌ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 239 മെഡലുമായി ചൈനയാണ് ഒന്നാം സ്‌ഥാനത്ത്. പുരുഷന്മാരുടെ ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജാജരിയയുമാണ് സ്വർണമണിഞ്ഞത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്–53 ഇനത്തിൽ ദീപ മാലിക് വെള്ളിയും ഹൈജംപിൽ വരുൺ സിംഗ് ഭാട്ടിയ വെങ്കലവും നേടി. ഇന്ത്യക്കായി 19 പേരാണ് മത്സരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.