ധോണിയെ കാത്ത് റിക്കാർഡുകൾ
ധോണിയെ കാത്ത് റിക്കാർഡുകൾ
Tuesday, September 20, 2016 11:59 AM IST
മുംബൈ: ഇന്ത്യ കണ്ട മികച്ച നായകന്മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് നിരവധി ഏകദിന റിക്കാർഡുകൾ. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ന്യൂസിലൻഡിനെതിരേ നടക്കുന്ന ഏകദിന പരമ്പരയിലാണ് ധോണിക്ക് റിക്കാർഡുകൾ മറികടക്കാനുള്ള അവസരം. മൂന്ന് റിക്കാർഡുകളാണ് ധോണിക്കു മുന്നിൽ വഴിമാറാനൊരുങ്ങുന്നത്.

ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങളിൽ ടീമിനെ നയിച്ച റിക്കാർഡാണ് അതിൽ ആദ്യത്തേത്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗും മഹേന്ദ്ര സിംഗ് ധോണിയും ക്യാപ്റ്റനെന്ന നിലയിൽ 324 മത്സരങ്ങളിൽ വീതം അവരവരുടെ ടീമിനെ നയിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ ധോണി ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ മത്സരം ക്യാപ്റ്റനായിട്ടുള്ള താരം എന്ന റിക്കാർഡ് ധോണി സ്വന്തമാക്കും.

അതുപോലെ ഒരു ജയം കൂടി നേടിയാൽ ലോകത്ത് എറ്റവും കൂടുതൽ വിജയം നേടിയ രണ്ടാമത്തെ നായകൻ എന്ന റിക്കാർഡും ധോണി സ്വന്തമാക്കും. 165 വിജയം നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. ധോണിയും അലൻ ബോർഡറും 107 ഏകദിന മത്സര വിജയങ്ങൾ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.


സിക്സറുകളുടെ എണ്ണത്തിലാണ് ധോണി ഉറ്റുനോക്കുന്ന മറ്റൊരു റിക്കാർഡ്. നായകനെന്ന നിലയിൽ 121 സിക്സറുകൾ നേടിയ ധോണിക്കു മുന്നിലുള്ളത് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണ്. 123 സിക്സുകളാണ് പോണ്ടിംഗ് ഇതുവരെ നേടിയിട്ടുളളത്. ഈ റിക്കാർഡ് തകർക്കാൻ ധോണിക്ക് മൂന്നു സിക്സറുകൾ കൂടി മതി. 121 സിക്സറുകളാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.

അഞ്ച് മത്സരളടങ്ങിയ ഏകദിന പരമ്പരയാണ് ന്യൂസിലൻഡ് ഇന്ത്യക്കെതിരെ കളിക്കുന്നത്. സിംബാബ് വെയ്ക്കെതിരെ പരമ്പരയിലാണ് ധോണി അവസാനമായി ഏകദിനം കളിച്ചത്. അന്ന് പരമ്പര ഇന്ത്യ വിജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.