ഇന്ത്യയുടെ മികച്ച ഹോം വിജയങ്ങൾ
Tuesday, September 20, 2016 11:59 AM IST
<ആ>1958, കാൺപുർ, 119 റൺസ് ജയം, ഓസ്ട്രേലിയ

ഓസ്ട്രേലിയക്കെതിരേ ഇന്ത്യയുടെ ആദ്യ ജയമായിരുന്നു കാൺപുരിൽ 1958 ൽ നടന്ന മത്സരത്തിലേത്. അതും വൻ മാർജിനിൽ. ഇത്രവലിയ മാർജിനിൽ ഓസ്ട്രേലിയ തോൽക്കുന്നതും ആദ്യം. അന്ന് റിച്ചി ബെനോയുടെ ടീമിനെ തകർത്തത് ജാസുഭായി പട്ടേൽ എന്ന ഓഫ് സ്പിന്നറുടെ മികച്ച പ്രകടനമായിരുന്നു. ആദ്യം 69 റൺസ് മാത്രം വിട്ടു കൊടുത്ത് അദ്ദേഹം ഒമ്പതുപേരെയാണ് പവലിയനിലെത്തിച്ചത്. ഇത് ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമായിരുന്നു, 1998 ൽ അനിൽ കുംബ്ലെ പാക്കിസ്‌ഥാനെതിരേ 10 വിക്കറ്റ് നേട്ടം കൊയ്യുന്നതുവരെ. രണ്ടാം ഇന്നിംഗ്സിലും അദ്ദേഹം ഫോം തുടർന്നു 55 റൺസ് വിട്ടു കൊടുത്ത് നേടിയത് അഞ്ചു വിക്കറ്റുകളാണ്.

<ആ>1972, കോൽക്കത്ത, 28 റൺസ് ജയം, ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം. മൂന്നു മത്സരങ്ങളുടെ പരമ്പര. ആദ്യ മത്സരം ഡൽഹിയിൽ. ജയം ഇംഗ്ലണ്ടിന്. ഇന്ത്യൻ ടീമിനു മേൽ വൻസമ്മർദമാണ് ആദ്യ പരാജയം ഉണ്ടാക്കിയത്. ഇംഗ്ലണ്ട് പരമ്പര തൂത്തുവാരുമെന്ന് കളിയെഴുത്തുകാരും ആരാധകരും വിധിയെഴുതി. അജിത് വഡേക്കറാണ് ക്യാപ്റ്റൻ. അദ്ദേഹം ശരിക്കും നായകനായ മത്സരമാണ് പിന്നീട് നടന്നത്. ടോണി ഗ്രെഗിനെയും കീത്ത് ഫ്ളെച്ചറിനെയും പോലുള്ള മികച്ച താരങ്ങളുള്ള ഇംഗ്ലണ്ടിനെ തളയ്ക്കുന്നതിന് അദ്ദേഹം കൈക്കൊണ്ട തന്ത്രമാണ് ഇന്ത്യൻ ടീമിന് 28 റൺസിന്റെ ചെറിയ വിജയവും ആത്മവിശ്വാസവും നൽകിയത്. അദ്ദേഹം ടീമിൽ രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്തി. ബി. എസ്. ചന്ദ്രശേഖറിനെയും ബിഷൻ സിംഗ് ബേദിയേയും. ആദ്യ ബൗളിംഗ് ചെയ്ഞ്ചായി താന്നെ സീമർമാരെ പിൻവലിച്ച് ഇരുവർക്കും വഡേക്കർ പന്ത് നൽകി. അത് ഫലം കണ്ടും. ഇരുവരും വിഖ്യാത ഇംഗ്ലിഷ് ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റുകൾ വീഴ്ത്തി ചന്ദ്രശേഖറും രണ്ടാം ഇന്നിംഗ്സിൽ 63 റൺസിന് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ബേദിയും വഡേക്കറിന്റെ പ്രതീക്ഷ കാത്തു. ഇരുവരും ചേർന്ന് മികച്ച പ്രകടനം നടത്തിയിട്ടും ബാറ്റിംഗ്നിര തകർന്നു. പക്ഷേ, ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് നേരിയ മാർജിനിൽ ഇന്ത്യ മത്സരം സ്വന്തമാക്കിയത്. മത്സരം നടന്നത് കോൽക്കത്ത ഈഡൻഗാർഡൻസിലായിരുന്നു. 70000 കാണികളെ സാക്ഷിനിർത്തിയാണ് വഡേക്കറുടെ ടീം ജയിച്ചു കയറിയത്. ജയം ചെറിയ സ്കോറിനായിരുന്നെങ്കിലും ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയർന്നും. അവസാന മത്സരത്തിലും ജയിച്ച് 2–1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.


<ആ>1980, ചെന്നൈ, 10 വിക്കറ്റ് ജയം, പാക്കിസ്‌ഥാൻ

ആറു മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ പാക്കിസ്‌ഥാനെതിരേ ഇന്ത്യയുടെ ജയം അവിസ്മരണീയമായിരുന്നു.

ബദ്ധവൈരികളായ പാക്കിസ്‌ഥാനെതിരേ ഇന്ത്യനേടുന്ന ആദ്യത്തെ 10 വിക്കറ്റ് ജയമായിരുന്നു. ചെന്നൈയിൽ കപിൽ ദേവിന്റെ ടീമാണ് 10 വിക്കറ്റ് ജയം സ്വന്തമാക്കിയത്. കപിൽദേവിന്റെ ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് വൻ ജയം നേടിക്കൊടുത്തത്. ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ കപിലിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ 272 റൺസിൽ പാക്കിസ്‌ഥാനെ ഒതുക്കി.

പിന്നീട്, ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചതും മറ്റാരുമായിരുന്നില്ല. 84 റൺസ് നേടാൻ കപിലിനു വേണ്ടിവന്നത് വെറും 98 പന്തുകളാണ്. സുനിൽ ഗാവസ്കറുടെ സെഞ്ചുറി പ്രകടനത്തിന്റെ കൂടി പിൻബലത്തിൽ (166 റൺസ്) ഇന്ത്യ 158 റൺസിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാനെ 56 റൺസിന് ഏഴു വിക്കറ്റുകൾ വീഴ്ത്തി കപിൽ അക്ഷരാർഥത്തിൽ തകർക്കുകയായിരുന്നു. പാക്കിസ്‌ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം വെറും 76 റൺസ്. വിക്കറ്റ് നഷ്‌ടമില്ലാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ( തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.