അഞ്ഞൂറാൻ ഇന്ത്യ
അഞ്ഞൂറാൻ ഇന്ത്യ
Tuesday, September 20, 2016 11:59 AM IST
കാൺപുർ: ഒടുവിൽ ആ ചരിത്ര നിമിഷത്തിന് ഒരു ദിവസത്തിന്റെ അകലം കൂടി. ഇന്ത്യ നാളെ തങ്ങളുടെ അഞ്ഞൂറാം ടെസ്റ്റ് പോരാട്ടത്തിന് ഇറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ലോക റാങ്കിംഗിൽ ഒന്നാം സ്‌ഥാനം തന്നെയാണ് ലക്ഷ്യം. നിലവിൽ പാക്കിസ്‌ഥാനാണ് റാങ്കിംഗിൽ ഒന്നാമത്. വിൻഡീസിനെതിരായ പരമ്പര നേടിയ ശേഷം ഇന്ത്യയിലെത്തിയ കോഹ്്ലിയും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രീൻ പാർക്കിലെ വേഗമേറിയ പിച്ചിൽ മികച്ച ഫലം പ്രതീക്ഷിക്കാമെന്നാണ് ക്യൂറേറ്ററുടെ അവകാശവാദം. സ്പിന്നിനെയും പിന്തുണയ്ക്കുന്ന പിച്ചാണ് കാൺപുരിലേത്.

ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുകയാണെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ 2016–17 സീസണിൽ 13 മത്സരങ്ങളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയത്.

ന്യൂസിലൻഡിനെതിരായ പരമ്പര എന്നതിനപ്പുറം ഇന്ത്യയുടെ 500–ാം ടെസ്റ്റ് എന്ന ടാഗ് ലൈനാണ് സൂപ്പർ ഹിറ്റായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ വിജയിക്കുക എന്നതാണ് കുംബ്ലെയുടെയും കോഹ്ലിയുടെയും ലക്ഷ്യം.

സ്പിന്നിനെ പിന്തുണയ്ക്കുന്നതിനാൽ ടീമിൽ മൂന്നു സ്പിന്നർമാരുണ്ടാകുമെന്ന സൂചനയാണ് കുംബ്ലെ നൽകുന്നത്. ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് ഭാഗാകാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ പറഞ്ഞു. 500 ടെസ്റ്റിൽ 132 എണ്ണത്തിൽ ഭാഗമാകാൻ കഴിഞ്ഞതു വലിയ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്നാൽ, ഫാസ്റ്റ് ബൗളിംഗ് ഇന്ത്യക്കു തലവേദനയാണ്. ഇഷാന്ത് ശർമയ്ക്ക് കളിക്കാനാവാത്തതു തിരിച്ചടിയാണ്. ന്യൂസിലൻഡ് കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കാനൊരുങ്ങിയാണ് വന്നിരിക്കുന്നത്. എന്നാൽ, പരിക്കേറ്റ മാർട്ടിൻ ഗപ്ടിലും ടിം സൗത്തിയും കളിക്കുമോ എന്ന കാര്യം സംശയമാണ്. ലൂക് റോഞ്ചിയിലാണ് അവരുടെ ബാറ്റിംഗ് പ്രതീക്ഷ. 500–ാം ടെസ്റ്റ് ആഘോഷമാക്കുന്നതിന്റെ ഭാഗമായി ബിസിസിഐ മുൻ ഇന്ത്യൻ നായകന്മാരെ ക്ഷണിച്ചിട്ടുണ്ട്. സുനിൽ ഗാവസ്കർ, മുഹമ്മദ് അസ്്ഹറുദ്ദീൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരൊക്കെ മത്സരം കാണാനെത്തുന്നുണ്ട്.

<ആ>കൂടുതൽ ഇംഗ്ലണ്ട്

=962 മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിച്ചിരിക്കുന്നത്. ഇതിൽ 344 മത്സരങ്ങൾ വിജയിച്ചപ്പോൾ 179 മത്സരത്തിൽ പരാജയപ്പെട്ടു. 339 എണ്ണം സമനിലയിൽ കലാശിച്ചു. രണ്ടാമതുള്ള ഓസ്ട്രേലിയ 783 മത്സരങ്ങൾ കളിച്ചു. 368 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 208 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. വിൻഡീസ് 517ഉം ന്യൂസിലൻഡ് 412ഉം പാക്കിസ്‌ഥാൻ 399ഉം ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു.

=24 മത്സരങ്ങൾക്കു ശേഷമാണ് ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് ജയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.