ലീഗ് കപ്പിലും മാഞ്ചസ്റ്റർ ഡെർബി
Thursday, September 22, 2016 11:50 AM IST
ലണ്ടൻ: പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരിക്കൽക്കൂടി ഓൾഡ് ട്രാഫോർഡിൽ ഏറ്റുമുട്ടും. ഇത്തവണ ലീഗ് കപ്പ് നാലാം റൗണ്ടിലാണ് മാഞ്ചസ്റ്റർ ടീമുകൾ യുണൈറ്റഡിന്റെ തട്ടകത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ അവസാനത്തോടെയാണ് മത്സരം. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ 2–1ന് സിറ്റി തോൽപ്പിച്ചിരുന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ യുണൈറ്റഡ് ലീഗ് വൺ ടീമായ നോർത്താംപ്ടൺ ടൗണിനെ 3–1 തോൽപ്പിച്ചു. അങ്ങനെ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം മൗറിഞ്ഞോയുടെ യുണൈറ്റഡ് വിജയത്തിലെത്തി. മൈക്കിൾ കാരിക് (17), ആൻഡെർ ഹെരേര (68), മാർകസ് റഷ്ഫോർഡ് (75) എന്നിവരാണ് ചുവന്ന ചെകുത്താൻമാർക്കുവേണ്ടി ഗോൾ നേടിയത്. അലക്സ് റെവെൽ (42 പെനാൽറ്റി) വകയായിരുന്നു നോർത്താംപ്ടണിന്റെ ഗോൾ. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളിനു സ്വാൻസി സിറ്റിയെ പരാജപ്പെടുത്തി. ഗെയ്ൽ ക്ലിച്ചി (49), അലക്സ് ഗാർസിയ (67) എന്നിവർ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. ഗെയ്ലിഫ് സിഗുർഡ്സൺ (90+3) സ്വാൻസിയുടെ ആശ്വാസ ഗോൾ നേടി.


മാഞ്ചസ്റ്റർ ഡെർബിക്കൊപ്പം ലിവർപൂൾ–ടോട്ടനം മത്സരവും ലീഗ് കപ്പിന്റെ നാലാം റൗണ്ടിൽ വരുന്നുണ്ട്. ലിവർപൂൾ 3–0ന് ഡെർബി കൗണ്ടിയെ പരാജയപ്പെടുത്തി നേരത്തെതന്നെ നാലാം റൗണ്ടിൽ കടന്നിരുന്നു. ടോട്ടനം മറുപടിയില്ലാത്ത അഞ്ചു ഗോളിനു ഗില്ലിംഗ്ഹാമിനെ തകർത്തു. മറ്റ് മത്സരങ്ങളിൽ സണ്ടർലാൻഡ് 2–1ന് ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെയും സതാംപ്ടൺ 2–0ന് ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു. ഹൾ സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ് ടീമുകളും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.