തുണിയുരിഞ്ഞ ഫയൽവാന്മാർഗോദയ്ക്കു പുറത്ത്
തുണിയുരിഞ്ഞ ഫയൽവാന്മാർഗോദയ്ക്കു പുറത്ത്
Thursday, September 22, 2016 11:50 AM IST
റിയോ ഡി ഷാന്െറോ: റിയോ ഒളിമ്പിക്സിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച ഗുസ്തി ആശാൻമാർക്ക് മൂന്നു വർഷത്തെ വിലക്ക്. മംഗോളിയൻ ഗുസ്തി താരം ഗാൻസോറിജിൻ മന്ദാക്രാനരന്റെ പരിശീലകരായ സെൻറെൻബാറ്റാർ ട്സോഗ്ബയേർ, ബയമ്പിരഞ്ചൻ ബയാറ എന്നിവരെയാണ് വിലക്കിയത്. യുണൈറ്റഡ് വേൾഡ് റസലിംഗ് ഓർഗനൈസേഷനാണ് മംഗോളിയൻ ആശാൻമാരെ വിലക്കിയത്. 2019 ഓഗസ്റ്റ് വരെയാണ് വിലക്ക്. ഇക്കാലയളവിൽ രാജ്യാന്തര മത്സരങ്ങളിലൊന്നും ഇവർക്ക് പങ്കെടുക്കാനാവില്ല. മംഗോളിയൻ ദേശീയ ഗുസ്തി ഫെഡറേഷനും ഇവരെ ശിക്ഷിച്ചിരുന്നു. ഇരുവർക്കും 50,000 സ്വിസ് ഫ്രാങ്കാണ് പിഴ ചുമത്തിയത്.

റിയോയിലെ ഗോദയിൽ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ പോരാട്ടത്തിനിടെയായിരുന്നു മംഗോളിയൻ ആശാൻമാരുടെ അതിരുവിട്ട പ്രതിഷേധം.

ഉസ്ബെക്കിസ്‌ഥാന്റെ ഇഖ്തിയോർ നവ്രുസോവുമായിട്ടായിരുന്നു മന്ദാക്രാനരന്റെ വെങ്കല മെഡൽ പോരാട്ടം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണു നാടകീയ സംഭവങ്ങൾക്കു തുടക്കം. പോയിന്റ് നില 7–7 ൽ തുല്യതയിൽ നിൽക്കുന്നു. കളി അപ്പോൾ തീർന്നാൽ മംഗോളിയൻ താരത്തിനു വെങ്കലം കിട്ടുന്ന അവസ്‌ഥ. വെങ്കലം ഉറപ്പായതിന്റെ ആവേശത്തിൽ മംഗോളിയൻ താരം മന്ദാക്രാനരൻ എതിരാളിക്ക് പിടികൊടുക്കാതെ ഗോദയിലൂടെ പാഞ്ഞു. കൈകൾ ഉയർത്തി വിജയാഹ്ലാദം പ്രകടിപ്പിച്ചു. ഇതോടെ സന്തോഷംകൊണ്ട് ഇരിക്കാൻമേലാതായ മംഗോളിയൻ ആശാൻമാർ ഗോദയിലേക്കുപാഞ്ഞുവന്ന് താരത്തെ പിടിച്ചുയർത്തി ആഘോഷം തുടങ്ങി.


ഇതുകണ്ട്, ഉസ്ബെക്ക് താരം പരാതിപ്പെട്ടു. മത്സരം തീരുന്നതിനു മുമ്പായിരുന്നു മംഗോളിയക്കാരുടെ ആവേശപ്രകടനം. എതിരാളിയുടെ പിടിയിൽനിന്ന് ഒഴിഞ്ഞുമാറിയതിന് മംഗോളിയ താരത്തിനെതിരെ ഒരു പോയിന്റ് റഫറിമാർ വിധിച്ചു.

8–7നു വെങ്കലം ഉസ്ബെക്ക് താരത്തിന്..! മന്ദാക്രാനരന്റെ ചിരി കരച്ചിലിന് വഴിമാറി. ഇതോടെ പരശീലകരായ സെൻറെൻബാറ്റാർട്സോഗ്ബയേർ, ബയമ്പിരഞ്ചൻ ബയാറയ്ക്കും സഹിച്ചില്ല. സമനില തെറ്റിയ മംഗോളിയൻ ആശാൻമാർ തങ്ങളുടെ ജാക്കറ്റും ലോവറുകളും ഊരിമാറ്റി. വെള്ളക്കുപ്പിയും ഷൂസും ഗോദയിലേക്കു വലിച്ചെറിഞ്ഞു. പിന്നീടു രണ്ടുപേരും അടിവസ്ത്രം മാത്രമിട്ട് ഗോദയിൽ റഫറിമാരുടെ മുന്നിൽനിന്നു. പരിശീലകരിലൊരാൾ ഗോദയിൽ കിടന്നുരുണ്ടു. വോളന്റിയർമാരെത്തിയാണ് ഇരുവരെയും ഗോദയിൽനിന്നും പിടിച്ചുമാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.