ഫുട്ബോൾ ആവേശത്തിനൊരുങ്ങി നെഹ്റു സ്റ്റേഡിയം
ഫുട്ബോൾ ആവേശത്തിനൊരുങ്ങി നെഹ്റു സ്റ്റേഡിയം
Friday, September 23, 2016 11:51 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഒക്ടോബർ അഞ്ചിനാണ് അത്ലറ്റിക്കോ കോൽക്കത്തയുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. മത്സരത്തിനു 10 ദിവസം മാത്രം ശേഷിക്കേ സ്റ്റേഡിയത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ ചെയ്തു തീർക്കാനുള്ള ശ്രമത്തിലാണു കേരള ഫുട്ബോൾ അസോസിയേഷൻ.

ഏഴ് മത്സരങ്ങളാണു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുള്ളത്. അടുത്തവർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ വേദികളിലൊന്നായ സ്റ്റേഡിയത്തിൽ ഇതിനുള്ള നവീകരണ ജോലികളും നടക്കുന്നുണ്ട്. ലോകകപ്പിനായി അടുത്ത വർഷം മാർച്ച് 31നകം സ്റ്റേഡിയം നവീകരിച്ചു വിട്ടുനൽകണമെന്നാണു ഫിഫ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, അതിനു മുൻപു നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുനൽകാൻ കെഎഫ്എ തീരുമാനിക്കുകയും യുദ്ധകാലാടിസ്‌ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.

ഈ വർഷം ആദ്യം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ തുടക്കത്തിൽ ഇഴഞ്ഞാണു നീങ്ങിയത്. എന്നാൽ മത്സരത്തിനുള്ള എല്ലാ സജ്‌ജീകരണങ്ങളും സമയപരിധിക്കുള്ളിൽതന്നെ തീർക്കുമെന്നു കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ പറഞ്ഞു. സ്റ്റേഡിയത്തിലെ പ്രധാന പ്രശ്നം ഡ്രെയ്നേജായിരുന്നു. മഴ പെയ്താൽ വെള്ളം സുഗമമായി പുറത്തേക്ക് ഒഴുകിപ്പോയിരുന്നില്ല. ഇതു പരിഹരിക്കാനായി പൈപ്പുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തി രണ്ടു ദിവസത്തിനകം പൂർത്തീകരിക്കും.


സ്റ്റേഡിയത്തിലെ ലൈറ്റുകളെല്ലാം അറ്റകുറ്റപ്പണി നടത്തി നന്നാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്ലെയേഴ്സ് റൂമിന്റെ ജോലികളും അവസാനഘട്ടത്തിലാണ്. ടോയ്ലറ്റ് സംവിധാനങ്ങൾ മാത്രമാണു തീരാനുള്ളത്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് അതു പെട്ടെന്നുതന്നെ ചെയ്തുതീർക്കും. ഫിഫയുടെയും ഐഎസ്എലിന്റെയും സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം വന്നു സ്റ്റേഡിയത്തിൽ പരിശോധന നടത്തിയിരുന്നു. സ്റ്റേഡിയം നവീകരണത്തിൽ ഐഎസ്എൽ സാങ്കേതിക വിദഗ്ധർ തൃപ്തരാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ നടക്കുമെന്നും മേത്തർ പറഞ്ഞു.

അണ്ടർ 17 ലോകകപ്പിനായി ഒക്ടോബർ 18നു ഫിഫ സംഘം സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന അന്തിമ പരിശോധനയ്ക്കുശേഷം മാർച്ചിൽ സ്റ്റേഡിയം വിട്ടുനൽകണം. പരിശീലന ഗ്രൗണ്ടുകളിൽ പനമ്പിള്ളിനഗറിലൊഴികെ ബാക്കിയുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പനമ്പിള്ളി നഗറിൽ ഗ്രൗണ്ട് മുഴുവൻ നവീകരിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഫുട്ബോൾ കോർട്ടും പ്ലെയേഴ്സ് റൂമും ആദ്യം ചെയ്യാൻ തീരുമാനമായിട്ടുണ്ട്.

ഐഎസ്എൽ മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് വില്പനയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രതികരണമാണുള്ളത്. മത്സരത്തിനു മൂന്നു ദിവസം മുമ്പു മുതൽ സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന ആരംഭിക്കും. ഇത്തവണ സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗങ്ങളിൽ ടിക്കറ്റ് കൗണ്ടറുകളുണ്ടാകുമെന്നും കെ.എം.ഐ. മേത്തർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.