സ്പിൻ കുഴിയിൽ വീഴാതെ കിവീസ്
സ്പിൻ കുഴിയിൽ വീഴാതെ കിവീസ്
Friday, September 23, 2016 11:51 AM IST
കാൺപുർ: ഭൂരിഭാഗവും മഴ കളിച്ച കാൺപുർ ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ദിനം കണ്ടത് ഇന്ത്യയുടെ തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ്. വെറും 54 ഓവർ മാത്രമാണു രണ്ടാംദിനം കളിനടന്നത്. ന്യൂസിലൻഡ് ബാറ്റ് ചെയ്തത് 47 ഓവർ. 318 റൺസിൽ ഇന്ത്യയെ പുറത്താക്കിയ ന്യൂസിലൻഡ് രണ്ടാം ദിനം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 152 എന്ന നിലയിലാണ്. 21 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിന്റെ വിക്കറ്റാണ് അവർക്കു നഷ്‌ടമായത്. ക്യാപ്റ്റൻ കെയ്ൻ വില്യംസണും(65), ഓപ്പണർ ടോം ലാഥ(56)വുമാണ് ക്രീസിൽ.

നേരത്തെ ഒമ്പതുവിക്കറ്റ് നഷ്‌ടത്തിൽ 291 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 27 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ശേഷിക്കുന്ന വിക്കറ്റും നഷ്‌ടമായി. ഒമ്പത് റൺസ് എടുത്ത ഉമേഷ് യാദവിനെ വിക്കറ്റ് കീപ്പർ ബിജെ വാട്ലിംഗിന്റെ കൈകളിലെത്തിച്ച നീൽ വാഗ്നറാണ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ രവീന്ദ്ര ജഡേജ 42 റൺസുമായി പുറത്താകാതെ നിന്നു. ഏഴു ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ന്യൂസിലൻഡിനായി ട്രെന്റ് ബൗൾട്ട്, മിച്ചൽ സാന്റ്നർ എന്നിവർ മൂന്നുവിക്കറ്റുവീതം വീഴ്ത്തി. നീൽ വാഗ്നർ രണ്ടു വിക്കറ്റ് നേടിയപ്പോൾ മാർക്ക് ക്രെയ്ഗ്, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം മെല്ലെയായിരുന്നു. ഓപ്പണിംഗ് ജോഡി പതിയെ താളം കണ്ടെത്തുന്നതിനിടെ മാർട്ടിൻ ഗപ്ടിലിനെ വിക്കറ്റിനു മുമ്പിൽ കുടുക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ആശ്വാസം പകർന്നു. ന്യൂസിലൻഡ് സ്കോർ ബോർഡിൽ 35 റൺസ് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. രണ്ടാം ദിനം ഇന്ത്യയുടെ ആഹ്ലാദം അവിടെ തീരുകയായിരുന്നു. ലാഥത്തിനൊപ്പം ഒത്തുചേർന്ന വില്യംസൺ ന്യൂസിലാൻഡിനെ മുന്നോട്ടുനയിച്ചു. ഇരുവരുടെയും അപരാജിത കൂട്ടുകെട്ട് ന്യൂസിലാൻഡ് സ്കോർബോർഡിൽ 117 റൺസാണ് എഴുതിച്ചേർത്തത്. ടീമുകൾ ചായയ്ക്കു പിരിഞ്ഞപ്പോൾ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു. മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ഇന്ത്യൻ സ്പിന്നർമാർ പരാജയപ്പെട്ടത് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആശങ്ക നൽകുന്ന കാര്യമാണ്. 17 ഓവറുകൾ എറിഞ്ഞ രവിചന്ദ്രൻ അശ്വിൻ 47 റൺസ് വഴങ്ങിയപ്പോൾ 14 ഓവറുകൾ എറിഞ്ഞ രവീന്ദ്ര ജഡേജ 43 റൺസ് വിട്ടുകൊടുത്തു. ഒടുവിൽ പാർട്ട്ടൈം സ്പിന്നർ മുരളിവിജയിയെ വരെ കോഹ്ലി പരീക്ഷിച്ചെങ്കിലും രണ്ടാമതൊരു വിക്കറ്റ് വീഴ്ത്താനായില്ല.


വ്യക്‌തമായ ഗെയിംപ്ലാനോടു കൂടിയായിരുന്നു ന്യൂസിലൻഡ് കളിച്ചതെന്ന് അവരുടെ കളികാണുന്ന ആർക്കും മനസിലാകുമായിരുന്നു. അശ്വിനും ജഡേജയ്ക്കുമെതിരേ തികച്ചും പ്രതിരോധാത്മകമായ സമീപനമായിരുന്നു ഇരുവരും സ്വീകരിച്ചത്. ഗ്രീൻപാർക്കിലെ വേഗം കുറഞ്ഞ പിച്ചിൽ സ്പിന്നർമാർക്കെതിരേ ബാക്ഫുട്ടിൽ കളിക്കുന്നതിലാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇടയ്ക്ക് ഗ്യാപ്പുകൾ കണ്ടെത്തി വില്യംസൺ മുന്നേറിയപ്പോൾ സ്വീപ്പ് ഷോട്ടുകളിലൂടെ റൺസ് കണ്ടെത്താൻ ലാഥം ശ്രമിച്ചു. ഇന്നും ഇതേ രീതിതന്നെ പിന്തുടരാനാവും ന്യൂസിലാൻഡ് ശ്രമിക്കുക. വില്യംസണും ലാഥവും തമ്മിലുള്ള ആറാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് കാൺപുരിൽ പിറന്നത്. വെറും 24 ഇന്നിംഗ്സിനിടെയാണിത്. ഇതു ന്യൂസിലാൻഡ് റിക്കാർഡാണ്. വില്യംസൺ–റോസ് ടെയ്ലർ സഖ്യവും ആറു തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 22 ടെസ്റ്റ് ഇന്നിംഗ്സുകൾക്കിടയിൽ ഇത് ഒമ്പതാംതവണയാണ് വില്യംസൺ 50 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. ഏഴു ടെസ്റ്റുകൾക്കു ശേഷമാണ് ഇന്ത്യയിൽ ഒരു വിദേശടീമിൽ നിന്നും 100 റൺസ് കൂട്ടുകെട്ട് പിറക്കുന്നത്. ജഡേജയും ഉമേഷ് യാദവും ചേർന്ന് 10–ാം വിക്കറ്റിൽ നേടിയ 41 റൺസ് ഈ വിക്കറ്റിൽ ഇന്ത്യയുടെ നാലാമത്തെ ഉയർന്ന സ്കോറാണ്.

<ആ>സ്കോർബോർഡ്

ഇന്ത്യ –ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ്

കെ.എൽ. രാഹുൽ സി വാട്ലിംഗ് ബി സാന്റ്നർ 32, മുരളി വിജയ് സി വാട്ലിംഗ് ബി സോധി 65, ചേതേശ്വർ പൂജാര സി ആൻഡ് ബി സാന്റ്നർ 62, വിരാട് കോഹലി സി സോധി ബി വാഗ്നർ 9, അജിങ്ക്യ രഹാനെ സി ലാഥം ബി ക്രെയ്ഗ് 18, രോഹിത് ശർമ സി സോധി ബി സാന്റ്നർ 35, ആർ. അശ്വിൻ സി ടെയ്ലർ ബി ബൗൾട്ട് 40, വൃദ്ധിമാൻ സാഹ ബി ബൗൾട്ട് 0, രവീന്ദ്ര ജഡേജ നോട്ടൗട്ട് 42, മുഹമ്മദ് ഷാമി ബി ബൗൾട്ട് 0, ഉമേഷ് യാദവ് സി വാട്ലിംഗ് ബി വാഗ്നർ 9, എക്സ്ട്രാസ് 6. ആകെ 97 ഓവറിൽ 318 എല്ലാവരും പുറത്ത്

<ആ>ബൗളിംഗ്

ട്രെന്റ് ബൗൾട്ട് 20–3–67–3, വാഗനർ 15–4–42–2, സാന്റ്നർ 23–2–94–3, ക്രെയ്ഗ് 24–6–59–1, സോധി 15–3–50–1.



<ആ>ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ്

മാർട്ടിൻ ഗപ്ടിൽ എൽബിഡബ്ല്യു ബി യാദവ് 21, ലാഥം നോട്ടൗട്ട് 56, വില്യംസൺ നോട്ടൗട്ട് 65. എക്സ്ട്രാസ് 10, ആകെ 47 ഓവറിൽ ഒരു വിക്കറ്റിന് 152.

<ആ>ബൗളിംഗ്

ഷാമി 8–1–26–0, യാദവ് 7–2–22–1, ജഡേജ 17–1–47–0, അശ്വിൻ 14–1–43–0, വിജയ് 1–0–5–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.