വാൻബാസ്റ്റിൻ ഫിഫ സാങ്കേതിക വിഭാഗം തലവൻ
വാൻബാസ്റ്റിൻ ഫിഫ സാങ്കേതിക വിഭാഗം തലവൻ
Saturday, September 24, 2016 11:36 AM IST
ജോസ് കുമ്പിളുവേലിൽ

ബർലിൻ: ഫിഫയുടെ സാങ്കേതിക വിഭാഗം മുഖ്യതലവനായി ഇതിഹാസ ഫുട്ബോളർ മാർക്കോ വാൻ ബാസ്റ്റിനെ(51) നിയമിച്ചു. മുൻ ഡച്ച് സൂപ്പർ താരമായ വാൻബാസ്റ്റർ, അയാക്സ് എസി മിലാൻ, മുൻ അയാക്സ് കോച്ച് എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതുമാത്രമല്ല. 1992 ലെ ഫിഫ ലോകതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മാർക്കോ വാൻ ബാസ്റ്റിൻ.

ഫുട്ബോൾ സാങ്കേതിക വികസനവും റഫറിയിറിംഗും അടക്കമുള്ള കാര്യങ്ങൾ ഇനി വാൻബാസ്റ്റിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുന്നത്. അടുത്തയാഴ്ച വാൻബാസ്റ്റിൻ ചുമതയേൽക്കുമെന്ന് ഫിഫ പ്രസിഡന്റ് അറിയിച്ചു.

സൂറിച്ചിലെ ആസ്‌ഥാനത്ത് എത്തിയ വാൻബാസ്റ്റിനെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സ്വോനിമിർ ബോബനും ചേർന്ന് സ്വീകരിച്ചു. സുതാര്യതയിൽ പ്രവർത്തിക്കുന്ന ഫിഫയുടെ ഘടനയിൽ നിന്നുകൊണ്ട് ലോകഫുട്ബോളിനെ സംരക്ഷിക്കാൻ ബാസ്റ്റനു സാധിക്കട്ടെയെന്നു ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പ്രത്യാശിച്ചു. ഫിഫയുടെ എല്ലാ സാങ്കേതിക മേഖലകളുടെയും ചുമതല ഇനി മുതൽ മാർക്കോ വാൻബാസ്റ്റിനായിരിക്കും.


ഫുട്ബോളിന്റെ ഭാവിവളർച്ച, പുതിയ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തമായ നിലപാടുള്ള ആളെന്ന നിലയിൽ ബാസ്റ്റിൻ ഫുട്ബോളിന്റെ മികച്ച സങ്കേതിക തത്വങ്ങൾ ഫിഫയുമായി കൂട്ടിയിണക്കി ലോകത്തിനു നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. ടോട്ടൽ ഫുട്ബോളിന്റെ മികച്ച പ്രയോക്‌താവാണ് വാൻ ബാസ്റ്റിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.