ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില
ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില
Sunday, September 25, 2016 11:11 AM IST
കോൽക്കത്ത: വടക്കുകിഴക്കൻ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനായി കോൽക്കത്തയിൽ പര്യടനം തുടരുന്ന കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില. ഇന്ത്യൻ സൂപ്പർ ലീഗിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് സന്നാഹ മത്സരത്തിൽ കോൽക്കത്ത ഫുട്ബാൾ ലീഗ് ടീം സതേൺ സമിതിയോടാണ് സമനില വഴങ്ങിയത്. ഇരുടീമും ഓരോ ഗോൾ വീതം നേടി.

മോഹൻബഗാന്റെ പരിശീലന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 15–ാം മിനിറ്റിൽ സതേൺ സമിതി മുന്നിലെത്തി. എന്നാൽ, അഞ്ചു മിനിറ്റിനുശേഷം ഹെയ്തി താരം കെർവൻസ് ബെൽഫോർട്ടിന്റെ പാസിൽ ഫാറൂഖ് ചൗധരി ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.

തായ്ലൻഡിൽ നടന്ന കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോൾ രഹിത സമനിലയിൽ കുടുങ്ങിയിരുന്നു. ബാങ്കോക്കിൽ രണ്ടാഴ്ചയോളം നീണ്ട പരിശീലനത്തിനിടെ ബ്ലാസ്റ്റേഴ്സ് മൂന്ന് ടീമുകൾക്കെതിരെ കളിച്ചിരുന്നു. ഇതിൽ രണ്ടു മത്സരങ്ങളിൽ ജയിച്ച മഞ്ഞപ്പട ഒരു മത്സരത്തിൽ സമനിലയും നേടിയിരുന്നു. ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് താരം മൈക്കൽ ചോപ്രയുടെ ഗോളിലായിരുന്നു അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം.

ഒക്ടോബർ ഒന്നിന് ഗോഹട്ടിയിൽ നോർത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഐഎസ്എൽ മൂന്നാം സീസൺ ഉദ്ഘാടനമത്സരവും ഇതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.