നാട്ടിലെ പുലിയായി വീണ്ടും ജഡേജ
നാട്ടിലെ പുലിയായി വീണ്ടും ജഡേജ
Monday, September 26, 2016 10:27 AM IST
കാൺപുർ: രവീന്ദ്ര ജഡേജ വീണ്ടും നാട്ടിലെ പുലിയായി. ദീർഘകാലമായി ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന രവീന്ദ്ര ജഡേജ വീണ്ടും ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനവുമായി തിളങ്ങുകയാണ്. ജഡേജ മികച്ച ഓൾ റൗണ്ടറായി ഫോമിലേക്കു മടങ്ങിയെത്തിയതാണ് കാൺപുർ ടെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും 44 പന്തിൽ 42 റൺസും 58 പന്തിൽ നിന്ന് 50 റൺസും നേടി അദ്ദേഹം തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നു തെളിയിച്ചു. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. വിരാട് കോഹ്ലിക്കൊപ്പം ടീമിന്റെ വിജയത്തിൽ അന്ന് ജഡേജയും സുപ്രധാന പങ്കു വഹിച്ചിരുന്നു. ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയതെങ്കിലും ബൗളറെന്ന നിലയിലാണ് കൂടുതൽ ശോഭിച്ചത്.

2013 ൽ അദ്ദേഹം ഐസിസി റാങ്കിംഗിൽ ഒന്നാം നമ്പർ ബൗളറായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 1996 ൽ അനിൽ കുംബ്ലെയ്ക്കു ശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബൗളറും ജഡേജയായിരുന്നു. 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ സെഞ്ചുറികൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള ഏക ഇന്ത്യൻ കളിക്കാരനും രവീന്ദ്ര ജഡേജയാണ്.

ഇന്ത്യൻ ഇന്നിംഗ്സിനെ ചുരുട്ടിക്കെട്ടാനുള്ള ന്യൂസിലൻഡ് ബൗളർമാരുടെ ശ്രമങ്ങളെ ഫലപ്രദമായി ചെറുത്തു എന്നതാണ് ജഡേജയുടെ ബാറ്റിംഗിന്റെ എടുത്തു പറയേണ്ട നേട്ടം. ആദ്യ ദിവസം ഇന്ത്യ 262/7 എന്നനിലയിൽ പതറുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. ഒമ്പതാം വിക്കറ്റ് വീഴുമ്പോൾ ഇന്ത്യയുടെ സ്കോർ 277 റൺസിലായിരുന്നു. മുന്നൂറു കടക്കാനുള്ള സാധ്യത വിരളം. അവസാന ബാറ്റ്സ്മാനായി ജഡേജയ്ക്കു കൂട്ട് ഉമേഷ് യാദവ്. പക്ഷേ, അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 41 റൺസ്. അതിൽ ഉമേഷ് യാദവിന്റെ സംഭാവന വെറും ഒമ്പതു റൺസ് മാത്രം.


മൂന്നാം ദിവസം 160/3 എന്ന നിലയിൽ നിന്ന് 262 റൺസിന് ഓൾഔട്ട് ആകുന്നതിന്റെ തുടക്കം റോസ് ടെയ്ലറിന്റെ വിക്കറ്റായിരുന്നു. മികച്ച പന്തിലൂടെ അദ്ദേഹത്തെ എൽബിഡബ്ല്യുവിൽ കുരുക്കിയാണ് ജഡേജ ന്യൂസിലൻഡിന്റെ തകർച്ചയ്ക്കു തുടക്കമിട്ടത്. പിന്നീട്, ഒരിക്കൽ പോലും ന്യൂസിലൻഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അനിവാര്യമായ 197 റൺസിന്റെ പരാജയത്തിലേക്ക് അവർ പതിച്ചു.

കഴിഞ്ഞ 18 മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനംനിരാശാജനകമായിരുന്നു. വെറും 77 വിക്കറ്റുകളാണ് അദ്ദേഹത്തിനു നേടാനായത്. പലപ്പോഴും ടീമിലെ സ്‌ഥാനം പോലും തുലാസിലാവുകയും ചെയ്തിരുന്നു. പക്ഷേ, അഞ്ഞൂറാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ അദ്ദേഹം വീണ്ടും ടീമിന് അവിഭാജ്യ ഘടകമായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.