ഒന്നാണു നമ്മൾ 1
ഒന്നാണു നമ്മൾ 1
Monday, September 26, 2016 10:27 AM IST
കാൺപുർ: ചരിത്രം പിറന്ന ടെസ്റ്റിൽ മിന്നും ജയം കുറിച്ച് ലോകത്തെ ഒന്നാം നമ്പർ ടീമായി ടീം ഇന്ത്യ. ന്യൂസിലൻഡിനെ 197 റൺസിന് തകർത്ത് ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി. വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിൽ പാക്കിസ്‌ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്‌ഥാനത്തെത്തി.

434 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനു ശേഷം 236 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിന് മുന്നിലാണ് കിവികൾ ചിറകൊടിഞ്ഞു വീണത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയ അശ്വിൻ മത്സരത്തിൽ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ 42ഉം രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 50 റൺസും നേടിയ ജഡേജ രണ്ട് ഇന്നിംഗ്സികളിലുമായി ആറ് വിക്കറ്റും നേടി.

ഇന്ത്യ 100–ാമത്തെയും 200–ാമത്തെയും ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിൽ 300,400,500 ടെസ്റ്റുകളിൽ വിജയം നുകർന്നു. ഇന്ത്യയുടെ 130–ാം ടെസ്റ്റ് വിജയമാണിത്.

സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318, രണ്ടാം ഇന്നിംഗ്സ് 377/5 ഡിക്ലയേർഡ്. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 262, രണ്ടാം ഇന്നിംഗ്സ് 236.

പിടിച്ചുനിന്ന് റോഞ്ചിയും സാന്റ്നറും

വളരെ കരുതലോടെയായിരുന്നു റോഞ്ചിയും നൈറ്റ് വാച്ച്മാൻ സാന്റ്നറും അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയത്. നാലിന് 94 എന്ന നിലയിൽ തുടങ്ങിയ കിവീസിനു വേണ്ടി റോഞ്ചി വേഗത്തിൽ സ്കോർ ഉയർത്തി. സാന്റ്നർ മികച്ച പിന്തുണയും നൽകി. എന്നാൽ, 80 റൺസെടുത്ത റോഞ്ചിയെ ജഡേജ പുറത്താക്കിയതോടെ കിവീസ് തകർന്നു തുടങ്ങി. ജഡേജയുടെ പന്തിൽ അശ്വിൻ പിടിച്ചാണ് റോഞ്ചി പുറത്തായത്. 102 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. പിന്നീട് ക്രീസിലെത്തിയ വാട്ലിംഗ് (18) പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ, മുഹമ്മദ് ഷാമിക്കു മുന്നിൽ മുട്ടുമടക്കാനായിരുന്നു വാട്ലിംഗിന്റെ വിധി. ക്രെയ്ഗിനെ മുഹമ്മദ് ഷാമിയും മടക്കി. സോധിയെ കൂട്ടുപിടിച്ച് അവസാനം പൊരുതിയെങ്കിലും അശ്വിന്റെ സ്പിന്നിനെ മറികടക്കാൻ സാന്റ്നർക്കായില്ല. സാന്റ്നർ (71) രോഹിത് ശർമയുടെ കൈകളിൽ അവസാനിച്ചപ്പോൾ സോധിയെ അശ്വിൻ ബൗൾഡാക്കി.

പിന്നീടെല്ലാം ചടങ്ങു മാത്രമായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ ആറു വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷാമി രണ്ടും ജഡേജ ഒന്നും വിക്കറ്റുകൾ സ്വന്തമാക്കി.

സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 262

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് അഞ്ചിന് 377 ഡിക്ലയേർഡ്.


ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്

ടോം ലാതം എൽബിഡബ്ല്യു ബി അശ്വിൻ 2, മാർട്ടിൻ ഗപ്ടിൽ സി വിജയ് ബി അശ്വിൻ 0, വില്യംസൺ എൽബിഡബ്ല്യു ബി അശ്വിൻ 25, ടെയ്ലർ റണ്ണൗട്ട് 17, ലൂക്ക് റോഞ്ചി സി അശ്വിൻ ബി ജഡേജ 80, സാന്റ്നർ സി രോഹിത് ശർമ ബഹി അശ്വിൻ 71, വാട്ലിംഗ് എൽബിഡബ്ല്യു ബി മുഹമ്മദ് ഷാമി 18, ക്രെയ്ഗ് ബി മുഹമ്മദ് ഷാമി 1, സോധി ബി അശ്വിൻ 17, ബൗൾട്ട് നോട്ടൗട്ട് 2, വാഗ്നർ എൽബിഡബ്ല്യു ബി അശ്വിൻ 0, എക്സ്ട്രാസ് 3

ആകെ 87.3 ഓവറിൽ 236നു പുറത്ത്

ബൗളിംഗ്

മുഹമ്മദ് ഷാമി 8–2–18–2, അശ്വിൻ 35.3–5–132–6, ജഡേജ 34–17–58–1, ഉമേഷ് യാദവ് 8–1–23–0, മുരളി വിജയ് 2–0–3–0



കളി കണക്കിൽ

5

ടെസ്റ്റിൽ അശ്വിൻ 10 വിക്കറ്റ് നേടുന്നത് അഞ്ചാം തവണ. ഇതോടെ ഹർഭജൻസിംഗിന്റെ നേട്ടത്തിനൊപ്പമെത്തി അശ്വിൻ. എട്ട് തവണ 10 വിക്കറ്റ് നേടിയ കുംബ്ലയാണ് ഈ നേട്ടത്തിൽ അശ്വിന് മുന്നിലുള്ള ഏക ഇന്ത്യൻ ബൗളർ.

10

10 അർധ സെഞ്ചുറികളാണ് മത്സരത്തിൽ പിറന്നത്. ഒരു സെഞ്ചുറി പോലും ആരും നേടിയില്ല. ഇതിന് മുമ്പ് ഇന്ത്യ കളിച്ച ഒരു ടെസ്റ്റിൽ മാത്രമാണ് ഇതിലേറെ അർധ സെഞ്ചുറികൾ ‘സെഞ്ചുറി’ ഇല്ലാതെ വന്നത്. 1964ൽ മുംബൈയിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ മത്സരമായിരുന്നു അത്

19

37 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 19–ാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

19

ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ 19–ാം വിജയം. 55 മത്സരങ്ങളിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇതിൽ 22 മത്സരം സമനിലയായപ്പോൾ 10 മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചു.

89

സ്വന്തം നാട്ടിൽ ഇന്ത്യയുടെ 89–ാം വിജയം. 249 മത്സരമാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഇതുവരെ കളിച്ചിട്ടുളളത്.

03

ന്യൂസിലൻഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയം. 1968ൽ ഒക്ലൻഡിൽ 272 റൺസിന് ജയിച്ചതാണ് ഏറ്റവും വലിയ വിജയം

10

ന്യൂസിലൻഡിന്റെ 10 ബാറ്റ്സ്മാന്മാരെയാണ് ഇന്ത്യൻ ബൗളർമാർ എൽബിഡബ്ല്യുവിൽ കുടുക്കിയത്. 2001ൽ ഓസ്ട്രേലിയയുടെ ഒമ്പതു ബാറ്റ്സ്മാന്മാരെ ഇന്ത്യൻ ബൗളർമാർ വിക്കറ്റിനു മുന്നിൽ കുടുക്കി പുറത്താക്കി.

03

ന്യൂസിലൻഡിനെതിരേ ഇതു മൂന്നാം തവണയാണ് അശ്വിൻ ഒരിന്നിംഗ്സിൽ ആറു വിക്കറ്റ് സ്വന്തമാക്കുന്നത്. ഡെറെക് അണ്ടർവുഡ് മാത്രമാണ് ഇക്കാര്യത്തിൽ അശ്വിനു മുന്നിലുള്ളത്. പാക്കിസ്‌ഥാന്റെ മുഷ്താഖ് അഹമ്മദും ഇംഗ്ലണ്ടിന്റെ ടോണി ലോക്, റിയാൻ സൈഡ്ബോട്ടം എന്നിവരും മൂന്നു തവണ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.