പ്രതിരോധക്കോട്ട തീർത്ത് ഡൈനാമോസ്
പ്രതിരോധക്കോട്ട തീർത്ത് ഡൈനാമോസ്
Tuesday, September 27, 2016 11:29 AM IST
അനു സെബാസ്റ്റ്യൻ

കൊച്ചി: 2006 ലോകകപ്പിൽ ഇറ്റലി–ഫ്രാൻസ് ഫൈനൽ മത്സരത്തിൽ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഇറ്റലി ചിരിച്ചു, ഫ്രാൻസ് കരഞ്ഞു. പത്തുവർഷങ്ങൾക്കു ശേഷവും രണ്ടു സംഭവങ്ങളുണ്ടായി. ഫൈനൽ മത്സരത്തിൽ ഇറ്റലിക്കുവേണ്ടി കളിച്ച ജിയാൻലൂക്ക സംബ്രോട്ട ഡൽഹി ഡൈനാമോസിൽ പരിശീലകനായി. ഫ്രാൻസിനു വേണ്ടി കളിച്ച ഫ്ളോറന്റ് മലൂദ ഡൈനാമോയുടെ മാർക്വീ താരമായി.

കഴിഞ്ഞ രണ്ടുസീസണിലും തിളങ്ങാനാവാത്ത ഡൽഹി ഡൈനാമോസ് ഇത്തവണ മുണ്ട് മടക്കിക്കുത്തി മീശപിരിച്ചുതന്നെയാണ് കളത്തിലിറങ്ങുന്നത്. ടീമിന്റെ വിദേശ പര്യടനത്തിലുണ്ടായ പ്രകടനം തന്നെയാണ് ആത്മവിശ്വാസത്തിന്റെ കാരണം. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള ദൂരത്തെ ഒരു ഗോളിന്റെ വ്യത്യാസത്തിൽ അവർ അളന്നെടുത്തു. ഡൽഹി ഡൈനാമോസ് സന്നാഹമത്സരത്തിൽ നേരിട്ടത് സാക്ഷാൽ വെസ്റ്റ് ബ്രോംവിച്ച് ടീമിനെയാണ്. ഒരു ഗോൾ വ്യതാസത്തിൽ ഡൽഹി പരാജയപ്പെട്ടെങ്കിലും അതിന് വിജ–ത്തോളം പോന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. ഐഎസ്എലിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന ആത്മവിശ്വാസം––

ജിയാൻ ലൂക്ക സംബ്രോട്ടയെ ഡൽഹിയിലേക്കെത്തിച്ചപ്പോൾ ഡൽഹിക്കു നഷ്‌ടപ്പെട്ടത് ഒരു ഇതിഹാസ താരത്തെയും ഒരു പരിശീലകനെയുമാണ്. കഴിഞ്ഞ സീസണിൽ പ്രതിരോധച്ചുമതല ഏറ്റെടുക്കുകയും കോച്ചായി തിളങ്ങുകയും ചെയ്ത ബ്രസീലിയൻ ഇതിഹാസ താരം റോബർട്ടോ കാർലോസിന്റെ സേവനം. 2006 ൽ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൽ പ്രതിരോധക്കോട്ട കാത്ത സംബ്രോട്ട രാജ്യത്തിനായി 98 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവന്റസ്, മിലാൻ, ബാർസിലോണ എന്നീ ലോകോത്തര ക്ലബ്ബുകളിൽ കളിച്ച സംബ്രോട്ടയെ ഡൽഹിലേക്ക് വെറുതേ കൊണ്ടുവന്നതല്ല എന്ന് ചുരുക്കം. ചായോസ് ക്ലബിനെ രണ്ട് വർഷം പരിശീലിപ്പിച്ച സാംബ്രോസ് പ്രതിരോധത്തിലൂന്നിയ ശൈലിയായിരിക്കും ഡൽഹിയിലും പുറത്തിറക്കുക. ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്കെതിരേയാണ് ഡൽഹിയുടെ ആദ്യമത്സരം.


ഡെൻ നെറ്റ് വർക്കിന്റെ ഉടമസ്‌ഥതയിലുള്ള ഡൈനാമോസ് ഫ്രഞ്ച് താരം ഫ്ളോറന്റ് മലൂദയെ ഇത്തവണയും മാർക്വീ താരമായി നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസിയുടെ നെടുംതൂണായിരുന്ന ഈ ഫ്രഞ്ചുതാരത്തിലൂടെയായിരിക്കും കളിയുടെ നിയന്ത്രണം. ഇന്ത്യൻ ഗോൾകീപ്പർമാരായ സഞ്ജീബൻ ഘോഷിനും സോറം അങ്ങാൻവിക്കുമൊപ്പം സ്പാനിഷ് താരം ടോണി ഡോബ്ലാസിനും എത്തുന്നതോടെ വലകുലുക്കുന്ന ഗോളുകളുടെ എണ്ണം കുറയുമെന്നുറപ്പ്. കഴിഞ്ഞ സീസണിൽ ഡൽഹി സെമികണ്ടത് കനത്തപ്രതിരോധക്കോട്ട കെട്ടിനിർത്തിയതുകൊണ്ടായിരുന്നു.

റയൽമാഡ്രിഡ് താരമായിരുന്ന റൂബൻ ഗൊൺസാലസും ഘാനയിൽ നിന്നുള്ള ഡേവിഡ് ആഡിയും പ്രതിരോധം തീർത്ത് നിലയുറപ്പിക്കുമ്പോൾ മലയാളി താരമായ അനസ് എടത്തൊടികയും ഇന്ത്യൻ താരങ്ങളായ ലാൽച്വൻകിമയും ചിങ്ലൻസ്ൻസിംഗും എതിരാളികളുടെ കുതിപ്പുതടയാൻ നിലയുറപ്പിക്കും. മധ്യനിരയിൽ മാർക്വീതാരം ഫ്ളോറന്റ് മലൂദ എത്തുമ്പോൾ കപ്പിത്താനൊപ്പം നിലയുറപ്പിക്കുക എന്ന ദൗത്യമായിരിക്കും മറ്റു മധ്യനിര താരങ്ങൾക്ക്. വെസ്റ്റ് ബ്രോംവിച്ച് താരം സമീർ നബിയും സ്പാനിഷ്താരം മാർക്കോസ് ടെബാർ, ഇബ്രാഹിമ നിയാസെ, മോഹൻ ബഗാൻതാരം കീൻ ലൂയിസ് എന്നിവർക്കൊപ്പം മലയാളിതാരം ഡെൻസൻ ദേവ്ദാസും എത്തുന്നതോടെ മധ്യനിര പൂർണം. മുന്നേറ്റത്തിൽ ബ്രസീലിയൻ താരങ്ങളുടെ കുതിപ്പുകളായിരിക്കും ശ്രദ്ധേയമാകുന്നത്. മഞ്ഞപ്പടയുടെ നാട്ടിൽനിന്നുള്ള മാഴ്സലീന്യക്കും മെമോയ്ക്കുമൊപ്പം ഘാനയിൽ നിന്നുള്ള റിച്ചാഡ് ഗഡ്സേയും സെനഗലിൽ നിന്നുള്ള ബദറ ബഡ്ജിയും മുന്നേറ്റത്തിനായി കടിഞ്ഞാൻ പിടിക്കും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളായ അർജുൻ ഡുഡു, മിലൻ സിംഗ് എന്നിവർ കൂടി എത്തുന്നതോടെ എതിരാളികൾ അൽപ്പം വിയർക്കുകതന്നെ ചെയ്യു–.

മാർക്വീ താരം– ഫ്ളോറന്റ് മലൂദ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.