പാക്കിസ്‌ഥാനെ തോൽപ്പിക്കും: പി.ആർ. ശ്രീജേഷ്
പാക്കിസ്‌ഥാനെ തോൽപ്പിക്കും: പി.ആർ. ശ്രീജേഷ്
Wednesday, September 28, 2016 12:07 PM IST
ബംഗളൂരു: അതിർത്തിയിൽ ഇന്ത്യക്കായി പോരാടുന്ന സൈനികർക്കുവേണ്ടി പാക്കിസ്‌ഥാനെ പരാജയപ്പെടുത്തുമെന്ന് ഇന്ത്യൻ ഹോക്കി നായകൻ പി.ആർ. ശ്രീജേഷ്. അടുത്ത മാസം മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്‌ഥാനെ പരാജയപ്പെടുത്തുമെന്നാണു മലയാളി താരം ഉറപ്പ് നൽകിയത്. പ്രേക്ഷകർക്ക് ഒരുപാട് ആവേശം പകരുന്നതാണു പാക്കിസ്‌ഥാനെതിരേയുള്ള ഓരോ മത്സരവും. വിജയത്തിനായി നൂറുശതമാനവും നൽകും. പാക്കിസ്‌ഥാനെതിരേ തോറ്റുകൊണ്ടു സൈനികരെ ദുഃഖിപ്പിക്കില്ല. പ്രത്യേകിച്ച് അതിർത്തിയിലുണ്ടായ വെടിവയ്പിൽ വീരമൃത്യുവരിച്ച സൈനികരെ. ഒക്ടോബർ 20 മുതൽ 30 വരെയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നടക്കുക. നിലവിലെ പാക്കിസ്‌ഥാൻ ടീമിന്റെ കളി അത്ര മികച്ചതല്ല. എന്നാൽ അവരുടെ മനോബലം വളരെ വലുതാണ്. ഏതു സമയത്തും ഏതു ടീമിനെയും അവർ തോൽപ്പിക്കും. അതാണ് അവരുടെ പ്രത്യേകത. ശ്രീജേഷ് പറഞ്ഞു. റാങ്കിംഗിൽ പാക്കിസ്‌ഥാനെക്കാൾ മുകളിലാണ് ഇന്ത്യ ഇപ്പോൾ. മികച്ച ടീമുകളുമായി കളിച്ച പരിചയവും ഈ ടീമിനുണ്ടെന്നും നായകൻ പറഞ്ഞു. ഒക്ടോബർ 23 ന് റൗണ്ട് റോബിൻ മത്സരത്തിലാണ് ഇന്ത്യ പാക്കിസ്‌ഥാനെ നേരിടുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യൻ ടീം ബംഗളൂരുവിൽ പരിശീലനത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.