പരിക്കുകൾ പൂനയ്ക്കു പുല്ലാണ് !
പരിക്കുകൾ പൂനയ്ക്കു പുല്ലാണ് !
Wednesday, September 28, 2016 12:08 PM IST
ഒക്ടോബർ മൂന്നിന് മാർക്വീ താരം ഗുഡ്ജോൺസനില്ലാതെ പൂനെ വാരിയേഴ്സിനു മുബൈക്കെതിരേ പന്ത് തട്ടണം. മൂന്നാം സീസണിൽ പൂന നേരിടുന്ന വലിയ വെല്ലുവിളി പ്രധാന താരങ്ങൾക്കേറ്റ പരിക്കാണ്. ഐസ്ലൻഡിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഗുഡ്ജോൺസൻ എന്ന മാർക്വീ താരത്തിനേറ്റ പരിക്കാണു ടീമിനെ വലയ്ക്കുന്നത്. ടീമിന്റെ ക്യാമ്പിലും ഓസോൺ എഫ്സിക്കെതിരായ പരിശീലന മത്സരത്തിലും പങ്കെടുക്കാൻ സാധിക്കാത്ത ജോൺസൻ ഈ സീസണിൽ കളിക്കില്ലെന്നുറപ്പായി. പകരമൊരു മാർക്വീ താരത്തെ കണ്ടെത്തുക എന്ന ശ്രമത്തിലാണ് ഹൃത്വിക് റോഷന്റെ ഉടമസ്‌ഥതയിലുള്ള പൂന വാരിയേഴ്സ്. പ്രതിരോധനിരയിൽ ടീമിന്റെ നങ്കൂരമാകാൻ കെൽപ്പുള്ള ആന്ദ്രെ ബെക്കെ പരിക്കുമൂലം പിൻമാറിയതും പൂനയ്ക്കേറ്റ തിരിച്ചടിയാണ്.

പന്തുരുളുന്നതിനു മുമ്പേ വെല്ലുവിളികൾ നേരിട്ടെങ്കിലും രണ്ട് പ്രധാനതാരങ്ങളുടെ അഭാവം മറികടക്കാൻ പോന്ന ശക്‌തമായൊരു ലൈനപ്പാണ് പൂന വാരിയേഴ്സ് ഒരുക്കിയിട്ടുള്ളത്. ആദ്യ രണ്ട് സീസണുകളിലും നിറം മങ്ങിയ പ്രകടനത്തിനു ശേഷം ശക്‌തമായൊരു തിരിച്ചുവരവിനായി അന്റോണിയോ ലോപ്പസ് ഹബാസ് എന്ന പരിശീലകനെ ക്യാമ്പിലെത്തിച്ചുകൊണ്ടാണു പൂനയുടെ ചുവടൊരുക്കം. 1990 ൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിച്ച ഹബാസ് കളിക്കളത്തിൽ തന്ത്രങ്ങളൊരുക്കുന്നതിൽ പ്രഗത്ഭനാണ്. സ്പോർട്ടിംഗ് ഹിഹോൺ, വലൻസിയ, ഗ്രാനഡ തുടങ്ങിയ ലോകോത്തര ക്ലബുകളുടെ പരിശീലനവും ഈ അധ്യാപകന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായിഅത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്കായി പരിശീലക വേഷം അണിഞ്ഞ ഹബാസ് ആദ്യ സീസണിൽ തന്നെ കോൽക്കത്തയെ ചാമ്പ്യന്മാരാക്കുകയും ചെയ്തു.

പരിധിയില്ലാതെ വാങ്ങിക്കൂട്ടുന്ന ഗോളുകളുടെ എണ്ണമായിരുന്നു പൂനയുടെ ശാപം. 42 ഗോളുകളാണു കഴിഞ്ഞ രണ്ടു സീസണുകളിലായി പൂനെ വാരിയേഴ്സ് വാരിക്കൂട്ടിയത്. ടീം നേരിടുന്ന ഗോൾ ശാപത്തിനു പരിഹാരമെന്നവണ്ണമാണ് ഇത്തവണ കാമറൂൺ താരമായ അപൗല എദലിനെ പൂനയുടെ വലകാക്കാൻ എത്തിച്ചത്. രണ്ടു സീസണുകളിലായി രണ്ടുതവണയും കപ്പുയർത്താൻ ഭാഗ്യം ചെയ്ത ഗോൾകീപ്പറാണ് എദൽ. ആദ്യതവണ കൊൽക്കത്തയിലും പിന്നീട് ചെന്നൈയ്ക്കൊപ്പവും കളിച്ച എദലിന്റെ സാന്നിധ്യം ഇത്തവണ തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണു ക്യാമ്പ് നേതൃത്വം. ഇന്ത്യൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയും വിശാൽ കെയ്ത്തുമാണ് എദലിനു പകരക്കാരായി ടീമിലുള്ളത്. പ്രതിരോധത്തിലേക്കെത്തുമ്പോൾ കാര്യങ്ങളെല്ലാം ഇന്ത്യൻ താരങ്ങളുടെ കൈയിലാണ്. കാമറൂൺ താരം ആന്ദ്രെ ബെക്ക പരിക്കുമുലം പുറത്തുപോയപ്പോൾ ആകെയുള്ള വിദേശ പ്രതിരോധതാരം എഡ്വാർഡോ ഫെരേര മാത്രമാണ്. കേരള ബ്ലാസ്റ്റേഴ്സിസിൽനിന്നെത്തിയ രാഹുൽ ഭേകെ, നോർത്ത് ഈസ്റ്റ് താരം യുംനാം രാജു, ഡൽഹി താരം സോഡിംഗ് ലെന റാൽട്ടെ, അഗസ്റ്റിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം പുതുമുഖം ധർമരാജ് രാവണൻ കൂടിയെത്തുമ്പോൾ പ്രതിരോധം ശക്‌തം. മധ്യനിരയിൽ പൂനയുടെ പ്രകടമായ മാറ്റങ്ങൾ കാണാം. സ്പാനിഷ്– ലാറ്റിനമേരിക്കൻ താരങ്ങളായിരിക്കും കളിയുടെ ചലനങ്ങൾ നിയന്ത്രിക്കുക. സ്പെയിനിൽ നിന്നുള്ള ബ്രൂണോ എരിയാസ്, ജീസസ് റൊഡ്രിഗ്രസ്, പിറ്റു എന്നിവർക്കൊപ്പം ബ്രസീലിയൻ താരം ജോനാഥൻ ലൂക്കായും അർജന്റീനിയൻ താരം ഗുസ്താവോ ഒബെർമാനും മധ്യനിരയിലെ വിദേശ സാന്നിധ്യമാകും. കൊൽക്കത്തയ്ക്കു വേണ്ടി കഴിഞ്ഞ സീസണിൽ അഞ്ചു ഗോൾ നേടിയ അരാറ്റ ഇസുമി, സഞ്ജു പ്രധാൻ, ഫ്രാൻസിസ് ഫെർണാണ്ടസ്, ലെന്നി റൊഡ്രിഗ്രസ്, യുജിസൺ ലിംകേ്‌താ എന്നിവർകൂടി എത്തുന്നതോടെ മധ്യനിരയുടെ നീക്കം കൂടുതൽ ചടുലമാകും. മുന്നേറ്റ നിരയിൽ മാർക്വീ താരമായ ഗുഡ്ജോൺസന്റെ അഭാവത്തെ മറികടക്കുന്നത് മുന്നറ്റനിരയുടെ വിദേശാക്രമണത്താലായിരിക്കും. സെനഗൽ താരം മോമർ എൻഡോയ, മെക്സിക്കൻ താരം അനിബാൽ സുർദോ, സ്പാനിഷ് താരം ജീസസ് ടാറ്റോ എന്നിവർ എതിരാളികളുടെ പ്രതിരോധക്കോട്ടയിൽ ശക്‌തമായ ആക്രമണമായിരിക്കും അഴിച്ചുവിടുക. കേരളത്തിൽ നിന്നുള്ള കൗമാരതാരം ആഷിഖ് കുരുണിയനാണ് മുന്നേറ്റനിരയിലുള്ള ഏക ഇന്ത്യൻ സാന്നിധ്യം.


അനു സെബാസ്റ്റ്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.