ചങ്കുറപ്പോടെ മുംബൈയുംകോൽക്കത്തയും
ചങ്കുറപ്പോടെ മുംബൈയുംകോൽക്കത്തയും
Thursday, September 29, 2016 12:01 PM IST
അത്ലറ്റിക്കോ ഡി കൊൽക്കത്ത

(മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ)

കേരളത്തോട് ഇത്രയധികം ക്രൂരത നടത്തിയ മറ്റൊരു ടീമും ഐഎസ്എലിലുണ്ടാവില്ല. ആദ്യസീസണിൽ ചുണ്ടോളമെത്തിയ സീസൺ കിരീടം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തട്ടിയെടുത്തു. അതും ഒരു ബംഗാളിയെക്കൊണ്ട്് (മുഹമ്മദ് റഫീക്ക്) ഗോളടിപ്പിച്ച്. അതുകൊണ്ടും തീരുന്നില്ല. മലയാളികളുടെ എല്ലാമെല്ലാമായിരുന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്സിൽ നിന്ന് അടർത്തിമാറ്റി മുന്നേറ്റ നിരയിൽ കളിപ്പിക്കുന്നു. കൂടാതെ ആദ്യ സീസണിൽ കേരളത്തിനു വേണ്ടി മികച്ചപ്രകടനം കാഴ്ചവച്ച സ്റ്റീഫൻ പിയേഴ്സനെയും കോൽക്കത്ത സ്വന്തമാക്കി. ഏറ്റവും മികച്ചത് മാത്രം സ്വന്തമാക്കുക എന്ന ശീലത്തോടെയാണ് കോൽക്കത്ത ഇത്തവണ മൂന്നാം സീസണിലേക്കിറങ്ങുന്നത്.

ആവർത്തിച്ചു രണ്ടുവട്ടം പറഞ്ഞാൽ നാക്കുളുക്കിപ്പോകുന്ന അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് പരിശീലകൻ മാറിയെന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ച അന്റോണിയോ ലോപ്പസ് ഹെബാസിനു പകരമായാണ് ജോസ് ഫ്രാൻസിസ്കോ മോളിനോ വന്നത്. ഗോൾകീപ്പറായി കളി തുടങ്ങുകയും സ്പെയിനിലെ വൻകിട ക്ലബ്ബുകളിൽ പരിശീലനം നൽകുകയും ചെയ്ത മോളിനോയുടെ തന്ത്രങ്ങളായിരിക്കും കൊൽക്കത്തയെ മുന്നോട്ട് നയിക്കുന്നത്. സ്പാനിഷ് താരം ഡാനി മെല്ലോയാണ് ടീമിന്റെ ഒന്നാം നമ്പർ ഗോളി. ദേബജിത്ത് മജുംദാർ, മോഹൻ ബഗാൻ താരം ഷിൾട്ടൻപോൾ എന്നിവരാണ് മറ്റ് ഗോൾകീപ്പർമാർ. ഇന്ത്യൻ അപ്രമാദിത്വമുള്ള പ്രതിരോധ നിരയിൽ രണ്ട് വിദേശതാരങ്ങൾ മാത്രമാണുള്ളത്. സ്പാനിഷ് താരങ്ങളായ ജോസ് ലൂയിസ് അരോയ്ക്കും പാബ്ലോ ഗല്ലാർഡയ്ക്കുമൊപ്പം അർണാബ മൊണ്ഡൽ, കീഗർ പെരേര, പ്രീതം കോട്ടാൽ, കിൻകുഷ് ദേവ്നാഥ്, പ്രബീർദാസ് തുടങ്ങിയ ഇന്ത്യൻനിരയും അണിനിരക്കുന്നു.

മധ്യനിരയിലെ നിയന്ത്രണം സ്റ്റീഫൻ പിയേഴ്സൻ എന്ന സ്കോട്ടിഷ് താരത്തിന്റെ ചുവടുപിടിച്ചായിരിക്കും. സ്പാനിഷ് താരം ജാവി ലാറ, ദക്ഷിണാഫ്രിക്കകാരൻ സമീംഗ്ദൗത്തി എന്നീ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളായ ബിക്രംജിത്ത് സിങ്, ലാൽറിൻഡിക്ക റാൽട്ട, ജുവൽ രാജ, അഭിനാസ് റൂയ്ഡ്സ് എന്നിവർ ടീമിലുണ്ട്. ഐഎസിലെ ഏറ്റവും മൂർച്ചയേറിയ മുന്നേറ്റ നിരയേയാണ് കൊൽക്കത്ത കളത്തിലിറക്കിയിരിക്കുന്നത്.

കനേഡിയൻ താരം ഇയാൻ ഹ്യൂം, സ്പാനിഷ് താരം യുവാൻ ബെലാൻകോസ എന്നിവർക്കൊപ്പം മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ എന്ന പോർച്ചുഗീസ് മുന്നേറ്റതാരം കൂടി വരുന്നതോടെ അത്ലറ്റിക്കോ ഡി കൊൽക്കത്ത കളിക്കളത്തിൽ ആർത്തിരമ്പും.

മുംബൈ സിറ്റി എഫ്സി

(മാർക്വീ താരം ഡിയേഗോ ഫോർലാൻ)


ഐഎസ്എലിലെ അധോലോകമാണ് മുംബൈ സിറ്റി എഫ്സി എന്നു വിശേഷിപ്പിച്ചാൽ തെറ്റില്ല. കാരണം എതിരാളികളെ കടന്നാക്രമിക്കാൻ ശീലിച്ച താരങ്ങളാണ് ടീമിന്റെ മുതൽക്കൂട്ട്. പ്രതിരോധത്തിൽ താളം കണ്ടെത്തി മധ്യനിരയിൽ നിലയുറപ്പിച്ച് മുന്നേറ്റനിരയെ തുറന്നുവിടുന്ന ടീമിനെ മറ്റെന്തു വിശേഷിപ്പിക്കാൻ. ഉറുഗ്വെൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡിയേഗോ ഫോർലോന്റെ സാന്നിധ്യമാണ് മുംബൈ സിറ്റിയെ ഐഎസ്എലിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. രൺബീർ കപൂറിന്റെ ഉടമസ്‌ഥതയിലുള്ള ടീമിന് ഇത്തവണ സാധ്യതകൾ കൽപ്പിക്കപ്പെടാൻ കാരണങ്ങൾ ഏറെയാണ്. മാർക്വീ താരമായ ഫോർലാനെ ക്യാമ്പിലെത്തിച്ചപ്പോഴേ വെറുതെ കളത്തിലിറങ്ങാൻ വന്നവരല്ല മുംബൈ എന്ന് വ്യക്‌തം. രാജ്യത്തിനായി 112 മത്സരങ്ങളിലിറങ്ങുകയും 36 ഗോളുകൾ നേടുകയും ചെയ്ത ഫോർലാൻ എന്ന മുന്നേറ്റതാരം മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർമിലാൻ തുടങ്ങിയ വൻകിട ക്ലബുകളിൽ നിരന്തര സാന്നിധ്യമായിരുന്നു. കോസ്റ്റാറിക്ക ടീമിന്റെ മുഖ്യപരിശീലകനായ അലക്സാൻഡ്രോ ഗുയ്മറസാണ് മുംബൈക്കുവേണ്ടി പരിശീലക വേഷത്തിൽ വരുക. മധ്യനിരയിൽ തന്ത്രങ്ങളൊരുക്കുന്ന ഈ പരിശീലകന്റെ നേതൃത്വത്തിൽ എതിരാളികളെ അളന്നുമുറിക്കുന്ന ചുവടുവയ്പുകളായിരിക്കും ടീം കാഴ്ചവയ്ക്കുക. മുംബൈ സിറ്റി എഫ്സിയുടെ ഇത്തവണത്തെ വലിയ നേട്ടങ്ങളിലൊന്നാണ് റോബർട്ടോ വോൾപാറ്റോ എന്ന ബ്രസീലിയൻ ഗോൾകീപ്പർ.

ഇന്ത്യൻ താരങ്ങളായ അൽബിനോ ഗോമസും അമീന്ദർ സിംഗും ഗ്ലൗസണിയുന്നതോടെ മുംബൈ ഗോൾമുഖം സുരക്ഷിതം. പ്രതിരോധക്കോട്ട തീർക്കാൻ ഒരുകൂട്ടം വിദേശതാരങ്ങളെയാണ് പരിശീലകൻ ഗുയ്മെറസ് നിയോഗിച്ചിരിക്കുന്നത്.

ഉറുഗ്വെൻ താരം വാൾട്ടർ ഇബനെസ്, റുമേനിയൻ താരം ലൂസിയൻ ഗോയൻ, അർജന്റൈൻ താരം കാർഡോസ, ബ്രസീലിയൻ താരം ഗേഴ്സൻ വിയേര എന്നിവർക്കൊപ്പം കരുത്തു പകരാൻ അൻവറലി, സെന റാൾട്ട, ഐബോർലാങ്, അശുതോഷ് മേത്ത എന്നീ ഇന്ത്യൻ താരങ്ങളും പ്രതിരോധ നിരയിൽ അണിനിരക്കും. മധ്യനിരയിൽ ഹെയ്തിയൻ താരം സോണി നോർദെ അർജന്റൈൻ താരം മത്യാസ് ഡെഫറഡിക്കോ, ഹംഗേറിയൻ താരം ക്രിസ്റ്റിയൻ വാഡോഡ്, ബ്രസീലിയൻ താരം ലിയോ കോസ്റ്റോ എന്നിവർ ടീമിന്റെ നിയന്ത്രണങ്ങൾക്കു ചരടുവലിക്കുമ്പോൾ ബോയ്താങ്ങ്, ഡേവിഡ് ലാൽറിൻ മൗന, പ്രണോയി ഹാൽദാർ, ജാക്കിചന്ദ് സിംഗ് എന്നീ ഇന്ത്യൻ താരങ്ങൾ കളിയുടെ താളങ്ങൾക്ക് ചടുലതയേകും. മുംബൈ ടീമിനെ എതിരാളികൾ ഭയക്കുന്നുണ്ടെ ങ്കിൽ കാരണം മുന്നേറ്റനിരയുടെ ആക്രമണോ ത്സുകമായ നീക്കം തന്നെ.

അനു സെബാസ്റ്റ്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.