ഒന്നാം റാങ്ക് ഉറപ്പിക്കാൻ ഇന്ത്യ
ഒന്നാം റാങ്ക് ഉറപ്പിക്കാൻ ഇന്ത്യ
Thursday, September 29, 2016 12:01 PM IST
കോൽക്കത്ത: ഈഡൻ ഗാർഡൻസ് ഒരുങ്ങിക്കഴിഞ്ഞു, ഇന്ത്യയുടെ 250–ാം ടെസ്റ്റിന്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് കോൽക്കത്തയിൽ തുടക്കം. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും വിജയിച്ച് ലോകറാങ്കിംഗിൽ ഒറ്റയ്ക്ക് ഒന്നാമതെത്താനാകും ശ്രമിക്കുക. പാക്കിസ്‌ഥാനാണ് നിലവിൽ ഇന്ത്യക്കൊപ്പം ഒന്നാം റാങ്ക് പങ്കിടുന്നത്. ഈ ടെസ്റ്റിലും വിജയിച്ചാൽ അത് കിവീസിനെതിരായ 10–ാം ടെസ്റ്റ് പരമ്പര വിജയമാകും അത്.

സൗരവ് ഗാംഗുലിയും സച്ചിൻ തെണ്ടുൽക്കറും കഴിഞ്ഞാൽ കോൽക്കത്തക്കാർ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന ഗൗതം ഗംഭീർ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ ടെസ്റ്റ് കൂടിയാണ് ഈഡനിലേത്. എന്നാൽ, ഇന്നലെ മാത്രം ടീമിനൊപ്പം ചേർന്ന ഗംഭീറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നു കണ്ടറിയണം. അങ്ങനെ വന്നാൽ, ശിഖർ ധവാനായിരിക്കും മുരളി വിജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. കാൺപുരിൽ നടന്ന ആദ്യടെസ്റ്റിൽ 197 റൺസിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.

ഗംഭീർ ടീമിലുണ്ടാകുമോ?

ആഭ്യന്തര മത്സരങ്ങളിൽ മികച്ച ഫോം തുടരുന്ന ഗൗതം ഗംഭീർ ബംഗളൂരുവിൽ നടന്ന ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചാണ് വീണ്ടും ദേശീയ ടീമിലെത്തിയത്. കോൽക്കത്തയിൽ ഇന്നലെ മാത്രമെത്തിയ ഗംഭീർ ഇന്ന് കളിക്കുമോ എന്ന കാര്യം വ്യക്‌തമല്ല. എന്നാൽ, താൻ അതിനു തയാറാണെന്ന് ഗംഭീർ അറിയിച്ചു കഴിഞ്ഞു. ഓപ്പണർ കെ.എൽ. രാഹുലിനു പരിക്കേറ്റതിനേത്തുടർന്നാണ് ഗംഭീർ ടീമിലിടം നേടിയത്. എന്നാൽ, ടീമിലുള്ള മറ്റൊരു ഓപ്പണറായ ശിഖർ ധവാനെ ഇറക്കാനുള്ള സാധ്യത കൂടുതലാണ്.

മധ്യനിരയിൽ ചേതേശ്വർ പൂജാരയ്ക്കും വിരാട് കോഹ്്ലിക്കും അജിങ്ക്യ രഹാനയ്ക്കും വൃദ്ധിമാൻ സാഹയ്ക്കും സ്‌ഥാനം ഉറപ്പാണ്. അതേസമയം, മികച്ച ഫോമിലേക്കു തിരിച്ചെത്തിയ രോഹിത് ശർമ കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാലു ബൗളർമാർക്കു പകരം അഞ്ചു സ്പെഷലിസ്റ്റ് ബൗളർമാരെ ടീമിലുൾപ്പെടുത്തണമെന്ന് പലകോണിൽനിന്നും ആവശ്യമുയരുന്നുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ അമിത് മിശ്രയെ ടീമിൽ ഉൾപ്പെടുത്തിയേക്കാം. മികച്ച ഫോമിലുള്ള അശ്വിനും ജഡേജയും ടീമിലുണ്ടാകും. ഫാസ്റ്റ് ബൗളർമാരായ ഉമേഷ് യാദവും മുഹമ്മദ് ഷാമിയും സ്‌ഥാനം നിലനിർത്തും


തിരിച്ചടിക്കാൻ കിവീസ്

ആദ്യ ടെസ്റ്റിന്റെ ആദ്യ രണ്ടുദിനവും സ്വന്തമാക്കിയ കിവീസിനു പക്ഷേ, പിന്നീട് കാലിടറുകയായിരുന്നു. രണ്ടാം ടെസ്റ്റിന് എത്തുമ്പോൾ ആദ്യടെസ്റ്റിലെ പരാജയത്തിനു പകരം ചോദിക്കുക എന്ന ഉദ്ദേശ്യം കിവികൾക്കുണ്ട്. എന്നാൽ, പരിക്കാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം. മികച്ച ബൗളിംഗ് കാഴ്ചവച്ച മാർക്ക് ക്രെയ്ഗ് പരിക്കിനേത്തുടർന്ന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവാത്തത് അവർക്കു തിരിച്ചടിയാണ്.

ബാറ്റിംഗിൽ റോസ് ടെയ്ലർ, മാർട്ടിൻ ഗപ്ടിൽ എന്നിവർ ഫോമിലാകാത്തതും കിവീസിനു ക്ഷീണമാണ്. 1965 മാർച്ചിനു ശേഷം ആദ്യമായാണ് ന്യൂസിലൻഡ് കോൽക്കത്തയിൽ ടെസ്റ്റ് കളിക്കുന്നത്.

സാധ്യതാ ടീം

ഇന്ത്യ


മുരളി വിജയ്, ശിഖർ ധവാൻ/ഗൗതം ഗംഭീർ, ചേതേശ്വർ പൂജാര, വിരാട് കോഹ്്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ/അമിത് മിശ്ര, ആർ. അശ്വിൻ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.

ന്യൂസിലൻഡ്

ടോം ലാതം, മാർട്ടിൻ ഗപ്ടിൽ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, മിച്ചൽ സാന്റ്നർ, ലൂക്ക് റോഞ്ചി, വാട്ലിംഗ്, ജീത്തൻ പട്ടേൽ, നീൽ വാഗ്്നർ, ഇഷ് സോധി, ട്രെന്റ് ബോൾട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.