ഇനി ഏകദിന പോരാട്ടം
ഇനി ഏകദിന പോരാട്ടം
Saturday, October 15, 2016 11:54 AM IST
ധർമശാല: ഹിമാലയൻ മലനിര വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്കു കടക്കുകയാണ്. മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യയും കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡും അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ന് ധർമശാലയിൽ ഏറ്റുമുട്ടും. പകലും രാത്രിയുമായാണ് മത്സരം.

ടെസ്റ്റിൽ നേടിയ സമ്പൂർണജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ടെസ്റ്റിലെ ടീമിൽനിന്നും പല മാറ്റങ്ങളുമായാണ് ഇന്ത്യയുടെ ഏകദിന ടീം ഇറങ്ങുന്നത്. പല പ്രധാന കളിക്കാരും പരിക്കിന്റെ പിടിയിലും വിശ്രമത്തിലുമാണ്. എങ്കിലും സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്താനാണ് ധോണിയും കൂട്ടരും ശ്രമിക്കുന്നത്. ഇന്ത്യയേക്കാൾ മികച്ച ടീമിനെയാണ് ഏകദിനത്തിൽ കിവീസ് അണിനിരത്തുന്നത്.

കിവീസും കരുത്തർ

വിരാട് കോഹ്ലിയുടെ ടെസ്റ്റ് ടീമിൽനിന്നേറ്റ 3–0ന്റെ സമ്പൂർണ തോൽവിയുടെ വേദന മറക്കാൻ കിവീസ് നായകൻ കെയ്ൻ വില്യംസണ് ഏകദിന പരമ്പര നേടിയേ മതിയാകൂ. കിവീസിന്റെ ഏകദിന ടീമിനു കരുത്ത് പകരാൻ ടെസ്റ്റിൽ കളിക്കാതിരുന്ന രണ്ടു പ്രധാന താരങ്ങൾ ടീമിലെത്തുന്നുണ്ട്. ടിം സൗത്തിയും കോറി ആൻഡേഴ്സണും ടീമിന് പുത്തൻ ഉണർവു നൽകാനുണ്ടാകും. മാർട്ടിൻ ഗപ്ടിൽ, കെയ്ൻ വില്യംസൺ, കോറി ആൻഡേഴ്സൺ, റോസ് ടെയ്ലർ, ബിജെ വാട്ലിംഗ്, ടോം ലാഥം, മിച്ചൽ സാന്റ്നർ എന്നിവർ മികച്ച ബാറ്റ്സ്മാന്മാരാണ്. ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ പതറിയ ഗപ്ടിലും ടെയ്ലറും ശക്‌തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൗളിംഗിനു കരുത്തു നൽകാൻ ടിം സൗത്തി ടീമിനൊപ്പം ചേർന്നു. സൗത്തിക്കൊപ്പം ട്രെൻഡ് ബൗൾട്ട്, മാറ്റ് ഹെൻ റി, ഡഗ് ബ്രെയ്സ് വൽ എന്നിവരും ചേരുമ്പോൾ കിവീസിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ശക്‌തമാകും. ഇഷ് സോധി സ്പിൻ കൈകാര്യം ചെയ്യും. ഇതിൽ സൗത്തി ടെസ്റ്റ് ടീമിൽ അംഗമായിരുന്നെങ്കിലും കാൽക്കുഴയ്ക്കേറ്റ പരിക്കിനെത്തുടർന്ന് ടെസ്റ്റ് മത്സരങ്ങൾ പൂർണമായും നഷ്‌ടമായി. 135 ഏകദിന വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള സൗത്തി നിലവിലെ കിവീസ് ടീമിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ്. 27 കാരനായ ഈ പേസർ പരിക്ക് ഭേദമായി ടീമിനൊപ്പം ചേരുന്നതോടെ ആതിഥേയരുടെ ബൗളിംഗിനു കൂടുതൽ കരുത്തു നൽകും. ഈ വർഷം സൗത്തി ഒരു ഏകദിനം പോലും കളിച്ചിരുന്നില്ല. ധർമശാലയിലെ തണുപ്പു നിറഞ്ഞ സാഹചര്യവും കിവീസിന് അനുകൂലമാണ്.

ആൻഡേഴ്സൺ കിവീസിന്റെ ഏകദിന ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള താരമാണ്. ആൻഡേഴ്സണു കാൽക്കുഴയ്ക്കു പരിക്കായിരുന്നു. ആൻഡേഴ്സൺ കൂടിയെത്തുമ്പോൾ കീവിസിന്റെ ബാറ്റിംഗ് ലൈനപ്പ് മികച്ചതാകും. കിവീസ് അടുത്തകാലത്തായി നേടിയ ഏറ്റവും മികച്ച വിജയങ്ങൾ ഒന്ന് ഈ ഗ്രൗണ്ടിലായിരുന്നു. ഇവിടെയാണ് കിവീസ് അവരുടെ ചിരവൈരികളായ ഓസ്ട്രേലിയയെ ഈ മാർച്ചിൽ ട്വന്റി 20 ലോകകപ്പിൽ എട്ട് റൺസിനു തോൽപ്പിച്ചത്. ഈ ജയം ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയിൽനിന്നേറ്റ തോൽവിക്കുള്ള പകരംവീട്ടലായിരുന്നു.

ആൻഡേഴ്സന്റെയും സൗത്തിയുടെയും തിരിച്ചുവരവ് കിവീസിന്റെ പരിചയസമ്പത്തിന്റെ കരുത്തു നൽകുന്നുണ്ട്. ഈ പരമ്പര കഠിനമാണെന്ന് പരിശീലകൻ മൈക്ക് ഹെസൺ പറഞ്ഞു. എന്നാൽ ടെസ്റ്റ് പരമ്പരയേൽപ്പിച്ച നിരാശയിൽനിന്നു വേഗം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റിലെ പരാജയമോർത്ത് കൂടുതൽ സമയം ഇരിക്കാനാവില്ലെന്നും ഏകദിന പരമ്പരയിൽ ശക്‌തമായി തിരിച്ചുവരാൻ ഓരോ കളിക്കാനും ഉറ്റുനോക്കുകയാണെന്നും ഹെസൺ പറഞ്ഞു.

കണക്കുകൾ

ടെസ്റ്റ് പരമ്പരകൾ പോലെ തന്നെ ഇന്ത്യയിൽ ന്യൂസിലൻഡിന് ഏകദിന പരമ്പരയും നേടാനായിട്ടില്ല. 1988, 1995, 1999, 2010 വർഷങ്ങളിൽ നടന്ന നാല് ഏകദിന പരമ്പരകളിലും കിവീസ് അടിയറവച്ചു. എന്നാൽ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ന്യൂസിലൻഡിനു ഭേദപ്പെട്ട റിക്കാർഡാണുള്ളത്. 18 ജയം 11 തോൽവി.


2010ൽ ഗൗതം ഗംഭീർ നയിച്ച ഇന്ത്യൻ ടീമിനു മുമ്പിൽ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കിവീസ് സമ്പൂർണ തോൽവിയേറ്റുവാങ്ങിയിരുന്നു. ഇന്ത്യയും ന്യൂസിലൻഡും ഇതുവരെ 93 ഏകദിന മത്സരങ്ങളിൽ ഏറ്റുമുട്ടി. ഇതിൽ ഇന്ത്യ 46 എണ്ണത്തിൽ ജയിച്ചപ്പോൾ ന്യൂസിലൻഡ് 41 എണ്ണത്തിൽ വിജയക്കൊടി പാറിച്ചു. അഞ്ചെണ്ണത്തിനു ഫലമില്ലായിരുന്നു. ഒരണ്ണം സമനിലയായി.

അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ നാലും കിവീസ് ജയിച്ചു. ഒരണ്ണെം സമനിലയായി. 2014ൽ ന്യൂസിലൻഡിൽ വച്ച് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 4–0ന് പരമ്പര അടിയറവുവച്ചിരുന്നു.

ഇന്ത്യൻ താരങ്ങൾക്കു വിശ്രമം

ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിനു വലിയ പങ്കുവഹിച്ച രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇല്ല. ദീർഘനാളിനുശേഷം ഏകദിന ടീമിലെത്തിയ പേസ് ബൗളർ മുഹമ്മദ് ഷാമി പരിക്കിന്റെ പിടിയിലായി. മീഡിയം പേസർ ഭുവനേശ്വർ കുമാർ പുറംവേദനയെത്തുർന്ന് പരമ്പരയിൽ തന്നെയില്ല. പരിചയസമ്പന്നനായ പേസർ ഇഷാന്ത് ശർമയ്ക്കു ചിക്കുൻഗുനിയ ബാധിച്ചതിനെത്തുടർന്ന് ന്യൂസിലൻഡിനെതിരേയുള്ള പരമ്പര പൂർണമായും നഷ്‌ടമായിരുന്നു. ഇവർക്കു പകരമായി ടീമിലെത്തിയ പുതുമുഖ ഓഫ്സ്പിന്നർ ജയന്ദ് യാദവ്, ഇടംകയ്യൻ സ്പിന്നർ അക്ഷർ പട്ടേൽ, മീഡിയം പേസർ ജസ്പ്രീത് ബുംറ, ധവാൽ കുൽക്കർണി, ഹർദിക് പാണ്ഡ്യ എന്നിവർക്കു തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് റെയ്നയ്ക്കു ബാധിച്ചിരിക്കുന്ന വൈറൽ ഫീവർ, ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാന്റെ തള്ളവിരൽ പൊട്ടിയതും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെ ദുർബലപ്പെടുത്തിയിരിക്കുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഏകദിന ടീമിൽ വന്നും പോയും നിൽക്കുന്ന ബാറ്റ്സ്മാന്മാരായ മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവർക്കു തങ്ങളുടെ സ്‌ഥിരാംഗത്വം ഉറപ്പിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ നായകൻ ധോണി തനിക്കെതിരേയുള്ള വിമർശകരുടെ വായടപ്പിക്കാൻ മികച്ചൊരു ബാറ്റിംഗ് നടത്തിയേ മതിയാകൂ. ബാറ്റിംഗിൽ പരാജയപ്പെടുന്ന ധോണിയെ മാറ്റി പകരം ടെസ്റ്റിൽ നായകസ്‌ഥാനവും ഒപ്പം മികച്ച ബാറ്റിംഗ് നടത്തുന്ന കോഹ്ലിയെ നായകനാക്കണമെന്ന ആവശ്യവുമായി ആരാധകരും പ്രമുഖരും രംഗത്തുണ്ട്. മികച്ച ബാറ്റിംഗ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പുറത്താകാതെ നേടിയ 92 റൺസായിരുന്നു നായകന്റെ അവസാനത്തെ ഏറ്റവും മികച്ച ഇന്നിംഗ്സ്. ഏകദിന പരമ്പരയിൽ കോഹ്ലിയുടെ തന്ത്രങ്ങൾക്കു താൻ ശ്രദ്ധ നൽകുമെന്ന് ധോണി പറഞ്ഞു.

റാങ്കിംഗിൽ മുന്നേറ്റം

ടെസ്റ്റിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്തെത്തിയപ്പോൾ ഏകദിനത്തിൽ നിലവിൽ നാലാം സ്‌ഥാനത്താണ്. ന്യൂസിലൻഡ് മൂന്നാം സ്‌ഥാനത്ത്. ഈ പരമ്പരയിൽ ഇന്ത്യ 4–1ന് ജയിച്ചാൽ ഇന്ത്യക്കു മൂന്നാം സ്‌ഥാനത്തെത്താം. നിലവിൽ ന്യൂസിലൻഡിനു 113 പോയിന്റും ഇന്ത്യക്കു 110 പോയിന്റുമാണുള്ളത്.

ടീം

ഇന്ത്യ– മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ, മനീഷ് പാണ്ഡെ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, കേദാർ ജാദവ്, മൻപ്രീത് സിംഗ്, അമിത് മിശ്ര, ധവാൽ കുൽക്കർണി, ഉമേഷ് യാദവ്, ഹർദിക് പാണ്ഡ്യ

ന്യൂസിലൻഡ്– കെയൻ വില്യംസൺ, കോറി ആൻഡേഴ്സൺ, ട്രെൻഡ് ബൗൾട്ട്, ഡഗ് ബ്രേസ്വെൽ, അന്റോൺ ഡെവസിച്ച്, മാർട്ടിൻ ഗപ്ടിൽ, ടോം ലാഥം, മാറ്റ് ഹെൻറി, ജയിംസ് നീഷം, ലൂക്ക് റോഞ്ചി, മിച്ചൽ സാന്റ്നർ, ഇഷ് സോധി, റോസ് ടെയ്ലർ, ബിജെ വാട്ലിംഗ്, ടിം സൗത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.