ഫ്രാങ്ക്ഫർട്ട് ബയേണിനെ തളച്ചു
Sunday, October 16, 2016 10:36 AM IST
ബർലിൻ: ബുണ്ടസ് ലിഗയിൽ ഐൻട്രാഹ്റ്റ് ഫ്രാങ്ക്ഫർട്ട് ചാമ്പ്യൻ ടീം ബയേൺ മ്യൂണിക്കിനെ പിടിച്ചുകെട്ടി. ഇരുടീമും രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യപകുതിയിൽതന്നെ ഇരുടീമും ഓരോഗോൾ നേടിയിരുന്നു. കളി തുടങ്ങി 10–ാം മിനിറ്റിൽ ആര്യൻ റോബനാണ് ബയേണിനുവേണ്ടി നിറയൊഴിച്ചത്. ഹമ്മൽസിലൂടെ വന്ന് അലാബ നൽകിയ പാസ് റോബൻ ഫ്രാങ്ക്ഫർട്ടിന്റെ വല യിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പതറാതെ നിന്ന ഫ്രാങ്ക്ഫർട്ട് പകുതി സമയം തീരാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ ബയേണിന്റെ വലകുലുക്കി. ഒസിപ്കയുടെ ഇടതുകാലൻ അടി ബയേണിന്റെ വലതുളച്ചു.


62–ാം മിനിറ്റിൽ ജോഷ്വ കിമ്മിഷ് ഏഴുമീറ്റർ അകലെ നിന്നടിച്ച മനോഹരമായ ഷോട്ട് ഫ്രാങ്ക്ഫർട്ടിന്റെ വലയിൽ പതിച്ചത് അപ്രതീക്ഷിതമായിരുന്നു. 78ാം മിനിറ്റിൽ ഫ്രാങ്ക്ഫർട്ട് താരാഷാജിലൂടെ തിരിച്ചടിച്ചാണ് 2–2 എന്ന സമനില നേടിയത്.

ഏഴുകളിയിലൂടെ 17 പോയിന്റ് നേടിയ ബയേണാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ടാമത് 15 പോയിന്റോടെ എഫ്സി കൊളോണും മൂന്നാമത് 14 പോയിന്റോടെ ഹെർത്തയുമാണ്. 11 പോയിന്റു നേടി ഫ്രാങ്ക്ഫർട്ട് ഏഴാം സ്‌ഥാനത്തും നിൽക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.