റയൽ വിജയവഴിയിൽ
റയൽ വിജയവഴിയിൽ
Sunday, October 16, 2016 10:36 AM IST
സെവിയ്യ: തുടർച്ചയായ സമനിലകൾക്കുശേഷം റയൽ മാഡ്രിഡ് വൻ വിജയത്തോടെ തിരിച്ചുവന്നു. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ ബെറ്റിസിനെ 6–1ന് തകർത്താണ് റയൽ വിജയവഴിയിലെത്തിയത്. വിവിധ ടൂർണമെന്റുകളിലായി തുടർച്ചയായ നാലു സമനിലകൾക്കുശേഷമാണ് റയൽ വിജയം നേടുന്നത്. ബെറ്റിസിനെതിരേ നേടിയ ജയത്തിനു മുമ്പ് കഴിഞ്ഞ മാസം 19നായിരുന്നു റയൽ ജയിക്കുന്നത്. പിന്നീട് നടന്ന മത്സരങ്ങളിൽ സമനില കൊണ്ട് സിനദിൻ സിദാന്റെ ടീമിന് തൃപ്തരാകേണ്ടിവന്നു. ഇസ്കോയുടെ ഇരട്ട ഗോളിനു (45, 62) പുറമെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും (78) വലകുലുക്കി. ഇവർക്കു പുറമെ റാഫേൽ വെറേന (4), കരീം ബെൻസമ (31), മാഴ്സലോ (39) എന്നിവരും ഗോൾ നേടി. പരിക്കിനെത്തുടർന്നു റയലിന്റെ സ്‌ഥിരാംഗങ്ങളായ ലൂക്ക മൊഡ്രിച്ച്, കാസെമിറോ, സെർജിയോ റാമോസ് എന്നിവരില്ലാതെയാണ് സിദാൻ ടീമിനെ ഇറക്കിയത്. ജയത്തോടെ റയൽ പോയിന്റ് നിലയിൽ രണ്ടാം സ്‌ഥാനത്തെത്തി.

മധ്യനിരയിൽ കളി മെനഞ്ഞത് ജർമനിയുടെ ടോണി ക്രൂസായിരുന്നു. ആദ്യ രണ്ടു ഗോളിനു വഴിയൊരുക്കിയതും ക്രൂസായിരുന്നു.

ജർമൻ താരം ബെറ്റിസിന്റെ പെനാൽറ്റി ബോക്സിനു മധ്യഭാഗത്തേക്കു നൽകിയ ക്രോസ് വെറേനയെ തേടിയെത്തി. അനായാസമായി ഫ്രഞ്ച് താരം പന്ത് വലയിലാക്കി. ഒരിക്കൽക്കൂടി ക്രൂസ് ഗോളിനു വഴിയൊരുക്കി. ഇത്തവണ ബെറ്റിസിന്റെ ഗോൾമുഖത്തേക്ക് ഓടിയെത്തിയ ക്രൂസ് പന്ത് ബെൻസമയ്ക്കു നൽകി. ഫ്രഞ്ച് താരം പന്ത് വലയുടെ ഇടതു മൂലയിലെത്തിച്ചു. 39ാം– മിനിറ്റിൽ ബെൻസേമ തൊടുത്ത ഷോട്ട് ബെറ്റിസ് പ്രതിരോധതാരത്തിൽ തട്ടിത്തെറിച്ച് മാഴ്സലോയുടെ മുന്നിൽ. ബ്രസീൽ താരം ബെറ്റിസ് ഗോൾകീപ്പർ അഡനെ കബളിപ്പിച്ച് വല ചലിപ്പിച്ചു. ഇടവേളയ്ക്കു പിരിയും മുമ്പേ ഇസ്കോ വലകുലുക്കി. ഇടവേളയ്ക്കുശേഷം ബെറ്റിസ് മെച്ചപ്പെട്ട പ്രകടനം നടത്തി. 55–ാം മിനിറ്റിൽ സെജുഡോ ബെറ്റിസിനായി ഒരു ഗോൾ മടക്കി. 62–ാം മിനിറ്റിൽ ഇസ്കോ രണ്ടാം ഗോളും തികച്ചുകൊണ്ട് റയലിന്റെ ജയം ഉറപ്പിച്ചു. സിദാൻ പരിശീലകനായശേഷം റയൽ നേടിയ 100–ാമതു ഗോളായിരുന്നു അത്. ഗോളിനായി വീണ്ടും ശ്രമം തുടർന്ന റയൽ റൊണാൾഡോയിലൂടെ ഒരെണ്ണം കൂടി നേടി.


ഒരു ഗോളിനു പിന്നിട്ടു നിന്നശേഷം ഏഴു ഗോളടിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രനേഡയെ തകർത്തു. യാനിക് ഫേരേര കരാസ്കോയുടെ ഹാട്രിക് (34, 45, 61), നിക്കോളസ് ഗെയ്റ്റന്റെ ഇരട്ട ഗോൾ (63, 81), ഏയ്ഞ്ചൽ കൊറേയ (85), തിയാഗോ (87) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി വലകുലുക്കിയത്. 18–ാം മിനിറ്റിൽ ഗ്രനേഡ ക്യൂൻസയുടെ ഗോളിൽ മുന്നിലെത്തിയിരുന്നു.

ജയത്തോടെ അത്ലറ്റിക്കോ ഒന്നാം സ്‌ഥാനത്തെത്തി. 18 പോയിന്റ് വീതമാണ് റയലിനും അത്ലറ്റിക്കോയ്ക്കും. ഗോൾ ശരാശരിയിലാണ് അത്ലറ്റിക്കോ ഒന്നാമതെത്തിയത്. അവസാന പത്ത് മിനിറ്റിനുള്ളിൽ മൂന്നു തവണയാണ് ഗ്രനേഡയുടെ വല കുലുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.